സാനെയെ പോക്കറ്റിലാക്കി താരമായി അർണോൾഡ്

- Advertisement -

മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ക്വാർട്ടർ ഫൈനലിൽ ലിവർപൂളിന് വേണ്ടി താരമായത് സലാഹായിരുന്നെങ്കിലും സിറ്റിയുടെ ആക്രമണത്തിന്റെ മുന ഒടിക്കുന്നതിൽ ക്ളോപ്പിന് സഹായകരമായ ഒരു കൗമാരക്കാരനുണ്ട്. റൈറ്റ് ബാക്ക് പൊസിഷനിൽ പഴുതില്ലാത്ത പ്രതിരോധം തീർക്കുകയും അവസരം കിട്ടിയപ്പോൾ ഒക്കെ ആക്രമണ നിരക്ക് സഹായം ചെയ്യുകയും ചെയ്ത ട്രെൻഡ് അലക്‌സാണ്ടർ അർണോൾഡ്.

സിറ്റി നിരയിലെ വേഗക്കാരൻ സാനെയെ പൂട്ടുക എന്നതായിരുന്നു അർണോൾഡിന് ക്ളോപ്പ് നൽകിയ ചുമതല എന്ന് ആദ്യ പാദത്തിൽ ആദ്യ മിനുട്ടുകളിൽ തന്നെ വ്യക്തമായിരുന്നു. സാനെക്ക് അർണോൾഡ് മനോഹരമായി പൂട്ടിട്ടതോടെ സിറ്റിക്ക് ആക്രമണ നിരയിൽ താളം നഷ്ടമായി. രണ്ടാം പാദത്തിലും താരം മികവ് പുലർത്തിയത്തോടെ ലിവർപ്പൂൾ ജയിച്ചു കയറിയത് 5-1 എന്ന സ്കോറിന്.

ക്വാർട്ടർ ഫൈനൽ ആദ്യ ഇലവൻ പ്രഖ്യാപിച്ചപ്പോൾ എല്ലാവരും പ്രതീക്ഷിച്ചത് ലിവർപൂൾ ഫുൾ ബാക്കുകൾ ക്ളോപ്പിന് തലവേദന സമ്മാനിക്കും എന്നാണ്. എന്നാൽ ആൻഡി റോബെർട്സണും അലക്‌സാണ്ടർ അര്ണോൽഡും മടങ്ങിയത് കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനവുമായിട്ടാണ്. തന്നെ ടീമിന്റെ ദുർബലതയായി സിറ്റി ലക്ഷ്യം വെക്കും എന്ന തിരിച്ചറിവ് മികച്ച പ്രകടനം നടത്താൻ തനിക്ക് പ്രചോദനമായി എന്നാണ് താരം മത്സര ശേഷം മാധ്യമങ്ങളോട് പറഞ്ഞത്.

സിറ്റിയെ തോൽപിച്ച ശേഷം ഇംഗ്ലണ്ടിലെ പ്രമുഖ താരങ്ങളെല്ലാം ട്രെൻഡ് അലക്‌സാണ്ടർ അർണോൾഡ് ന് പ്രശംസയുമായി എത്തി. ഗാരി ലിനേക്കർ, സ്റ്റീവൻ ജെറാർഡ്, റിയോ ഫെർഡിനൻഡ് എന്നിവരെല്ലാം പ്രശംസിച്ചത് താരത്തിന്റെ പ്രായത്തിൽ കവിഞ്ഞ പക്വതയെയും ധൈര്യത്തെയുമാണ്. സാനെയെ പോക്കറ്റിലാക്കി പ്രശസ്തനായ താരത്തിന് പക്ഷെ ലിവർപൂൾ ആദ്യ ഇലവനിൽ സ്ഥാനം നിലനിർത്തുക എളുപ്പമാവില്ല. ക്ളോപ്പിന്റെ ഒന്നാം നമ്പർ റൈറ്റ് ബാക്ക് നതാനിയൽ‌ ക്ലയിൻ പരിക്ക് മാറി തിരിച്ചെത്തിയിട്ടുണ്ട്. കൂടാതെ ജോ ഗോമസും റൈറ്റ് ബാക്കിൽ മികച്ച പ്രകടനം നടത്താൻ പ്രാപ്തനാണ്. ഇരുവരെയും മറികടന്ന് സ്ഥാനം നില നിർത്താൻ താരത്തിന് സിറ്റിയ്ക്കെതിരായ പ്രകടനം പോലെ സ്ഥിരതയോടെ തന്നെ കളിക്കേണ്ടി വരും. ഗരേത് സൗത്ത് ഗേറ്റിന്റെ ലോകകപ്പ് ടീമിൽ ഇടം ഉറപ്പിക്കുക എന്നതാവും 19 കാരൻ ആദ്യം ലക്ഷ്യം വെക്കുക എന്ന് ഉറപ്പാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement