സൂപ്പർ കപ്പ് വരുന്നു, ജർമ്മൻ ക്ലാസിക്കോയ്ക്ക് വഴി ഒരുങ്ങി

ജർമ്മനിയിൽ വീണ്ടും ഒരു ക്ലാസിക്കോ. ജർമ്മൻ സൂപ്പർ കപ്പിൽ ബയേൺ മ്യൂണിക്ക് ബൊറുസിയ ഡോർട്ട്മുണ്ടിനെ നേരിടും. ഈ സീസണിൽ ഡൊമസ്റ്റിക്ക് ഡബിൾ ബയേൺ മ്യൂണിക്ക് സ്വന്തമാക്കിയിരുന്നു. ജർമ്മൻ കപ്പും ബുണ്ടസ് ലീഗും ബയേൺ മ്യൂണിക്ക് നേടിയിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളിന് ആർബി ലെപ്സിഗിനെ പരാജയപ്പെടുത്തിയാണ് ബയേൺ ജർമ്മൻ കപ്പ് ഉയർത്തിയത്.

തുടർച്ചയായ ഏഴാം ബുണ്ടസ് ലീഗ കിരീടം അവസാന മാച്ച് ഡേയിൽ ഫ്രാങ്ക്ഫർട്ടിനെ 1-5 നു പരാജയപ്പെടുത്തിയാണ് ബയേൺ ഉയർത്തിയത്. പെപ്പ് ഗ്വാർഡിയോള എറയ്ക്ക് ശേഷമാദ്യമായാണ് ബയേൺ ഡൊമസ്റ്റിക്ക് ഡബിൾ സ്വന്തമാക്കിയത്. ബുണ്ടസ് ലീഗ ചാമ്പ്യന്മാരും ജർമ്മൻ കപ്പ് ചാമ്പ്യന്മാരും തമ്മിലാണ് സൂപ്പർ കപ്പ് നടക്കുക. ബയേൺ രണ്ട് കിരീടങ്ങളും നേടിയതിനാലാണ് ഈ സീസണിൽ ബുണ്ടസ് ലീഗയിൽ രണ്ടാം സ്ഥാനം നേടിയ ബൊറുസിയ ഡോർട്ട്മുണ്ടുമായി മത്സരം നടക്കുന്നത്.