കഷ്ടപ്പെട്ട് രക്ഷപ്പെട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് ഒരു വൻ നാണക്കേടിൽ നിന്ന് കഷ്ടപ്പെട്ട് രക്ഷപ്പെട്ടു എന്ന് തന്നെ പറയാം. ഇന്ന് ലീഗ് കപ്പിൽ നടന്ന മത്സരത്തിൽ ലീഗ് വൺ ടീമായ റോച്ഡൈലിനെ തോൽപ്പിക്കാൻ പെനാൾട്ടി ഷൂട്ടൗട്ട് വേണ്ടി വന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്. അതും സ്വന്തം സ്റ്റേഡിയത്തിൽ. യുവതാരങ്ങൾക്ക് ഒപ്പം പോഗ്ബയെയും ലിംഗാർഡിനെയും അണിനിരത്തി ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു ഗോൾ കണ്ടെത്താൻ ഇന്ന് ഒരുപാട് കഷ്ടപ്പെട്ടു.

മത്സരത്തിന്റെ രണ്ടാം പകുതിയിൽ 17കാരൻ ഗ്രീൻവുഡ് ആയിരുന്നു യുണൈറ്റഡിന് ലീഡ് നൽകിയത്. യൂറോപ്പ ലീഗിലും യുണൈറ്റഡിനായി സ്കോർ ചെയ്തിരുന്ന ഗ്രീൻവുഡ് ഇന്നും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പക്ഷെ ആ ഗോൾ മതിയായിരുന്നില്ല ഇന്ന് യുണൈറ്റഡിന് ജയിക്കാൻ. ഗ്രീൻവുഡിന്റെ ഗോളിന് പിന്നാലെ റോച്ഡൈലിന്റെ 16കാരൻ റൈറ്റ് ബാക്ക് മതേസൺ യുണൈറ്റഡിനെതിരെ സ്കോർ ചെയ്തു. ഓൾഡ്ട്രാഫോർഡ് ആകെ ആ ഗോളിൽ ഞെട്ടുകയും ചെയ്തു.

നിശ്ചിത സമയത്ത് 1-1 എന്ന നിലയിൽ അവസാനിച്ച മത്സരം പെനാൾട്ടി ഷൂട്ടൗട്ടിൽ ഗോൾകീപ്പർ റൊമേരോയുടെ മികവിൽ 5-3ന് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിക്കുകയായിരുന്നു. ലീഗ് കപ്പിന്റെ അടുത്ത റൗണ്ടിൽ ചെൽസിയെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടേണ്ടത്.

Previous articleലീഗ് കപ്പിൽ ഗോളടിച്ച് കൂട്ടി ചെൽസി യുവനിരക്ക് ഗംഭീര ജയം
Next articleനെയ്മറിന് രക്ഷിക്കാനായില്ല, പി എസ് ജിക്ക് സ്വന്തം ഗ്രൗണ്ടിൽ തോൽവി