
ബുണ്ടസ് ലീഗയിൽ ഇന്ന് ചാമ്പ്യന്മാരായ ബയേൺ മ്യുണിക്കും ബൊറൂസിയ ഡോർട്ട്മുണ്ടും തമ്മിൽ ഏറ്റുമുട്ടും. വെസ്റ്റ്ഫാൾസ്റ്റെഡിയോനിൽ മഞ്ഞകടൽ പോലെ ഡോർട്ട്മുണ്ട് ആരാധകർ ആർത്തിരമ്പുമ്പോൾ മറ്റൊരു ജർമ്മൻ ക്ലാസിക്കോയ്ക്ക് സാക്ഷ്യം വഹിക്കും ഫുട്ബോൾ ലോകം. ബുണ്ടസ് ലീഗയുടെ ചരിത്രത്തിലെ മികച്ച ഗോൾ വേട്ടക്കാരായ ഒബമയങ്ങും ലെവൻഡോസ്കിയും തമ്മിൽ ഏറ്റുമുട്ടുന്നു. കഴിഞ്ഞ എട്ടു വർഷങ്ങളിൽ ഈ രണ്ടു ടീമുകൾ മാത്രമേ ബുണ്ടസ് ലീഗ നേടിയിട്ടുള്ളു. ആറ് തവണ ബയേണും രണ്ടു തവണ ഡോർട്ട്മുണ്ടും കപ്പുയർത്തി. ജർമ്മനിയുടെ ഫുട്ബോൾ ചരിത്രത്തിന്റെ ഏറ്റവും മികച്ച നിമിഷങ്ങൾക്ക് ദേർ ക്ലാസ്സിക്കർ സാക്ഷ്യം വഹിച്ചിട്ടുണ്ട്.
ബയേണും ഡോർട്ട്മുണ്ടും തമ്മിൽ ഏറ്റുമുട്ടിയതിൽ വെച്ച് സമീപ കാലത്തെ ഏറ്റവും മികച്ച മത്സരം 2013 ലെ ചാമ്പ്യൻസ് ലീഗ് ഫൈനൽ ആണെന്ന് നിസംശയം പറയാം. അർജെൻ റോബന്റെ ഗോളിൽ ബയേൺ മ്യുണിക്ക് അന്ന് ഡോർട്ട്മുണ്ടിനെ പരാജയപ്പെടുത്തി ചാമ്പ്യൻസ് ലീഗുയർത്തി. പിന്നീട് ഡോർട്ട്മുണ്ടിനെ തന്നെ പരാജയപ്പെടുത്തി ജർമ്മൻ കപ്പും നേടി ട്രെബിളും പൂർത്തിയാക്കി. അന്നത്തെ ബയേണിന്റെ സ്വപ്നതുല്യമായ നേട്ടത്തിന്റെ അമരക്കാരൻ യപ്പ് ഹൈങ്കിസ് തന്നെയാണ് ഇപ്പോളത്തെ ബയേൺ കോച്ച് എന്നത് യാദൃശ്ചികം. ആൻസലോട്ടി പുറത്തയതിനു ശേഷം തിരികെയെത്തിയ യപ്പ് ഹൈങ്കിസിനു കീഴിൽ വീണ്ടും ബയേൺ വിജയ വഴിയിലൂടെ കുതിക്കുകയാണ്. എന്നാൽ സ്വപനതുല്യമായ തുടക്കം ലീഗയിൽ ലഭിച്ചിട്ടും പ്രതിരോധത്തിലെ പാളിച്ചകൾ കാരണം ഇരുട്ടിൽ തപ്പുകയാണ് ഡോർട്ട്മുണ്ട്. ചാമ്പ്യൻസ് ലീഗിലെ ദുർബലമായ പ്രതിരോധം പുറത്തേക്കുള്ള വഴി തുറന്നു. തോമസ് ടൂഹലിൽ നിന്നും ചുമതലയേറ്റ പീറ്റർ ബോഷിനു വിജയം നേടണമെങ്കിൽ പ്രതിരോധം ശക്തമാക്കിയേ തീരു.
സീസണിന്റെ തുടക്കത്തിൽ ഒരു ഗോൾ മാത്രം വഴങ്ങി തുടർച്ചയായ വിജയങ്ങൾ സ്വന്തമാക്കിയ ഡോർട്ട്മുണ്ട് പിന്നീട 11 ഗോളുകളാണ് വഴങ്ങിയത്. യപ്പ് ഹൈങ്കിസ് ചുമതലയേറ്റെടുത്തതിന് ശേഷം ശക്തമായത് ബയേണിന്റെ പ്രതിരോധമാണ്. തുടർച്ചയായ ആറ് വിജയങ്ങളാണ് ഹൈങ്കിസിന്റെ കീഴിൽ ബയേൺ നേടിയത്. ബുണ്ടസ് ലീഗയിൽ ഒരു ഗോൾ പോലും അതിനു ശേഷം വഴങ്ങിയിട്ടില്ല. ഡിഫെൻസിവ് മിഡ്ഫീൽഡിലേക്ക് ജാവി മാർട്ടിനെസ്സ് മാറിയപ്പോൾ എതിരാളികൾക്ക് അവസരങ്ങൾ കുറഞ്ഞു വന്നു. സെൽറ്റിക്കിനെതിരായ മത്സരത്തിൽ വിശ്രമിച്ച ലെവൻഡോസ്കി ഇന്ന് ടീമിൽ തിരിച്ചെത്തും. ഇന്ത്യൻ സമയം പതിനൊന്നു മണിക്കാണ് കിക്കോഫ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial