ഷാൽകെക്ക് തന്ത്രങ്ങളോതാൻ തോമസ് റീസ്

ബുണ്ടസ് ലീഗയിൽ അവസാന സ്ഥാനത്ത് തുടരുന്ന ഷാൽകെ പുതിയ മാനേജരെ നിയമിച്ചു. മുൻ ബോച്ചും പരിശീലകൻ തോമസ് റീസ് ആണ് ഇനി സീസണിൽ ജർമൻ ടീമിന് വേണ്ടി തന്ത്രങ്ങൾ ഓതുക. നേരത്തെ സീസണിൽ മോശം തുടക്കം ലഭിച്ച ബോച്ചും കഴിഞ്ഞ മാസമാണ് റീസിന്റെ രണ്ടു വർഷത്തെ സേവനം അവസാനിപ്പിച്ച് പുറത്താക്കിയത്. റീസിന് രണ്ടു വർഷത്തെ കാലവധിയാണ് ഷാൽകെയിൽ ഉണ്ടായിരിക്കുക.

തുടർച്ചയായ തോൽവികൾ നേരിട്ട് പരിശീലകൻ ഫ്രാങ്ക് ക്രാമെറിനെ പുറത്താക്കിയതോടെയാണ് ഷാൽകെക്ക് പുതിയ പരിശീലകനെ തേടേണ്ടി വന്നത്. ലീഗിലെ തുടർ തോൽവികൾക്ക് പുറമെ ജർമൻ കപ്പിലും ഹോഫൻഹേയിമിനോട് 5 – 1 ന്റെ കനത്ത തോൽവി ഏറ്റു വാങ്ങി പുറത്താകേണ്ടി വന്നിരുന്നു. സീസണിൽ ബുണ്ടസ്ലീഗയിലേക്ക് സ്ഥാനക്കയറ്റം നേടി എത്തിയ ശേഷം ലീഗിൽ നിലനിൽക്കാൻ പാടുപെടുന്ന ഷാൽകെ ഏതു വിധേനയും തരംതാഴ്ത്തൽ മേഖലയിൽ നിന്നും കരകയറാനുള്ള ശ്രമത്തിൽ ആണ്. നേരത്തെ ബോച്ചും പരിശീലകൻ ആയിരിക്കെ ഷാൽകെയോട് ഏറ്റ തോൽവിയാണ് റീസിന്റെ പുറത്താക്കാൽ വേഗത്തിൽ ആക്കിയത്. ശേഷം അവസാന ലീഗ് മത്സരത്തിൽ ഒന്നാം സ്ഥാനത്തുള്ള യൂണിയൻ ബെർലിനെ വരെ മലർത്തിയടിക്കാൻ അവർക്കായി.