അരങ്ങേറ്റത്തിൽ ഗോളുമായി സകരിയ, അവസാന ഗ്രൂപ്പ് മത്സരവും ജയിച്ച് ചെൽസി

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ജയം സ്വന്തമാക്കി ചെൽസി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ചെൽസി ഡൈനാമോ സഗരിബിനെ തോൽപിച്ചത്.
ഒരു ഗോളിന് പിറകിൽ നിന്നതിന് ശേഷമാണ് ചെൽസി രണ്ട് ഗോൾ തിരിച്ചടിച്ച് ജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ തുടക്കത്തിൽ പെറ്റ്‌കോവിച്ചിന്റെ ഗോളാണ് ഡൈനാമോ സഗരിബിന് ലീഡ് നേടി കൊടുത്തത്. എന്നാൽ അധികം വൈകാതെ ചെൽസി സമനില ഗോൾ നേടി. റഹീം സ്റ്റെർലിങ് ആണ് ചെൽസിക്ക് വേണ്ടി ഗോൾ നേടിയത്

തുടർന്നാണ് ഈ സീസണിൽ ചെൽസിയിൽ എത്തിയതിന് ശേഷം ആദ്യ മത്സരത്തിന് ഇറങ്ങിയ സകരിയയുടെ ഗോൾ പിറന്നത്. ഈ സീസണിൽ ലോൺ അടിസ്ഥാത്തിൽ ചെൽസിയിൽ എത്തിയ സകരിയക്ക് ഇതുവരെ ടീമിൽ അവസരം ലഭിച്ചിരുന്നില്ല. തുടർന്ന് രണ്ടാം പകുതിയിലും ചെൽസിക്ക് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും ഗോളാക്കാൻ അവർക്കായില്ല. ഒബാമയങ്ങിന്റെ മികച്ചൊരു ശ്രമം ബാറിൽ തട്ടി തെറിച്ചതും ചെൽസിക്ക് തിരിച്ചടിയായി.

ഈ മത്സരം തുടങ്ങുന്നതിന് മുൻപ് തന്നെ ചെൽസി ഗ്രൂപ്പിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചിരുന്നു. അതെ സമയം ഡൈനാമോ സഗരിബ്‌ യൂറോപ്പ ലീഗ് പോലും കാണാതെ നാലാം സ്ഥാനത്ത് എത്തി