ചാലിശ്ശേരിയിൽ ഉഷാ എഫ് സി vs ശാസ്താ മെഡിക്കൽസ് ഫൈനൽ

ചാലിശ്ശേരിയുടെ ചാമ്പ്യന്മാരെ നാളെ അറിയാം. വീണ്ടുമൊരിക്കൽ കൂടി തൃശ്ശൂരിലെ ശക്തികളായ ശാസ്താ മെഡിക്കൽസ് തൃശ്ശൂരും ഉഷാ എഫ് സി തൃശ്ശൂരും പോരിനിറങ്ങുന്ന നാളെ ചാലിശ്ശേരിയിൽ ആവേശം അലതല്ലും. ശാസ്താ മെഡിക്കൽസ് സീസണിലെ രണ്ടാം കിരീടത്തിനും ഉഷാ എഫ് സി സീസണിലെ മൂന്നാം കിരീടത്തിനുമാണ് നാളെ ലക്ഷ്യമിടുന്നത്.

സെമിയിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയെ കീഴടക്കിയാണ് ശാസ്താ മെഡിക്കൽസ് തൃശ്ശൂർ ഫൈനലിൽ എത്തിയത്. ഉഷാ എഫ് സിയുടെ ഫൈനൽ യാത്ര ഇരു പാദങ്ങളിലായി ജവഹർ മാവൂരിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു.

ഉഷയും ശാസ്തയും സീസണിൽ ഇതുവരെ അഞ്ചു തവണ നേർക്കുനേർ വന്നിട്ടുണ്ട്. അഞ്ചിൽ മൂന്നു കളികളും ജയിച്ച ശാസ്തയ്ക്കാണ് പോരാട്ടങ്ങളിൽ മുൻതൂക്കം. ഉഷയ്ക്ക് ഒരു കളിയേ ശാസ്തയ്ക്കെതിരെ ജയിക്കാനായിട്ടുള്ളൂ. ഒരു കളി സമനിലയിലും പിരിഞ്ഞു. പക്ഷെ സീസൺ അവസാനത്തിൽ മികച്ച ഫോമിലേക്ക് വീണ്ടു ഉയർന്ന ഉഷ എഫ് സിയെ പരാജയപ്പെടുത്തുക എളുപ്പമാകില്ല ശാസ്തയ്ക്ക്.