ഹാംബർഗിനെ തകർത്ത് വെർഡർ ബ്രെമൻ

ബുണ്ടസ് ലീഗയിൽ ഇന്ന് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വെർഡർ ബ്രെമൻ ഹാംബർഗർ എസ്.വിയെ പരാജയപ്പെടുത്തി. റെലെഗേഷൻ ഭീഷണി നേരിടുന്ന വെർഡർ ബ്രെമൻ വിജയക്കുതിപ്പ് തുടർന്നു. ഒൻപത് കളികളിൽ നിന്നും 23  പോയന്റുകളുമായി അലക്‌സാണ്ടർ നൗറിയുടെ വെർഡർ ബ്രെമൻ ശക്തമായി മുന്നോട്ടു നീങ്ങുകയാണ്. കഴിഞ്ഞ ആര് മത്സരങ്ങളിൽ നിന്നും 13  പോയന്റുകൾ മാത്രം നേടി കിതയ്ക്കുകയാണ് മർക്കസ് ഗിസ്‌ദോലിന്റെ ഹാംബർഗ്. പ്രതിരോധനിരയിലെ കരുത്തൻ പാപദോപൗലോസ് ഇല്ലാതെയാണ് ഹാംബർഗ് ഇറങ്ങിയത്. പാപദോപൗലോസിന്റെ  അഭാവം പ്രതിരോധനിരയിൽ പ്രകടമായിരുന്നു. സ്‌ട്രൈക്കർ ബോബി വുഡും കളത്തിലിറങ്ങിയില്ല.

പാപദോപൗലോസ് ഇല്ലാത്ത പ്രതിരോധനിരയെ കളിതുടങ്ങി നിമിഷങ്ങൾക്കകം മാക്സ് ക്രൂസ് ഞെട്ടിച്ചു. ഗോൾകീപ്പർ ക്രിസ്ത്യൻ മതേനിയായുടെ തകർപ്പൻ സേവ് ആണ് ഹാംബർഗിന് തുണയായത്. എന്നാലും തങ്ങളും ഒട്ടും മോശക്കാരല്ലെന്നു ഹാംബർഗ് തെളിയിച്ചു. വെസ്റ്റ് സ്റ്റെഡിയോണിലെ ബ്രെമൻ ആരാധകരെ ഞെട്ടിച്ചു കൊണ്ട് ആറാം മിനുട്ടിൽ ആരോൺ ഹുണ്ടിന്റെ പാസിൽ ഗ്രിഗോറിഷ് ബ്രെമന്റെ വലകുലുക്കി. നാല്പത്തിയൊന്നാം മിനുട്ടിൽ മാക്സ് ക്രൂസിലൂടെ വെർഡർ ബ്രെമൻ സമനില പിടിച്ചു. ഫ്ലോറിയാൻ കെയിൻസിന്റെ(75 ‘) തകർപ്പൻ ഇടംകാൽ പ്രയോഗത്തിലൂടെ  വെർഡർ ബ്രെമൻ വിജയമുറപ്പിച്ചു. ഗോളടിക്കുകയും കെയിൻസിനെക്കൊണ്ട് ഗോളടിക്കുകയും ചെയ്ത മാക്സ് ക്രൂസ് ആണ് വെർഡർ ബ്രെമന്റെ വിജയ ശില്പി.