ലെപ്സിഗിനെ തകർത്ത് ഷാൽകേ, ഹോഫെൻഹെയിമിനും ഗ്ലാഡ്ബാക്കിനും ജയം

ബുണ്ടസ് ലീഗയിൽ നടന്ന മൽസരങ്ങളിൽ ഷാൽകെ ആർബി ലെപ്സിഗിനെ തകർത്തപ്പോൾ മറ്റു മൽസരങ്ങളിൽ ഹാംബർഗ് എസ്‌വി ഓഗ്സ്ബർഗിനേയും ഹെർത്ത സ്റ്റഡ്ഗാർട്ടിനേയും മെയിൻസ് ഹന്നോവറിനേയും പരാജയപ്പെടുത്തി. മറ്റു മൽസരങ്ങളിൽ ഹോഫെൻഹെയിം വേർഡർ ബ്രെമനേയും ഫ്രയ്ബർഗ് ഫ്രാങ്ക്ഫർട്ട് മൽസരം സമനിലയായപ്പോൾ  ഗ്ലാഡ്ബാക്ക് കൊളോനെ പരാജയപ്പെടുത്തി.

ബുണ്ടസ് ലീഗയിലെ ആദ്യമൽസരത്തിൽ കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരായ ലെപ്സിഗിനെ ഷാൽകേ തകർത്തു. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് കോച്ച് ഡൊമെനികോ ടെഡെസ്കോയുടെ അരങ്ങേറ്റ മൽസരത്തിൽ ഷാൽകേ വിജയിച്ചത്. റോയൽ ബ്ലൂസിന് വേണ്ടി നാബിൽ ബെന്റലേബും കോണോപ്ലാങ്കയും ഗോൾ നേടി. ഈ സീസണിൽ കിരീടപ്പോരാട്ടത്തിൽ തങ്ങളുമുണ്ടെന്ന് തകർപ്പൻ വിജയത്തോടുകൂടി ഷാൽകേ ഉറക്കെ പ്രഖ്യാപിച്ചിരിക്കുകയാണ്.
റൈൻ ഡെർബിയിൽ വിജയം ബൊറുസിയ മോഷെൻഗ്ലാഡ്ബാക്കിനായിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് കൊളോനിനെ ഗ്ലാഡ്ബാക്ക് പരാജയപ്പെട്ടത്. നികോളാസ് എല്വിദിയാണ് ഗ്ലാഡ്ബാക്കിന് വേണ്ടി ഗോളടിച്ചത്. ലാർസ് സ്റ്റിൻഡിൽ ഫോമിലെത്താഞ്ഞത് ഗ്ലാഡ്ബാക്കിനെ സ്വാധീനിച്ചു.

ഫ്രയ്ബർഗ് ഫ്രാങ്ക്ഫർട്ട് മൽസരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഫ്രയ്ബർഗിനായി ടിം ക്ലെൻഡിയെസ്റ്റ് ഗോൾ അടിച്ചെങ്കിലും VAR അത് ഓഫ് സൈഡാണെന്ന് വിധിച്ചു. ബുണ്ടസ് ലീഗയുടെ രാജകുമാരൻ കെവിൻ ‘പ്രിൻസ്’ ബോട്ടാങ്ങ് ബുണ്ടസ് ലീഗയിലേക്ക് ഈ മൽസരത്തോടെ തിരിച്ചെത്തി.

മാർക്കസ് ഗിസ്ദോലിന്റെ ഹാംബർഗ് ഏകപക്ഷീയമായ ഒരു ഗോളിന് ഓഗ്സ്ബർഗിനെ പരാജയപ്പെടുത്തി. നിക്കോളായ് മുള്ളർ ഗോൾ നേടിയെങ്കിലും ഗോൾ സെലിബ്രേഷനിടെ പരിക്കേറ്റ് പുറത്തായി. വരും ആഴ്ച്ചകളിലെ മൽസരങ്ങൾ മുള്ളർക്ക് നഷ്ടമാകും.

ആന്ദ്രെ ക്രമാറിക്കിന്റെ ഗോളിൽ ജൂലിയൻ നൈഗൽസ്മാന്റെ ഹോഫെൻഹെയിം വേർഡർ ബ്രെമനെ പരാജയപ്പെടുത്തി. നാളെ ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിനോട് ഹോഫെൻഹെയിം ആൻഫീൽഡിൽ വെച്ചേറ്റുമുട്ടും.

ആസ്ട്രേലിയൻ താരം മാത്യൂ ലെക്കിയുടെ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ ഹെർത്ത ബെർലിൻ സ്റ്റട്ട്ഗാർട്ടിനെ പരാജയപ്പെടുത്തി. അതേ സമയം ബുണ്ടസ് ലീഗയിൽ തിരിച്ചെത്തിയ ഹന്നോവർ മെയിൻസിനെ ഒരു ഗോളിന് പരാജയപ്പെടുത്തി. ആസ്ട്രിയൻ താരം മാർട്ടിൻ ഹാർനിക്കിന്റെ ഗോളിൽ ആണ് ഹന്നോവർ തകർത്തത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleതിരുവന്തപുരത്തിന്റെ ബ്രിട്ടോ ഇനി ചർച്ചിൽ ബ്രദേഴ്സിൽ
Next articleലോക ഇലവന്‍ വരുന്നു പാക്കിസ്ഥാനിലേക്ക്, തൊട്ടു പുറകേ വെസ്റ്റിന്‍ഡീസും