ഷൂട്ട്ഔട്ടിൽ ചെൽസി വീണു, കാരബാവോ കപ്പ് സിറ്റിക്ക്

കാരബാവോ കപ്പ് മാഞ്ചസ്റ്റർ സിറ്റിക്ക്. ചെൽസിയെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ 4-3 ന് മറികടന്നാണ് സിറ്റി കിരീടം നില നിർത്തിയത്. നിശ്ചിത സമയത്തും, എക്സ്ട്രാ ടൈമിലും കളി ഗോൾ രഹിത സമനില ആയതോടെയാണ് കളി പെനാൽറ്റിയിലേക്ക് നീണ്ടത്. സിറ്റിക്ക് അനായാസ ജയം പ്രതീക്ഷിച്ച മത്സരത്തിൽ ചെൽസി പൊരുതി നോക്കിയെങ്കിലും ഭാഗ്യം അവരെ തുണച്ചില്ല.

ആദ്യ ഇലവനിൽ ഏതാനും മാറ്റങ്ങളുമായാണ് സാരി ചെൽസിയെ ഇറക്കിയത്. അലോൻസോക്ക് പകരം എമേഴ്സൻ ഇറങ്ങിയപ്പോൾ പെഡ്രോ, വില്ലിയൻ എന്നിവർക്കൊപ്പം ഹസാർഡാണ് ഫാൾസ് 9 റോളിൽ കളിച്ചത്. ഹിഗ്വയ്ൻ ബെഞ്ചിലായി. ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാൻ ആയില്ല. ചെൽസി മികച്ച പ്രതിരോധം തീർത്തപ്പോൾ ആദ്യ പകുതിയിൽ ഒരു ഷോട്ട് നേടാൻ മാത്രമാണ് അവർക്കായത്.

രണ്ടാം പകുതിയിൽ ചെൽസി കൂടുതൽ ആക്രമണത്തിന് മുതിർന്നതോടെ മത്സരം ആവേശകരമായി. അഗ്യൂറോ പന്ത് ഒരു തവണ ചെൽസി വലയിൽ എത്തിച്ചെങ്കിലും VAR ഗോൾ ഓഫ്‌ സൈഡ് വിളിച്ചു. പിന്നീട് ഹസാർഡ് ഒരുക്കിയ 2 മികച്ച അവസരങ്ങൾ കാന്റെയും പെഡ്രോയും തുലച്ചത് ചെൽസിക്ക് നിരാശയായി. കളി തീരാൻ ഏതാനും മിനുട്ടുകൾ ശേഷിക്കെ വില്ലിയന്റെ ഫ്രീകിക്ക് എഡേഴ്സൻ തടുത്തതും നോർമൽ സമയത്തിൽ നിർണായകമായി.

മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയതോടെ പരിക്കേറ്റ ഫെർണാണ്ടിഞ്ഞൊക് പകരക്കാരനായി ഡാനിലോയെ സിറ്റി കളത്തിൽ ഇറക്കി. ചെൽസി ഏതാനും മിനുട്ടുകൾ വില്ലിയനെ കളിപ്പിച്ചെങ്കിലും പിന്നീട് ഹിഗ്വെയ്നെ ഇറക്കി. നേരത്തെ ഓഡോയി, ലോഫ്‌റ്റസ് ചീക്ക് എന്നിവരെയും കളത്തിൽ ചെൽസി ഇറക്കിയിരുന്നു. പക്ഷെ എക്സ്ട്രാ ടൈമിൽ ആദ്യ പകുതിയിലും ഇരുവർക്കും ഗോൾ നേടാനായില്ല. അവസാന 15 മിനുറ്റിലും കളി പെനാൽറ്റിയിലേക്ക് നീങ്ങും എന്നുറപ്പായതോടെ സാരി പരിക്കുള്ള കെപ്പയെ മാറ്റി കാബലേറോയെ ഇറക്കാൻ ശ്രമിച്ചെങ്കിലും കെപ്പ പിൻവാങ്ങാൻ തയ്യാറാവാതിരുന്നത് സാരിയെ അലോസരപ്പെടുത്തിയിരുന്നു. പെനാൽറ്റി ഷൂട്ട് ഔട്ടിൽ ചെൽസിയുടെ ജോർജിഞൊ, ഡേവിഡ് ലൂയിസ് എന്നിവർ പെനാൽറ്റി നഷ്ടപ്പെടുത്തിയതോടെ സിറ്റിക്ക് ജയം സ്വന്തമായി. സിറ്റിയുടെ സാനെയുടെ ഷോട്ട് കെപ്പ തടുത്തെങ്കിലും ഫലമുണ്ടായില്ല.

Previous articleകിരീടപ്പോരാട്ടം കനക്കും, സാഞ്ചോയുടെ ചിറകിൽ തിരിച്ചുവരവുമായി ബൊറൂസിയ ഡോർട്ട്മുണ്ട്
Next articleആരാണ് ചെൽസിയുടെ മാനേജർ, സബ്ബ് വിളിച്ചിട്ടും ഇറങ്ങാൻ കൂട്ടാക്കാതെ കെപ!!