Picsart 24 10 23 00 18 23 078

ചാമ്പ്യൻസ് ലീഗിലെ ആദ്യ ജയം കുറിച്ച് മിലാൻ, വമ്പൻ ജയം കണ്ടു മൊണാക്കോ

യുഫേഫ ചാമ്പ്യൻസ് ലീഗിൽ മൂന്നാം മത്സരത്തിൽ സീസണിലെ ആദ്യ ജയം കുറിച്ച് എ.സി മിലാൻ. ക്ലബ് ബ്രൂഷെയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് മിലാൻ തോൽപ്പിച്ചത്. ആദ്യ പകുതിയിൽ 34 മത്തെ മിനിറ്റിൽ കോർണറിൽ നിന്നു നേരിട്ടു ക്രിസ്റ്റിയൻ പുലിസിച് ആണ് മിലാന്റെ ആദ്യ ഗോൾ നേടിയത്. ആദ്യ പകുതിയിൽ എതിരാളികൾ 10 പേരായി ചുരുങ്ങിയതോടെ തുടർന്ന് മിലാൻ ആധിപത്യം ആണ് കണ്ടത്. എന്നാൽ രണ്ടാം പകുതിയിൽ ബെൽജിയം ക്ലബ് സാബയിലൂടെ സാൻ സിറോയിൽ സമനില ഗോൾ കണ്ടെത്തി.

എന്നാൽ പകരക്കാർ പിന്നീട് മിലാന്റെ രക്ഷക്ക് എത്തുന്നത് ആണ് കാണാൻ ആയത്. 61 മത്തെ മിനിറ്റിൽ ഇറങ്ങിയ ഉടൻ നോഹ ഒകഫോർ നൽകിയ പാസിൽ നിന്നു ഗോൾ കണ്ടെത്തിയ റെയിഹെന്റേഴ്സ് മിലാന് വീണ്ടും മുൻതൂക്കം സമ്മാനിച്ചു. തുടർന്ന് 71 മത്തെ മിനിറ്റിൽ മറ്റൊരു പകരക്കാരൻ ചുകുവെസെയുടെ പാസിൽ നിന്നു ഗോൾ നേടിയ റെയിഹെന്റേഴ്സ് മിലാൻ ജയം പൂർത്തിയാക്കി. 88 മത്തെ മിനിറ്റിൽ 16 കാരനായ ഫ്രാസെസ്കോ കമാർദ ഗോൾ നേടിയെങ്കിലും അത് ഓഫ് സൈഡ് ആയി വാർ വിധിച്ചു. അതേസമയം എ.എസ് മൊണാക്കോ റെഡ് സ്റ്റാർ ബെൽഗ്രെഡിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ചു. മിനാമിനോ ഫ്രഞ്ച് ടീമിന് ആയി ഇരട്ട ഗോളുകൾ നേടിയ മത്സരത്തിൽ ബ്രീൽ എമ്പോളോ, വിൽഫ്രയിഡ് സിങോ യുവ സൂപ്പർ താരം മാഗ്നസ് അകിലോചെ എന്നിവർ ആണ് ഗോളടി പൂർത്തിയാക്കിയത്.

Exit mobile version