വേർഡർ ബ്രെമനും ഡോർട്ട്മുണ്ടിനും വിജയം, ഈഗിൾസിനെ തകർത്ത് കൊളോൻ

ഇന്നലെ ബുണ്ടസ് ലീഗയിൽ നടന്ന മൽസരങ്ങളിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ഡോർട്ട്മുണ്ട് ഹാംബെർഗിനെ പരാജയപ്പെടുത്തിയപ്പോൾ ഷാൽകയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വേർഡർ ബ്രെമൻ പരാജയപ്പെടുത്തി. മറ്റൊരു മൽസരത്തിൽ 1-0 തിന് കൊളോൻ ഫ്രാങ്ക്ഫർട്ടിനെ തോൽപ്പിച്ചു.

ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകളെ വീണ്ടുമുണർത്തിക്കൊണ്ട് ബൊറൂസിയ ഡോർട്ട്മുണ്ട് ജൈത്രയാത്ര തുടരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ്‌ ഹാംബെർഗർ എഫ്സിയെ പരാജയപ്പെടുത്തിയത്. 13ആം മിനുട്ടിൽ ഗോൻസാലോ കാസ്ട്രോയുടെ തകർപ്പൻ ഫ്രീ കിക്കിലൂടെ ഡോർട്ട്മുണ്ട് അക്കൗണ്ട് തുറന്നു. സമനിലപിടിക്കാൻ ഹാംബെർഗ് കിണഞ്ഞു ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. 81ആം മിനുട്ടിൽ സൂപ്പർ താരം ഓബ്മയാങ്ങിന്റെ അസിസ്റ്റിൽ ഷിൻജി കവാഗ ഡോർട്ട്മുണ്ടിന്റെ ലീഡുയർത്തി. ഇഞ്ചുറി ടൈമിൽ ഓബ്മെയാങ് കൂടെ സ്കോർ ചെയ്തപ്പോൾ ഹാംബെർഗിന്റെ പരാജയം പൂർണമായി. ഈ വിജയത്തോടു കൂടി അഞ്ചാം സ്ഥാനത്തുള്ള ഹെർത്തയുമായി 10 പോയന്റ് വ്യത്യാസത്തിൽ നാലാം സ്ഥാനമുറപ്പിച്ചു. ഇനി അലിയൻസ് അറീനയിൽ ബയേൺ മ്യൂണിക്കിനെതിരെ ദെർ ക്ലാസിക്കോയിൽ ആണ് ഡോർട്ട്മുണ്ടിറങ്ങുക.

ബുണ്ടസ് ലീഗ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ തകർപ്പൻ ഫോമിലാണ് വേർഡർ ബ്രെമൻ. ഷാൽകേയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്രെമൻ പരാജയപ്പെടുത്തിയത്. ഗെബ്രെ സെലാസിയുടെ തകർപ്പൻ ഹെഡ്ഡറിലൂടെ ആദ്യപകുതിയിൽ തന്നെ വേർഡർ ബ്രെമൻ ലീഡുപിടിച്ചു. 76ആം മിനുട്ടിൽ പെനാൽട്ടിയിലൂടെ ബ്രെമൻ ലീഡുയർത്തി. റോയൽ ബ്ലൂസിന്റെ സ്കിപ്പെർ ബെനെഡിക്ട് ഹോടെസിന്റെ ബോക്സിൽ ഫൗളിൽ അനുവദിച്ചതായിരുന്നു പെനാൽറ്റി. പെനാൽറ്റി എടുത്ത മാക്സ് ക്രൂസിന് ലക്ഷ്യം തെറ്റിയില്ല. എഗ്ഗെസ്റ്റെയിനിന്റെ ഹെഡ്ഡർ (80′) കൂടി ആയപ്പോൾ ഷാൽകേയുടെ പരാജയം പൂർണമായി. വിജയത്തോടു കൂടി എട്ടാം സ്ഥാനത്തായി ബ്രെമൻ. ഏഴാം സ്ഥാനത്തുള്ള ഈഗിൾസുമായി 2 പോയന്റിന്റെ വ്യത്യാസം മാത്രമാണുള്ളത്.

മിലോസ് ജിജോകിന്റെ രണ്ടാം പകുതിയിലെ ഗോളിൽ കൊളോൻ ഫ്രാങ്ക്ഫർട്ടിനെ പരാജയപ്പെടുത്തി. ഈ പരാജയത്തോടുകൂടി വിജയമില്ലാത്ത ഈഗിൾസിന്റെ ഏഴാം മൽസരമായിരുന്നു. ഗോൾ രഹിതമായ 720 മിനുട്ടുകൾ, തുടർന്നു കൊണ്ടേ ഇരിക്കുന്നു. വിജയത്തോടുകൂടി കൊളോൻ അഞ്ചാം സ്ഥാനത്തെത്തി.

Previous articleഷൂട്ടേഴ്സ് പടന്നയെ വീഴ്ത്തി തളിപ്പറമ്പിൽ മെഡിഗാഡ് അരീക്കോട് ഫൈനലിൽ
Next articleതുടക്കം ഗംഭീരമാക്കി സൺ റൈസേഴ്സ്