ആദ്യ വിജയത്തിനായി ആന്ദേർലെക്ട്, ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നേടാൻ ബയേൺ

ചാമ്പ്യൻസ് ലീഗിൽ ഇന്ന് ജർമ്മൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കും ബെൽജിയൻ ചാമ്പ്യന്മാരായ ആന്ദേർലെക്ടും തമ്മിൽ ഏറ്റുമുട്ടും. നോക്ക്ഔട്ട് സ്റ്റേജിൽ കടന്ന ബയേൺ മ്യൂണിക്ക് ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനം ലക്ഷ്യമിട്ടാണ് ഇന്നിറങ്ങുന്നത്. അതെ സമയം ആന്ദേർലെക്ട് ഈ സീസണിൽ ചാമ്പ്യൻസ് ലീഗിൽ ഒരു വിജയവും ഒരു ഗോളും പോലും നേടിയിട്ടില്ല. ആദ്യ മത്സരത്തിൽ പിഎസ്ജിയോടേറ്റ പരാജയം മറികടന്നു ഗ്രൂപ്പിൽ ഒന്നാം സ്ഥാനം പിടിക്കണമെങ്കിൽ വമ്പൻ വിജയം ബയേണിന് അനിവാര്യമാണ്. യപ്പ് ഹൈങ്കിസ് കോച്ചായി തിരിച്ചെത്തിയതിൽ പിന്നെ പരാജയമറിയാതെ കുതിക്കുകയാണ് ബയേൺ. ഇന്ന് പുലർച്ചെ 1.15 നാണ് മത്സരം അരങ്ങേറുക.ബ്രസൽസിലെ ഹെസെൽ സ്റ്റേഡിയത്തിൽ വെച്ചാണ് അത്ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തി ബവേറിയന്മാർ തങ്ങളുടെ ആദ്യത്തെ യൂറോ കപ്പ് ഉയർത്തിയത്. ബ്രസൽസിൽ അവസാനമായി ഇരു ടീമുകളും ഏറ്റു മുട്ടിയപ്പോൾ ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്കാണ് ബയേൺ ജയിച്ചത്. ബെൽജിയത്തിൽ 15 മത്സരങ്ങൾക്ക് ശേഷം മൂന്നാം സ്ഥാനത്താണ് ആന്ദേർലെക്ട്. റിവേഴ്‌സ് ഫിക്സ്ചറിൽ ബയേണിനോടേറ്റ മൂന്നു ഗോൾ തോൽവിക്ക് ശേഷം ആന്ദേർലെക്ട് കോച്ച് റെനേ വീലേറെ പുറത്താക്കിയിരുന്നു. ഹെയിൻ വൻഹെസ്ബറോക്കിന്റെ കീഴിൽ ഒറ്റ മത്സരം മാത്രമേ ആന്ദേർലെക്ട് ജയിച്ചിട്ടുള്ളു. ഓഗ്സ്ബർഗിനെ മൂന്നു ഗോളുകൾക്ക് തകർത്തതിന് ശേഷമാണ് ബയേൺ ചാമ്പ്യൻസ് ലീഗിൽ ഇറങ്ങുന്നത്. നുയേറും റിബെറിയും കോമനും തിയാഗോയും പരിക്ക് കാരണം പുറത്തിരിക്കുകയാണ്. ജോഷ്വ കിമ്മിഷിനു വിശ്രമം അനുവദിക്കാൻ സാധ്യതയുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleതിരൂരിന്റെ സ്വന്തം സലാഹ് ഇനി ഗോകുലം എഫ് സി ജേഴ്സിയിൽ
Next articleറൊണാള്‍ഡോയ്ക്ക് ഇതെന്തു പറ്റി!?