സാഞ്ചോയ്ക്ക് കന്നി ഗോൾ, റൂയിസിന്റെ ഇരട്ട ഗോൾ, ഡോർട്ട്മുണ്ടിന് തകർപ്പൻ ജയം

ബുണ്ടസ് ലീഗയിൽ ബൊറൂസിയ ഡോർട്ട്മുണ്ടിന് തകർപ്പൻ ജയം. ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് ബയേർ ലെവർകൂസനെ പരാജയപ്പെടുത്തിയത്. മാർക്കോ റൂയിസിന്റെ ഇരട്ട ഗോളുകളും ജേഡൻ സാഞ്ചോയുടെ കന്നി ഗോളും ഈ മത്സരത്തിൽ പിറന്നു. മാക്സിമില്യൻ ഫിലിപ്പാണ് ഡോർട്ട്മുണ്ടിന്റെ നാലാം ഗോൾ നേടിയത്. ബയേർ ലെവർകൂസന്റെ തുടർച്ചയായ രണ്ടാം പരാജയമാണിത്.

പതിനെട്ടുകാരനായ ജേഡൻ സാഞ്ചോയുടെ ദിവസമായിരുന്നു ഇന്നത്തേത്. കന്നി ഗോളടിച്ചതിനൊപ്പം മറ്റു രണ്ടു ഗോളുകൾക്ക് വഴിയൊരുക്കാനും ഈ ഇംഗ്ലീഷ് യുവതാരത്തിനു സാധിച്ചു. ഒരു പെനാൽറ്റി നഷ്ടപ്പെടുത്തിയെങ്കിലും ഇരട്ട ഗോളുകൾ നേടാൻ മാർകോ റൂയിസിന് സാധിച്ചു. ഡോർട്ട്മുണ്ടിന് വേണ്ടി ബുണ്ടസ് ലീഗയിലെ 60 ആം ഗോളാണ് റൂയിസ് നേടിയത്.ഈ വിജയത്തോടു കൂടി 54 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഡോർട്ട്മുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial