ഷാൽകേയ്ക്കും ഹാംബർഗിനും വിജയം

- Advertisement -

ഇന്നലെ ബുണ്ടസ് ലീഗയിൽ നടന്ന മൽസരങ്ങളിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ഷാൽകെ ഓഗ്സ്ബർഗിനേയും ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഹാംബർഗ് ബൊറുസിയ മോഷെൻഗ്ലാഡ്ബാക്കിനേയും പരാജയപ്പെടുത്തി.

ഗൈഡോ ബർഗ്സ്റ്റാളറുടെ ഇരട്ട ഗോളുകളുടെ പിൻബലത്തോടു കൂടി ആണ് ഷാൽകെയുടെ അധികാരികമായ വിജയം.ഈ ജനുവരിയിൽ ക്ലബ്ബിൽ എത്തിയ ബർഗ്സ്റ്റളർ ആറ് ഗോളുകൾ ഇതുവരെ നേടിക്കഴിഞ്ഞു. ബർഗ്സ്റ്റാളറിലൂടെ നാലാം മിനുട്ടിൽ ഷാൽകെ അക്കൗണ്ട് തുറന്നു. എറിക്ക് ചൂപോമോട്ടിങ്ങിന്റെ 200ആം മാച്ചായിരുന്നു ഇത്. മോട്ടിങ്ങിന്റെ അസിസ്റ്റിൽ 29ആം മിനുട്ടിൽ ബാർഗ്സ്റ്റാളർ രണ്ടാം ഗോൾ അടിച്ചു. 34ആം മിനുട്ടിൽ റോയൽ ബ്ലൂസിനു വേണ്ടി ഡാനിയൽ കാലിഗുരി ഗോൾ നേടി. ഓഗ്സ്ബർഗിനൊരു പെനാൽറ്റി കിട്ടിയെങ്കിലും ലക്ഷ്യം കാണാനായില്ല.

ഒരു വിജയത്തിനായാണ് ഹാംബർഗും മോഷെൻഗ്ലാഡ്ബാക്കും പൊരുതിയത്. ഗ്ലാഡ്ബാക്കിന്റെ പ്രതീക്ഷകളെ ബോബി വുടിന്റെ തീപ്പൊരി ഗോൾ തല്ലിക്കെടുത്തി. വാശിയേറിയ മാച്ചിൽ ആദ്യം സ്കോർ ചെയ്തത് ഗ്ലാഡ്ബാക്ക് ആയിരുന്നു. ക്യാപ്റ്റൻ ലാർസ് സ്റ്റിൻഡിൽ ഇല്ലാതെ ഇറങ്ങിയ ഗ്ലാഡ്ബാക്കിനു വേണ്ടി 22ആം മിനുട്ടിൽ ആൻഡ്രിയാസ് ക്രിസ്റ്റെൻസൺ സ്കോർ ചെയ്തു. ബോബി വൂടിലൂടെ ഹാംബർഗ് തിരിച്ചടിച്ചെങ്കിലും ലൈൻ റഫറി അനുവദിച്ചില്ല. ആൽബിൻ എക്ദൽ ഓഫ്സൈഡ് ആയിരുന്നു. പക്ഷേ 36ആം മിനുട്ടിൽ എക്ദൽ ലക്ഷ്യം കണ്ടു. രണ്ടാം പകുതിയിൽ ഹാംബർഗ് തുടർച്ചയായി അക്രമണമഴിച്ചു വിട്ടെങ്കിലും ഫലമുണ്ടായില്ല. പക്ഷേ 80ആം മിനുട്ടിൽ വുട് ഗ്ലാഡ്ബാക്കിന്റെ വലയിലേക്ക് ഗോൾ പായിച്ചു. ഈ വിജയത്തോടുകൂടി പോയന്റ് നിലയിൽ ഹാംബർഗ് വോൾഫ്സിനും വേർടർ ബ്രെമനോടും കൂടിയെത്തി.

 

Advertisement