കപ്പിനായുള്ള സ്പർസ് കാത്തിരിപ്പ് തുടരും, നാലാം തവണയും ലീഗ് കപ്പ് മാഞ്ചസ്റ്റർ സിറ്റിക്ക്

20210425 225003

തുടർച്ചയായ നാലാം സീസണിലും മാഞ്ചസ്റ്റർ സിറ്റി ലീഗ് കപ്പ് സ്വന്തമാക്കി. ഇന്ന് വെംബ്ലിയിൽ നടന്ന ഫൈനലിൽ സ്പർസിനെ പരാജയപ്പെടുത്തിയാണ് സിറ്റി കിരീടത്തിൽ മുത്തമിട്ടത്. മത്സരം ഏക ഗോളിനാണ് സിറ്റി വിജയിച്ചത്. മത്സരം അവസാനിക്കാൻ പത്തു മിനുട്ട് മാത്രം ശേഷിക്കെ അവരുടെ സെന്റർ ബാക്കായ ലപോർടെയാണ് സിറ്റിക്കായി വിജയ ഗോൾ നേടിയത്.

കെവിൻ ഡി ബ്രുയിൻ എടുത്ത ഫ്രീകിക്കിൽ നിന്ന് ഒരു കരുത്തുറ്റ ഹെഡറിലൂടെ ആയിരുന്നു ലപോർടെയുടെ ഗോൾ. താരത്തിന്റെ ഈ സീസണിലെ രണ്ടാം ഗോൾ മാത്രമായിരുന്നു ഇത്. സിറ്റിയുടെ ആധിപത്യം തന്നെയാണ് ഇന്ന് വെംബ്ലിയിൽ കണ്ടത്. ഗോൾ കീപ്പർ ലോറിസിന്റെ പ്രകടനമാണ് സിറ്റിയെ ഒരു ഗോളിൽ നിർത്താൻ സ്പർസിനെ സഹായിച്ചത്. 2008ന് ശേഷം ആദ്യ കിരീടമെന്ന സ്പർസിന്റെ മോഹത്തിനാണ് ഈ പരാജയം തിരിച്ചടി ആയത്.

മാഞ്ചസ്റ്റർ സിറ്റിക്ക് ഇത് എട്ടാം ലീഗ് കപ്പാണ്. ലിവർപൂളിന്റെ എട്ട് കിരീടങ്ങൾ എന്ന റെക്കോർഡിനൊപ്പം എത്താനും സിറ്റിക്ക് ഈ വിജയത്തോടെ ആയി.