ബയേണിൽ ഇനി “റോബറി” ഇല്ല, സീസൺ അവസാനം റിബറി ക്ലബ്ബ് വിടും

ബയേൺ മ്യൂണിക്കിന്റെ വെറ്ററൻ താരം ഫ്രാങ്ക് റിബറി ഈ സീസണോടെ ക്ലബ്ബ് വിടും. അർജൻ റോബൻ- ഫ്രാങ്ക് റിബറി കൂട്ടുകെട്ട് ബയേണിന്റെ യൂറോപ്പിലെ വളർച്ചയ്ക്ക് നെടുംതൂണായിരുന്നു. “റോബറി” എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ കൂട്ട്കെട്ട് ബയേണിനെ യൂറോപ്പ്യൻ ചാമ്പ്യന്മാരാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചിരുന്നു. സമീപകാലത്ത് പരിക്കിനെ തുടർന്ന് ഇരു താരങ്ങളും ഫോം മങ്ങിയെങ്കിലും മികച്ച തിരിച്ചു വരവ് നടത്തിയിരുന്നു.

ഇന്നലെ ബുണ്ടസ് ലീഗയിൽ ഹന്നോവറിനെതിരായ മത്സരത്തിൽ റോബൻ പരിക്കിൽ നിന്നും മോചിതനായി തിരിച്ചുവരവ് നടത്തിയപ്പോൾ ഫ്രാങ്ക് റിബറി ബയേണിനായി ഗോളടിക്കുകയും ചെയ്തു. ഈ സീസണിന്റെ തുടക്കത്തിൽ തന്നെ റോബനോടൊപ്പം റിബറിയും ക്ലബ്ബ് വിടുമെന്ന സൂചനകൾ നൽകിയിരുന്നു. 36 കാരനായ റിബറി 2007ൽ ആണ് ഫ്രഞ്ച് ക്ലബ് ആയ മാഴ്‌സലേയിൽ നിന്നും ബയേണിൽ എത്തിയത്. വിങ്ങർ റോളിൽ കളിക്കുന്ന റിബറി ബയേണിന്റെ കൂടെ എട്ട് ബുണ്ടസ് ലീഗ, ആറ് ലീഗ് കപ്പ്, ഒരു ചാമ്പ്യൻസ് ലീഗ്, ഒരു യുവേഫ സൂപ്പർ കപ്പ്, ഒരു ക്ലബ് ലോകകപ്പ് എന്നിവ നേടിയിട്ടുണ്ട്. 2014ൽ റിബറി ഇന്റർനാഷ്ണൽ ഫുട്ബാളിൽ നിന്ന് വിരമിച്ചിരുന്നു.

Exit mobile version