ഓൾഡ്ട്രാഫോർഡിൽ വീണ്ടും ദുരന്തം, കാർബാവോ കപ്പിൽ യുണൈറ്റഡ് പുറത്ത്!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഓൾഡ്ട്രാഫോർഡ് സ്വപ്നങ്ങളുടെ തീയേറ്ററല്ല ദുരന്തങ്ങളുടെ തീയേറ്ററായി മാറുകയാണ്. തുടർച്ചയായ മൂന്നാം മത്സരത്തിലും ഓൾഡ്ട്രാഫോർഡിൽ നിന്ന് തലകുനിച്ചു കൊണ്ട് ഗ്രൗണ്ട് വിടേണ്ട ഗതി വന്നിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്. ഇന്ന് കാർബാവോ കപ്പിന്റെ മൂന്നാം റൗണ്ടിൽ ചാമ്പ്യൻഷിപ്പ് ടീമായ ഡെർബി കൗണ്ടി ആയിരുന്നു യുണൈറ്റഡിന്റെ എതിരാളികൾ. എളുപ്പം തന്നെ യുണൈറ്റഡ് മറികടക്കുമെന്ന് കരുതിയ ലാമ്പാർഡിന്റെ ഡെർബി പക്ഷെ യുണൈറ്റഡിനെ തോൽപ്പിച്ചാണ് ഓൾഡ്ട്രാഫോർഡിൽ നിന്ന് മടങ്ങിയത്.

പെനാൾട്ടി ഷൂട്ടൗട്ടിലായിരുന്നു ഡെർബിയുടെ വിജയം. ആദ്യ പകുതിയിൽ ഒരു ഗോളിന്റെ ലീഡ് ഉണ്ടായിരുന്ന യുണൈറ്റഡ് രണ്ടാം പകുതിയിൽ തകർന്നടിയുകയും പിന്നീട് ഇഞ്ച്വറി ടൈമിൽ ജീവശ്വാസം നേടുകയുമായിരുന്നു. ആദ്യ പകുതിയിൽ ഒരു സുന്ദര നീക്കത്തിന് ഒടുവിൽ മാറ്റയായിരുന്നു യുണൈറ്റഡിന് ലീഡ് നേടിക്കൊടുത്തത്. മൂന്നാം മിനുട്ടിലായിരുന്നു ഗോൾ. പിന്നീട് ആദ്യ പകുതിയിൽ നിരവധി അവസരങ്ങൾ യുണൈറ്റഡിന് ലഭിച്ചു എങ്കിലും ലുകാകുവിന്റെ മോശം ഫോം സ്കോർ 1-0 എന്നതിൽ തന്നെ നിർത്തി.

രണ്ടാം പകുതിയിൽ ടാക്ടികൽ മാറ്റങ്ങളുമായി ലാമ്പാർഡിന്റെ ഡെർബി ഇറങ്ങിയപ്പോൾ കളി മാറി. 59ആം മിനുട്ടിൽ വിൽസൺ ഒരു ലോക നിലവാരമുള്ള ഫ്രീകിക്കിലൂടെ ഡെർബിക്ക് സമനില നേടിക്കൊടുത്തു. യുണൈറ്റഡ് നില പരുങ്ങലിലായി കൊണ്ടിരിക്കെ ഗോൾകീപ്പർ റൊമേരോ ചുവപ്പ് കൂടി കണ്ടു. 67ആം മിനുറ്റിൽ ബോക്സിന് പുറത്ത് നിന്ന് പന്ത് കൈകൊണ്ട് തൊട്ടതിനായിരുന്നു റൊമേരോയുടെ ചുവപ്പ്.

10 പേരായി ചുരുങ്ങിയ യുണൈറ്റഡിനെ 85ആം മിനുട്ടിൽ ഡെർബി പിറകിലാക്കി. മാരിയോട്ടായിരുന്നു ഡെർബിയുടെ രണ്ടാം ഗോൾ നേടിയത്. മത്സരം കൈവിട്ടെന്ന് യുണൈറ്റഡ് കരുതിയ കളിയിൽ 95ആം മിനുട്ടിൽ രക്ഷകനായത് ബെൽജിയൻ മിഡ്ഫീൽഡർ ഫെല്ലൈനി ആയിരുന്നു. 95ആം മിനുട്ടിൽ ഡാലോട്ടിന്റെ ക്രോസിൽ നിന്നായിരുന്നു ഫെല്ലൈനിയുടെ സമനില ഗോൾ.

എക്സ്ട്രാ ടൈം ഇല്ലാത്ത കളി നേരെ പെനാൾട്ടിയിൽ എത്തി. പെനാൾട്ടിയിൽ 8-7 എന്ന സ്കോറിനാണ് ഡെർബി ജയിച്ചത്. ആകെ പെനാൾട്ടി മിസ്സാക്കിയത് ഫിൽ ജോൺസ് മാത്രമായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തുടർച്ചയായ അഞ്ചാം പെനാൾട്ടി ഷൂട്ടൗട്ട് പരാജയം കൂടിയാണിത്.