ഇംഗ്ലണ്ടിൽ ‘വാർ’ വിവാദം

കാരബാവോ കപ്പിൽ വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം ഉപയോഗിച്ചതിനെ ചെല്ലി വിവാദം. ‘വാർ’ വഴി ലഭിച്ച പെനാൽറ്റിയിൽ ചെൽസിക്കെതിരെ ടോട്ടൻഹാം വിജയിച്ചിരുന്നു. ഇതിനെ തുടർന്ന് വാറിനെതിരെ വിമർശനവുമായി ചെൽസി പരിശീലകൻ രംഗത്തെത്തി. മത്സരത്തിൽ ലൈൻ റഫറി ആദ്യം ഓഫ്‌സൈഡ് വിളിക്കുകയും തുടർന്ന് ചെൽസി ഗോൾ കീപ്പർ കെപ അരിസബലാഗ  ഹാരി കെയ്‌നിനെ പെനാൽറ്റി ബോക്സിൽ ഫൗൾ ചെയ്യുകയുമായിരുന്നു. തുടർന്ന് വീഡിയോ അസിസ്റ്റന്റ് റഫറി വീഡിയോ പരിശോധിക്കുകയും അത് ഓഫ്‌സൈഡ് അല്ല എന്ന് തീരുമാനിക്കുകയും ടോട്ടൻഹാമിന്‌ അനുകൂലമായി പെനാൽറ്റി അനുവദിക്കുകയും ചെയ്യുകയായിരുന്നു.

Photo: SkySports

തുടർന്നാണ് ചെൽസി പരിശീലകൻ വാറിനെതിരെ രംഗത്തെത്തിയത്. ഹാരി കെയ്ൻ ഓഫ് സൈഡ് ആയിരുന്നെന്നും അത് സ്ഥാപിക്കുന്ന ചിത്രവുമായാണ് ചെൽസി പരിശീലകൻ പത്രക്കാരെ കാണാൻ എത്തിയത്. ചെൽസി ക്ലബ്ബിന്റെ വീഡിയോ ക്യാമെറയിൽ പതിഞ്ഞ ദൃശ്യങ്ങൾ ആണ് സാരി മാധ്യമങ്ങൾക്ക് മുൻപിൽ കാണിച്ചത്. ഇംഗ്ലീഷ് റഫറിമാർ ഇപ്പോഴും ‘വാർ’ ഉപയോഗിക്കാൻ പര്യാപ്തരല്ലെന്നും സാരി പറഞ്ഞു.  ലൈൻ റഫറി ഓഫ്‌സൈഡ് വിളിച്ചതിന് ശേഷം കളി തുടർന്നതിനെയും സാരി വിമർശിച്ചു. ലൈൻ റഫറി ഓഫ്‌സൈഡ് വിളിക്കുന്ന പക്ഷം പ്രധിരോധത്തിലെ കളിക്കാർ മത്സരം നിർത്തുമെന്നും അത് നല്ലതല്ലെന്നും സാരി പറഞ്ഞു.

ടോട്ടൻഹാം പരിശീലകനായ പോച്ചെറ്റീനോയും വാറിനെതിരെ രംഗത്തെത്തിയുണ്ട്. എങ്ങനെയാണു വാർ നിയമങ്ങൾ ഉപയോഗിക്കുന്നതെന്ന് വ്യക്തമല്ലെന്നും ടോട്ടൻഹാം പരിശീലകൻ പറഞ്ഞു. അടുത്ത ആറ് മാസത്തിനുള്ളിൽ ‘വാർ’ കൂടുതൽ പുരോഗതി കൈവരിക്കുമെന്നാണ് താൻ കരുതുന്നതെന്നും പോച്ചെറ്റീനോ പറഞ്ഞു.