ബ്രെന്റ്ഫോർഡിന്റെ ചെറുത്തുനിൽപ്പും മറികടന്ന് ചെൽസി ലീഗ് കപ്പ് സെമിയിൽ

ലീഗ് കപ്പിൽ ബ്രെന്റ്ഫോർഡിന്റെ ചെറുത്തുനിൽപ്പ് മറികടന്ന് ലീഗ് കപ്പ് സെമി ഫൈനൽ ഉറപ്പിച്ച് ചെൽസി. ഇന്ന് നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഏകപക്ഷീയമായ 2 ഗോളുകൾക്ക് ബ്രെന്റ്ഫോർഡിനെ തോൽപ്പിച്ചാണ് ചെൽസി സെമി ഫൈനൽ ഉറപ്പിച്ചത്. അക്കാദമി താരങ്ങളായ സിമോൺസ്‌, വെയ്ൽ, സൂൺസപ് ബെൽ എന്നിവർ ഇന്നത്തെ മത്സരത്തിൽ ചെൽസിക്ക് വേണ്ടി അരങ്ങേറ്റം നടത്തുകയും ചെയ്തു. ആദ്യ പകുതിയിൽ ചെൽസിക്കൊപ്പം ബ്രെന്റഫോർഡ് പൊരുതിനോക്കിയെങ്കിലും ഗോൾ മാത്രം പിറന്നില്ല. ആദ്യ പകുതിയിൽ ലഭിച്ച അവസരങ്ങൾ മുതലാക്കാനാവാതെ പോയതാണ് ബ്രെന്റഫോർഡിന് തിരിച്ചടിയായത്.

മത്സരത്തിന്റെ 80ആം മിനുറ്റ് വരെ ചെൽസി ആക്രമണം തടയാൻ ബ്രെന്റഫോർഡിന് കഴിഞ്ഞെങ്കിലും ജാൻസന്റെ സെൽഫ് ഗോളിൽ ബ്രെന്റഫോർഡ് മത്സരത്തിൽ പിറകിലായി. പകരക്കാരനായി ഇറങ്ങിയ റീസ് ജയിംസിന്റെ ക്രോസിന് കാല് വെച്ച ജാൻസൺ സ്വന്തം ഗോൾ വല കുലുക്കുകയായിരുന്നു. തുടർന്ന് അധികം താമസിയാതെ ചെൽസി താരം പുലിസിക്കിനെ ഫൗൾ ചെയ്തതിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ഗോളാക്കി ജോർഗീനോ ചെൽസിയുടെ രണ്ടാമത്തെ ഗോളും വിജയവും ഉറപ്പിക്കുകയായിരുന്നു.