ഡൊമിനിക്ക് റ്റെടെസ്കോ പുതിയ ഷാൽകെ കോച്ചാവും

- Advertisement -

ഡൊമിനിക്ക് റ്റെടെസ്കോ പുതിയ ഷാൽകെ കോച്ചായി ചുമതലയേൽക്കും. നിലവിലെ ഷാൽക്കെ കോച്ചായ മാർക്കസ് വീൻസ്ലർക്ക് പകരക്കാരനായാണ് ഡൊമിനിക്ക് റ്റെടെസ്കോ ഷാൽകെയിൽ എത്തുന്നത്. 31 കാരനായ ഡൊമിനിക്ക് റ്റെടെസ്കോ രണ്ടാം ഡിവിഷൻ ടീമായ എർസ്‌കെബിഗ് ആവേയുടെ കോച്ചായിരുന്നു. മൂന്നാം ഡിവിഷനിലേക്ക് തരംതാഴ്ത്തൽ ഭീഷണി നേരിട്ടിരുന്ന ടീമിനെ ലീഗയിൽ പിടിച്ച് നിർത്തിയത് റ്റെടെസ്കോ മാജിക്ക് ആയിരുന്നു. ചെറുപ്പക്കാരനായ റ്റെടെസ്കോയെ ഷാൽകെയിലേക്ക് കൊണ്ട് വരുന്നത് ബുണ്ടസ് ലീഗ എതിരാളികൾ ആയ ഹൊഫെൻഹെയിമിന്റെയും ജൂലിയൻ നൈഗൽമാന്റെയും വിജയക്കുതിപ്പിൽ നിന്നും ആവേശമുൾക്കൊണ്ടാണ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഹൊഫെൻഹെയിമിലെത്തിയ നൈഗൽസ്‌മാൻ ചാമ്പ്യൻസ് ലീഗ് ക്വാളിഫിക്കേഷനും ലീഗയിൽ നാലാം സ്ഥാനവും നേടി ചരിത്രം കുറിച്ചു. ജൂലിയൻ നൈഗൽസ്‌മാനും ഡൊമിനിക്ക് റ്റെടെസ്കോയും ഒരുമിച്ച് ഹൊഫെൻഹെയിമിന്റെ അണ്ടർ 19 സ്‌ക്വാഡിന് വേണ്ടി പ്രവർത്തിച്ചിരുന്നു.

ബുണ്ടസ് ലീഗയിൽ കഴിഞ്ഞ 6 വർഷത്തിലെ ഏറ്റവും മോശം പ്രകടനമാണ് റോയൽ ബ്ലൂസ് കാഴ്ചവെച്ചത്. ബുണ്ടസ് ലീഗയിൽ പത്താമതായാണ് ഷാൽകെ സീസൺ അവസാനിപ്പിച്ചത്. ഓഗ്സ്ബർഗിന്റെ കോച്ചായിരുന്ന മാർക്കസ് വീൻസ്ലർ ഷാൽകെയിലേക്ക് കൊണ്ടുവരാൻ ഓഗ്സ്ബർഗിന് മൂന്നു മില്യൺ യൂറോ ആയിരുന്നു നഷ്ടപരിഹാരമായി കൊടുത്തത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement