ലിവർപൂളിന്റെ അപരാജിത കുതിപ്പ് അവസാനിപ്പിച്ച് ഈഡൻ ഹസാർഡും ചെൽസിയും

ലിവർപൂളിന്റെ അപരാജിത കുതിപ്പിന് ചെൽസി അന്ത്യം കുറിച്ചു. കാരബാവോ കപ്പിൽ 1-2 ന് ചെൽസി ജയത്തോടെ നാലാം റൌണ്ട് ഉറപ്പാക്കി. ഒരു ഗോളിന് പിറകിൽ പോയ ശേഷമാണ് ചെൽസി ജയം സ്വന്തമാക്കിയത്. ഈഡൻ ഹസാർഡ് നേടിയ മനോഹര ഗോളാണ് ചെൽസിയുടെ ജയം ഉറപ്പിച്ചത്.

ആദ്യ ഇലവനിൽ കാര്യമായ മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇറങ്ങിയത്. ആദ്യ പകുതിയിൽ ഇരു ടീമുകളും നന്നായി കളിച്ചെങ്കിലും ഗോൾ ഒന്നും പിറന്നില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഡാനിയേൽ സ്റ്ററിഡ്ജിന് കിട്ടിയ സുവർണാവസരം താരം നഷ്ടമാക്കിയത് ചെൽസിക്ക് ഭാഗ്യമായി. പക്ഷെ 59 ആം മിനുട്ടിൽ സ്റ്ററിഡ്ജ് പ്രായശ്ചിത്തം ചെയ്തു. മികച്ച ഫിനിഷിലൂടെ താരം ലിവർപൂളിനെ മുന്നിലെത്തിച്ചു.

ഗോൾ വഴങ്ങിയതോടെ സാറി കാന്റെ, ലൂയിസ് എന്നിവരെ കളത്തിൽ ഇറക്കി. ഹസാർഡ് 56 ആം മിനുട്ടിൽ തന്നെ വില്ലിയന്റെ പകരക്കാരനായി കളത്തിൽ ഉണ്ടായിരുന്നു. 79 ആം മിനുട്ടിലാണ് ചെൽസിയുടെ സമനില ഗോൾ പിറന്നത്. ചെൽസി ഫ്രീകിക്കിൽ നിന്ന് ബാർക്ലിയുടെ ഹെഡർ മിനോലെ തടുത്തെങ്കിലും റീ ബൗണ്ടിൽ എമേഴ്സൻ പന്ത് വലയിലാക്കി. എമേഴ്സന്റെ ആദ്യ ചെൽസി ഗോൾ. പിന്നീട് 85 ആം മിനുട്ടിലാണ് ഹസാർഡ് ചെൽസിയുടെ വിജയമുറപ്പിച്ച ഗോൾ നേടിയത്. ലിവർപൂൾ പ്രതിരോധത്തെ നിഷ്പ്രഭമാക്കി നേടിയ ഗോളിന് പിന്നീടുള്ള സമയംകൊണ്ട് മറുപടി നൽകാൻ ചുവപ്പ് പടക്കായില്ല.

ഈ സീസണിൽ ആദ്യമായാണ് ലിവർപൂൾ തോൽകുന്നത്. 2012 ന് ശേഷം ആൻഫീൽഡിൽ ഒരൊറ്റ തോൽവി പോലും വഴങ്ങിയിട്ടില്ല എന്ന റെക്കോർഡും ചെൽസി നിലനിർത്തി.