ലീഗ് കപ്പ് ഫൈനലിൽ ചെൽസി – ലിവർപൂൾ പോരാട്ടം

Staff Reporter

Chelsea Liverpool Mason Mount Mane

കാരബാവോ കപ്പ് ഫൈനലിൽ ചെൽസി ഇന്ന് ലിവർപൂളിനെ നേരിടും. വെംബ്ലിയിൽ വെച്ചാണ് ഇന്നത്തെ ഫൈനൽ മത്സരം നടക്കുക. സീസൺ അവസാനിക്കാൻ മാസങ്ങൾ അവശേഷിക്കെ അതെ ആഭ്യന്തര കിരീടം സ്വന്തമാക്കാനാവും ഇരു ടീമുകളുടെയും ശ്രമം. അതെ സമയം ചെൽസി ഈ സീസണിൽ സൂപ്പർ കപ്പ്, ക്ലബ് വേൾഡ് കപ്പ് കിരീടങ്ങൾ നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു.

രണ്ട് പാദങ്ങളിലുമായി ടോട്ടൻഹാമിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് ചെൽസി ലീഗ് കപ്പ് ഫൈനൽ ഉറപ്പിച്ചത്. കൂടാതെ തുടർച്ചയായ 6 മത്സരങ്ങൾ ജയിച്ചതിന്റെ ആത്മവിശ്വാസവും ലിവർപൂളിനെ നേരിടുമ്പോൾ ചെൽസിക്ക് തുണയാകും. ചെൽസി നിരയിൽ പരിക്ക് മാറി മേസൺ മൗണ്ടും റീസ് ജെയിംസും ടീമിൽ തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്. അതെ സമയം ലീഗ് കപ്പ് ഫൈനലിൽ ആഴ്‌സണലിനെ മറികടന്നാണ് ലിവർപൂൾ ലീഗ് ഫൈനലിന് യോഗ്യത ഉറപ്പിച്ചത്.

കഴിഞ്ഞ ദിവസം നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ലീഡ്സ് യൂണൈറ്റഡിനെതിരെ 6 ഗോളുകൾ നേടിയ ലിവർപൂൾ മികച്ച ഫോമിലാണെന്ന് തെളിയിക്കുകയും ചെയ്തിരുന്നു. റെക്കോർഡ് ലീഗ് കപ്പ് കിരീടം നേടാനുറച്ച് തന്നെയാവും ലിവർപൂൾ ചെൽസിയെ നേരിടാൻ ഇറങ്ങുക. 2012ലാണ് ലിവർപൂൾ അവസാനമായി ലീഗ് കപ്പ് കിരീടം സ്വന്തമാക്കിയത്. ലിവർപൂൾ നിരയിൽ പരിക്കേറ്റ ജോട്ട കളിക്കുമോ എന്ന കാര്യം സംശയത്തിലാണ്.