ആൻഫീൽഡ് ലിവർപൂളിന്റേത് തന്നെ!! ത്രില്ലറിന് ഒടുവിൽ മിലാനെ തോൽപ്പിച്ച് ക്ലോപ്പിന്റെ റെഡ്സ്!!

ആൻഫീൽഡ് ഇപ്പോഴും ലിവർപൂളിന്റെ കോട്ട തന്നെയാണ് എന്ന് തെളിയിക്കുന്ന പ്രകടനമാണ് ഇന്ന് ചാമ്പ്യൻസ് ലീഗിൽ കണ്ടത്. മിലാനെതിരെ ഇന്ന് 1-2ന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ച് 3-2ന് വിജയിക്കാൻ ലിവർപൂളിനായി.

ഇന്ന് ആവേശകരമായ മത്സരമാണ് ആൻഫീൽഡിൽ കണ്ടത്. തുടക്കത്തിൽ ക്ലോപ്പിന്റെ ലിവർപൂൾ തന്നെയാണ് കലി നിയന്ത്രിച്ചത്. 9ആം മിനുട്ടിൽ അർനോൾഡിന്റെ ഒരു ഷോട്ട് വലിയ ഡിഫ്ലക്ഷനോടെ മിലാൻ വലയിൽ വീണതോടെ ലിവർപൂൾ 1-0ന് മുന്നിൽ എത്തി. പിന്നാലെ ഒരു പെനാൾട്ടിയിലൂടെ ലീഡ് ഇരട്ടിയാക്കാൻ ലിവർപൂളിന് അവസരം കിട്ടി. എന്നാൽ സലാ എടുത്ത പെനാൾട്ടി ലോകോത്തര സേവിലൂടെ മൈഗ്നാൻ ഗോളിൽ നിന്ന് തടഞ്ഞു.

ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ ആയിരുന്നു മിലാന്റെ തിരിച്ചടി. 42ആം മിനുട്ടിൽ മിന്നുന്ന ഫോമിൽ ഉള്ള റെബിൽ മിലാന് സമനില നൽകി. പിന്നാലെ രണ്ടു മിനുട്ടിന് അപ്പുറം ബ്രാഹിം ഡയസ് ആൻഫീൽഡിനെ നിശബ്ദരാക്കി കൊണ്ട് 2-1ന് മിലാനെ മുന്നിൽ എത്തിച്ചു.

ആദ്യ പകുതിയിലെ ലീഡ് പക്ഷെ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മിലാന് നഷ്ടമായി. 47ആം മിനുട്ടിൽ സലാ ലിവർപൂളിനെ തിരികെ സമനിലയിൽ എത്തിച്ചു. ആക്രമണം തുടർന്ന ലിവർപൂൾ 69ആം മിനുട്ടിൽ അവസാനം ലീഡിൽ എത്തി. ഒരു കോർണറിൽ നിന്ന് വന്ന ക്ലിയറൻസ് പെനാൾട്ടി ബോക്സിന്റെ എഡ്ജിൽ വെച്ച് മികച്ച സ്ട്രൈക്കിലൂടെ ക്യാപ്റ്റൻ ഹെൻഡേഴ്സൺ വലയിൽ എത്തിക്കുക ആയിരുന്നു. ഈ ഗോൾ വിജയ ഗോളായി മാറി.