
ബുണ്ടസ് ലീഗയിൽ വെൽറ്റിൻസ് അറീനയിൽ 150 മത്തെ റിവിയർ ഡെർബിയിൽ ഷാൽകെയും ബൊറൂസിയ ഡോർട്ട്മുണ്ടും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ വിജയത്തിൽ കുറഞ്ഞ ഒന്നും ബദ്ധ വൈരികളായ ഇരു ടീമുകളും പ്രതീക്ഷിച്ചില്ല. ആവേശകരമായ പോരാട്ടത്തിനൊടുവിൽ ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ചു സമനിലയിൽ പിരിഞ്ഞു. സൂപ്പർ താരം ഓബ്മയാങ് ഡോർട്ട്മുണ്ടിന് വേണ്ടി ഗോൾ നേടിയപ്പോൾ ഷാൽകെയ്ക്ക് വേണ്ടി ഗോൾ നേടിയത് തീലോ കെഹ്റെർ ആയിരുന്നു. കെഹ്റെറുടെ കന്നി ബുണ്ടസ് ലീഗ ഗോൾ ആയിരുന്നു വെൽറ്റിൻസ് അരീനയിലേത്.
വ്യത്യസ്തതകളാണ് ഡെർബികളുടെ അടിസ്ഥാനം. വ്യത്യസ്ത രാഷ്ട്രീയം,മതം,ക്ളാസ് എന്നിവയുടെ പേരിലാണ് ഡെർബികൾ ആവേശകരമാവുന്നത്. റിവിയർ ഡെർബിയിൽ വർക്കിങ് ക്ളാസ് ക്ലബ്ബുകളായ ബൊറൂസിയ ഡോർട്ട്മുണ്ടും ഷാൽകെയും തമ്മിൽ ഏറ്റുമുട്ടുന്നത്. റിവിയർ ഡെർബി വിജയിക്കുക എന്നത് കളിക്കാർക്കും ഫാന്സിനും ഒരുപോലെ അത്യാവശ്യമാണ്. നോർത്ത് ലണ്ടൻ ഡെർബിയോട് നമുക്ക് റിവിയർ ഡെർബിയെ ഉപമിക്കാം,അതിനോടൊപ്പമോ അതിനും മുകളിലോ ആണ് റിവിയർ ഡെർബിയുടെ പ്രാധാന്യം. ബദ്ധവൈരികളായ റോയൽ ബ്ലൂസും ബ്ലാക്ക് ആൻഡ് യെല്ലോസും തമ്മിൽ ഏറ്റുമുട്ടിയത് വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിച്ചല്ല. തുടർച്ചയായ 17 മത്സരങ്ങളിലും ഗോളടിച്ചു കൊണ്ടാണ് തോമസ് ടുഹെലിന്റെ ഡോർട്ട്മുണ്ടെത്തിയത്. ഇന്റർനാഷണൽ ബ്രെയ്ക്കിന് മുൻപേ ഇൻഗോൾസ്റ്റാഡിനെ ഒരു ഗോളിന് ഡോർട്ട്മുണ്ട് പരാജയപ്പെടുത്തി. ഇന്റർനാഷണൽ ബ്രെയ്ക്കിന് മുൻപേ തുടർച്ചയായ വിജയങ്ങളുമായാണ് മാർക്കസ് വിൻസ്ലെറിന്റെ യൂറോപ്പ ലീഗ് ക്വാട്ടർ ഫൈനലിസ്റ്റുകൾ എത്തിയത്.
ഓബ്മയാങ് തന്റെ 24ആം ബുണ്ടസ് ലീഗ് ഗോൾ 53 ആം മിനുട്ടിൽ നേടി. തുടർച്ചയായ ഏഴാമത്തെ മത്സരത്തിൽ ആണ് ഓബ്മയാങ് സ്കോർ ചെയ്യുന്നത്. ഷാൽകെയ്ക്ക് വേണ്ടി തീലോ കെഹ്റെർ തന്റെ കന്നി ഗോളാണ് റിവിയർ ഡെർബിയിൽ നേടിയത്. 11ആം ബുണ്ടസ് ലീഗ മത്സരത്തിനിറങ്ങിയ കെഹ്റെർ റോയൽ ബ്ലൂസിനു അർഹിക്കുന്ന സമനില നൽകി. ഇരു ടീമുകളും ആക്രമിച്ചു കളിച്ചെങ്കിലും ഗോൾ രഹിതമായിരുന്നു ആദ്യ പകുതി. 53 ആം മിനുട്ടിൽ ഷിൻജി കഗാവയുടെ അസിസ്റ്റിൽ ഒബാമയാങ് ഡോർട്ട്മുണ്ടിനുവേണ്ടി ഗോൾ നേടി. ഷാൽകെ ആരാധകരുടെ മുറിവിന് ഉപ്പു തേക്കുന്നപോലെ സൂപ്പർ ഹീറോ സെലെബ്രെഷൻ നടത്തി ഓബ്മയാങ്. ഗോളടിച്ചതിനു ശേഷം സൂപ്പർഹീറോസിന്റെ മാസ്ക് വെച്ച് ആഘോഷിക്കുന്ന ഒബമയാങ്ങിനെ ഇതിനു മുൻപും കണ്ടിരുന്നു. ബാറ്മാന്റെയും സ്പൈഡർമാന്റെയും മാസ്കുകൾ വെച്ച് ഗോളുകൾ ആഘോഷിച്ച ഒബാമയാങ് ഇത്തവണ സൂപ്പർ വില്ലൻ വെനം ന്റെ മാസ്ക് ആണുപയോഗിച്ചത്. ഇത് ഷാൽകെ ആരാധകരെ ചൊടിപ്പിച്ചു.
ഡോർട്ട്മുണ്ടിന്റെ ഫ്രഞ്ച് താരം ഉസ്മെയിൻ ടെംബെലെ ഗോൾ നേടാൻ തുടർച്ചയായി ശ്രമിച്ചു കൊണ്ടിരുന്നു. ടെംബെലെ ലീഡുയർത്തിയെന്നു കരുതി എങ്കിലും ഗോൾ പോസ്റ്റിൽ തട്ടി ബോൾ മടങ്ങി. ഒബ്മായാങ്ങിന്റെ പാസ് ടെംബെലെ ഗോളാക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. എന്നാൽ 75 ആം മിനുട്ടിൽ 20കാരനായ തീലോ കെഹ്റെർ ഷാൽകെയ്ക്ക് വേണ്ടി അക്കൗണ്ട് തുറന്നു. ലിയോൺ ഗോരെടസ്കയുടെ പാസ് കെഹ്റെർ ഡോർട്ട്മുണ്ടിന്റെ പോസ്റ്റിലേക്ക് അടിച്ചു കയറ്റി.
മാർക്ക് ബർട്രായുടെ പെനാൽറ്റി ബോക്സിൽ നിന്നുള്ള ഹാൻഡ് ബോൾ മാച്ച് റഫറി ഫെലിക്സ് സ്വായർ അനുവദിച്ചില്ല. ഈ വിവാദതീരുമാനം ഫാന്സിന്റെയും റോയൽ ബ്ലൂസിന്റെ കളിക്കാരുടെയും ശക്തമായ പ്രതിഷേധത്തിനിടയാക്കി. ശക്തമായി പ്രതിഷേധിച്ച ഷാൽകെ കോച്ച് മാർക്കസ് വിൻസ്ലെറിനെ സ്റ്റാൻഡിലേക്ക് പറഞ്ഞയച്ചു. അതെ സമയം റഫറിയുടെ തീരുമാനത്തിൽ സഹികെട്ട ഷാൽകെയുടെ ഭാഗ്യ ചിഹ്നം (mascot) എർവിൻ റഫറി ഫെലിക്സ് സ്വയരുടെ റെഡ് കാർഡ് തട്ടിപ്പറിക്കുകയും റഫറിയെ റെഡ് കാർഡ് കാണിക്കുകയും ചെയ്തു. എർവിനു വിലക്ക് നേരിടേണ്ടി വരുമോ എന്നാണ് ഇപ്പോൾ ഷാൽകെ ആരാധകർ ഉറ്റു നോക്കുന്നത്.
ഈ സമനിലയോടു കൂടി നാലാം സ്ഥാനത്താണ് ഡോർട്ട്മുണ്ട്. അഞ്ചാം സ്ഥാനത്തുള്ള ഹെർത്ത ബെർലിനെക്കാളും ഏഴ് പോയന്റ് മുൻപിലാണ് ചാമ്പ്യൻസ് ലീഗ് സ്പോട്ടിനായി പൊരുതുന്ന ഡോർട്ട്മുണ്ട്. നിലവിൽ 34 പോയിന്റുമായി ഒൻപതാം സ്ഥാനത്താണ് ഷാൽകെ.