120ആം വാർഷികം ഗോൾ മഴയിൽ ആഘോഷിച്ച് വെർഡർ ബ്രെമൻ

ബുണ്ടസ് ലീഗയിൽ വെർഡർ ബ്രെമനു വമ്പൻ ജയം. ക്ലബ്ബിന്റെ 120 ആം വാർഷികം ഗോൾ മഴ പെയ്യിച്ച് ആഘോഷിച്ചാണ് വെർഡർ ബ്രെമൻ കളം വിട്ടത്. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് വെർഡർ ബ്രേമന്റെ ജയം. വാര്ഷികാഘോഷത്തിനു പുത്തൻ കിറ്റുമായി ഇറങ്ങിയ വെർഡർ ബ്രെമാണ് ആദ്യപകുതിയിൽ തന്നെ മത്സരം സ്വന്തമാക്കിയിരുന്നു. ആദ്യ പകുതിയിൽ തന്നെ ഇരട്ട ഗോളുകളുമായി സെർബിയൻ മിലോട്ട് ഹാഷിക വെർഡറിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചു.

എഗ്ഗ്‌സ്റ്റെയിനും കെവിൻ മൊഹ്‌വാൾഡും വെർഡറിന്റെ മറ്റു ഗോളുകൾ നേടി. ജർമ്മൻ കപ്പിൽ പെനാൽറ്റിയിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെ പരാജയപ്പെടുത്തിയ ആത്മവിശ്വാസവുമായി ഇറങ്ങിയ വെർഡർ ബ്രെമൻ തകർപ്പൻ പ്രകടനമാണ് ഇന്ന് പുറത്തെടുത്തത്. ഇന്നത്തെ ജയത്തോടു കൂടി മുപ്പത് പോയിന്റുമായി പത്താം സ്ഥാനത്താണ് വെർഡർ ബ്രെമൻ.