ആഴ്സണൽ ദയനീയ അവസ്ഥയിൽ തുടരുന്നു, സിറ്റിക്ക് മുന്നിലും വീണു

20201223 092655
credit: Twitter

അർട്ടേറ്റയ്ക്കും ആഴ്സണലിൽ ഒരു മാറ്റവും ഇല്ല. ഒരു മത്സരത്തിൽ കൂടെ ആഴ്സണൽ പരാജയപ്പെട്ടിരിക്കുകയാണ്. ഇന്നലെ ലീഗ് കപ്പ് ക്വാർട്ടറിൽ ആയിരുന്നു ആഴ്സണൽ ഇറങ്ങിയത്. ചെറിയ ടീമുകളോട് വരെ പരാജയപ്പെടുന്ന ആഴ്സണലിന് മാഞ്ചസ്റ്റർ സിറ്റി എന്നത് വലിയ എതിരാളികൾ ആയിരുന്നു. തുടക്കത്തിൽ സിറ്റിയോട് മുട്ടി നിന്നു എങ്കിലും പിന്നീട് ആഴ്സണൽ തകർന്നടിഞ്ഞു. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം.

ആഴ്സണലിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ മൂന്നാം മിനുട്ടിൽ തന്നെ സിറ്റി ലീഡ് എടുത്തു. സിഞ്ചെങ്കോയുടെ ക്രോസിൽ നിന്ന് ജീസുസ് ആയിരുന്നു ഗോൾ നേടിയത്. ഈ ഗോളിന് 31ആം മിനുട്ടിൽ മറുപടി നിൽകാൻ ആഴ്സണലിനായി. ലകാസെറ്റ് ആയിരുന്നു സമനില ഗോൾ നൽകിയത്. രണ്ടാം പകുതിയിൽ സിറ്റി കൂടുതൽ ആക്രമണത്തിലേക്ക് ഇറങ്ങിയതോടെ ആഴ്സണൽ ഡിഫൻസ് തകരാൻ തുടങ്ങി.

54ആം മിനുട്ടിൽ മഹ്റെസ് സിറ്റിക്ക് ലീഡ് നൽകി. പിന്നാലെ അഞ്ചു മിനുട്ടിൽ ഫോഡനും ഗോൾ നേടി. 73ആം മിനുട്ടിൽ ലപോർടെ കൂടെ ഗോൾ നേടിയതോടെ ആഴ്സണലിന്റെ പതനം പൂർത്തിയായി.

Previous articleഅത്ലറ്റിക്കോ മാഡ്രിഡ് വിജയം തുടരുന്നു
Next articleസെമി ഫൈനൽ തേടി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് എവർട്ടണെതിരെ