ലെപ്സിഗിനും ഇൻഗോൾസ്റ്റാഡിനും തകർപ്പൻ ജയം, റെലെഗേഷൻ ഭീഷണിയിൽ വോൾഫ്സ്

ബുണ്ടസ് ലീഗയിൽ ഇന്നലെ നടന്ന മൽസരങ്ങളിൽ 2 എതിരെ മൂന്ന് ഗോളുകൾക്ക് ലെപ്സിഗ് മെയിൻസിനെ പരാജയപ്പെടുത്തിയപ്പോൾ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ഇൻഗോൾസ്റ്റാഡ് ഓഗ്സ്ബർഗിനെ അട്ടിമറിച്ചു. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ബയേർ ലെവർകൂസൻ ഡാംസ്റ്റാഡിനെ പരാജയപ്പെടുത്തിയപ്പോൾ മറ്റൊരു മൽസരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ബൊറൂസിയ മോഷെൻ ഗ്ലാഡ്ബാക്ക് ഹെർത്ത ബെർലിനെ പരാജയപ്പെടുത്തി.

ഓപെൽ അറീനയിലെ ഈ വിജയത്തോട് കൂടി രണ്ടാം സ്ഥാനത്തുള്ള ലെപ്സിഗ് ബയേൺ മ്യൂണിക്കുമായുള്ള അകലം 10 പോയന്റായി ചുരുക്കി. ഗോൾ രഹിതമായ ആദ്യപകുതിക്ക് ശേഷം 48ആം മിനുട്ടിൽ മാർസെൽ സാബിറ്റ്സെറിലൂടെ മുന്നിലെത്തി. എമിൽ ഫോസ്ബെർഗിന്റെ പാസ് തകർപ്പൻ ഹെഡ്ഡറിലൂടെ സാബിറ്റ്സെർ ഗോളാക്കി മാറ്റി. നാല് മിനുട്ടുകൾക്ക് ശേഷം ലെപ്സിഗ് ലീഡുയർത്തി. തീമോ വെർണർ മറ്റൊരു ഹെഡ്ഡറിലൂടെ മെയിൻസിന്റെ വലചലിപ്പിച്ചു. എന്നാൽ 69ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റിയിലൂടെ മെയിൻസ് ആദ്യ ഗോളടിച്ചു. പെനാൽറ്റി എടുത്ത ജൈറൊ സംപേരിയോയ്ക്ക് ലക്ഷ്യം തെറ്റിയില്ല. നാബി കീറ്റയെന്ന ഒറ്റയാൾ പട്ടാളം മെയിൻസ് ടീമിനെ മൊത്തം കബളിപ്പിച്ച് 80ആം മിനുട്ടിൽ ലെപ്സിഗിന്റെ മൂന്നാം ഗോൾ നേടി. അവസാന നിമിഷത്തിൽ മോടൊ ഗോളടിച്ചെങ്കിലും മെയിൻസ് പരാജയപ്പെട്ടു. ഈ പരാജയത്തോടു കൂടി പതിനാറാം സ്ഥാനത്തായി മെയിൻസ്.

അൽമോഗ് കോഹന്റെ ഇരട്ടഗോളിൽ ഇൻഗോൾസ്റ്റാഡ് തുടർച്ചയായ രണ്ടാം ബുണ്ടസ് ലീഗ വിജയം നേടി. ഓഗ്സ്ബെർഗിന്റെ ഗോളി മാർവിൻ ഹിറ്റ്സും കെവിൻ ദാൻസോയും തമ്മിലുള്ള ആശയക്കുഴപ്പം മുതലെടുത്ത സോണി കിറ്റെൽ (25′) ഇൻഗോൾസ്റ്റാഡിന്റെ ആദ്യ ഗോൾ നേടി. പാസ്കൽ ഗ്രോസിന്റെ ഫ്രീ-കിക്ക് ഗോളാക്കിമാറ്റി കോഹൻ(35′) ഇൻഗോൾസ്റ്റാഡിന്റെ ലീഡുയർത്തി. അൽമോഗ് കോഹൻ തന്നെ ഇൻഗോൽസ്റ്റാഡിന്റെ മൂന്നാം ഗോളും നേടി(67′). പോൾ വാർഗേയുടെ പെനാൽറ്റിയിലൂടെ (76′) ഓഗ്സ്ബെർഗ് ആദ്യ ഗോൾ നേടി. ഹലീൽ ആൾടിൻടൊപ്(81′) ഓഗ്സ്ബെർഗിന്റെ രണ്ടാം ഗോളും നേടി. റെലെഗേഷൻ യുദ്ധത്തിലെ എതിരാളികളോടേറ്റ പരാജയത്തിന് ഓഗ്സ്ബെർഗ് വലിയ വിലകൊടുക്കേണ്ടി വരുമെന്നതിൽ തർക്കമില്ല.

പരാജയങ്ങൾ ഏറ്റുവാങ്ങിയ ലെവർകൂസന് ഒരു വിജയം അനിവാര്യമായിരുന്നു. ലീഗയുടെ താഴെത്തട്ടിൽ കിടക്കുന്ന ഡാംസ്റ്റാഡിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ലെവർകൂസൻ പരാജയപ്പെടുത്തി. വോല്ലാണ്ടിന്റെ അസിസ്റ്റിൽ 15ആം മിനുട്ടിൽ തന്നെ ജൂലിയൻ ബ്രാഡ്റ്റ് ലെവർകൂസന്റെ ആദ്യ ഗോൾ നേടി. ഡാംസ്റ്റാഡിന്റെ മരിയോ വ്രാൻസിക്കിന്റെ തകർപ്പൻ ഫ്രീ കിക്കിനെ ലക്ഷ്യത്തിൽ എത്തുന്നതിൽ നിന്നും ബാർ തടഞ്ഞു. 56ആം മിനുട്ടിൽ കെവിൻ വോളാണ്ടിലൂടെ ലെവർകൂസൻ രണ്ടാം ഗോൾ നേടി. ബയേർ ലെവർകൂസൻ കോച്ചായി ടൈഫൂൻ കോർകൂട്ട് ചുമതലയേറ്റതിനു ശേഷമുള്ള ആദ്യ വിജയമാണിത്.

ലാസ്ലോ ബെനേസിന്റെ തകർപ്പൻ ലോ ഡ്രൈവിൽ ബൊറൂസിയ മോഷെൻ ഗ്ലാഡ്ബാക്ക് ഹെർത്ത ബെർലിനെ പരാജയപ്പെടുത്തി. ലാർസ് സ്റ്റിൻഡിലിന്റെ അസിസ്റ്റിൽ ബെനേസിന്റെ(16′) ഷോട്ട് റെനെ ജാർസ്റ്റെയിനു തടുക്കാൻ സാധിച്ചില്ല. സലോമൺ കലോവിന്റെ ഫ്രീ കിക്ക് ഹെർത്തയ്ക്ക് സമനില നേടികൊടുക്കുമെന്ന് പ്രതീക്ഷയുയർത്തിയെങ്കിലും ക്രോസ് ബാർ തടഞ്ഞു. ഗോളടിക്കാൻ ഒരു പാടവസരങ്ങൾ ഗ്ലാഡ്ബാക്കിന് ലഭിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല. യൂറോപ്പാ ലീഗ് സ്പോട്ടിനായി ഈ വിജയം ഗ്ലാഡ്ബാക്കിന് ആവശ്യമായിരുന്നു.

റെലെഗേഷൻ യുദ്ധത്തിൽ പിടിച്ച് നിൽക്കാനുള്ളൊരു പിടിവള്ളിയായിരുന്നു വോൾഫ്സ്ബെർഗിന് ഈ മൽസരത്തിലെ വിജയം. എന്നാൽ ഫ്രെയ് ബെർഗ് എതിരില്ലാത്ത ഒരു ഗോളിന് വോൾഫ്സിനെ തകർത്തു. വോൾഫ്സിന്റെ ഹാട്രിക്ക് ഹീറോ മരിയോ ഗോമെസ് ആദ്യപകുതിയിൽ ലീഡ് നേടിക്കൊടുക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. 78ആം മിനുട്ടിൽ നൈഡർലെക്നറിലൂടെ ഫ്രെയ് ബെർഗ് വിജയഗോൾ നേടി. ഈ വിജയത്തോട് കൂടി ഫ്രെയ്ബർഗിന്റെ യൂറോപ്പാ സ്വപ്നങ്ങൾ മൊട്ടിട്ട് തുടങ്ങി. റെലെഗേഷൻ യുദ്ധത്തിൽ സർവൈവ് ചെയ്യാൻ വോൾഫ്സ് നന്നായി വിയർക്കേണ്ടി വരും.

Previous articleസിറ്റിയെ ഒതുക്കി ചെൽസി , സ്പർസിന് ത്രസിപ്പിക്കുന്ന ജയം
Next articleഫിഫാ റാങ്കിംഗിൽ ചരിത്ര നേട്ടത്തോടെ ഇന്ത്യൻ കുതിപ്പ്, ഇനി ഇന്ത്യയെ എഴുതി തള്ളേണ്ട