മൂന്നു ഗോൾ പിറകിൽ നിന്ന ശേഷം തിരിച്ചു വന്നു സമനില പിടിച്ചു ആർ.ബി ലൈപ്സിഗ്

ജർമ്മൻ ബുണ്ടസ് ലീഗയിൽ വമ്പൻ തിരിച്ചു വരവിലൂടെ സമനില പിടിച്ചു ആർ.ബി ലൈപ്സിഗ്. ഓഗ്സ്ബർഗിന് എതിരെ 3 ഗോളുകൾ പിറകിൽ നിന്ന ശേഷമാണ് 70 മിനിറ്റുകൾക്ക് ശേഷം ലൈപ്സിഗ് മത്സരത്തിൽ തിരിച്ചു വന്നത്. സമനിലയോടെ ലൈപ്സിഗ് നിലവിൽ ഒമ്പതാം സ്ഥാനത്തും ഓഗ്സ്ബർഗ് പന്ത്രണ്ടാം സ്ഥാനത്തും ആണ്. റൂബൻ വർഗാസിനെ വീഴ്ത്തിയതിനു ലഭിച്ച പെനാൽട്ടി 33 മത്തെ മിനിറ്റിൽ ലക്ഷ്യം കണ്ട മെർഗിം ബെരിഷ ഓഗ്സ്ബർഗിന് മത്സരത്തിൽ മുൻതൂക്കം സമ്മാനിച്ചു. രണ്ടാം പകുതി തുടങ്ങിയ ഉടൻ തന്നെ ബെരിഷയുടെ ക്രോസിൽ നിന്നു ഹെഡറിലൂടെ എർമെദിൻ ഡെമിറോവിച് ഓഗ്സ്ബർഗിന്റെ മുൻതൂക്കം ഇരട്ടിയാക്കി.

64 മത്തെ മിനിറ്റിൽ ബെരിഷയുടെ പാസിൽ നിന്നു റൂബൻ വർഗാസ് കൂടി ഗോൾ നേടിയതോടെ ലൈപ്സിഗ് പരാജയം മണത്തു. എന്നാൽ തൊട്ടടുത്ത നിമിഷം മോശം ഫൗളിന് മഞ്ഞ കാർഡ് കണ്ട ലാഗോ പ്രതിഷേധിച്ചതിനെ തുടർന്ന് രണ്ടാം മഞ്ഞ കാർഡ് കണ്ടതോടെ ഓഗ്സ്ബർഗ് പത്ത് പേരായി ചുരുങ്ങി. 72 മത്തെ മിനിറ്റിൽ ഡൊമിനിക് സൊബോസ്ലയിയൂടെ പാസിൽ നിന്നു ഗോൾ നേടിയ ആന്ദ്ര സിൽവ ലൈപ്സിഗ് തിരിച്ചു വരവിനു തുടക്കം കുറിച്ചു. 89 മത്തെ മിനിറ്റിൽ ഫ്രീകിക്കിലൂടെ ഗോൾ കണ്ടത്തിയ ക്രിസ്റ്റഫർ എങ്കുങ്കു ലൈപ്സിഗിന് രണ്ടാം ഗോളും സമ്മാനിച്ചു. തുടർന്ന് തൊട്ടടുത്ത നിമിഷം പകരക്കാരനായി ഇറങ്ങിയ 19 കാരനായ ഹ്യൂഗോ നോവോ റാമോസിലൂടെ ലൈപ്‌സിഗ് തിരിച്ചു വരവ് പൂർത്തിയാക്കുക ആയിരുന്നു. ദീർഘകാല പരിക്കിൽ നിന്നു അവസാന പത്ത് മിനിറ്റ് ഡാനി ഓൽമ കളിക്കാൻ ഇറങ്ങിയതും ലൈപ്സിഗിന് വലിയ ഊർജം പകർന്നു.

ഇരട്ടഗോളുമായി ജൂഡ്, ഗോളടിച്ചു കൂട്ടി ഡോർട്ട്മുണ്ട് ജയം

ജർമ്മൻ ബുണ്ടസ് ലീഗയിൽ സ്റ്റുഗാർട്ടിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തകർത്തു ബൊറൂസിയ ഡോർട്ട്മുണ്ട്. ജയത്തോടെ അവർ നാലാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ സ്റ്റുഗാർട്ട് 16 സ്ഥാനത്തേക്ക് വീണു. യുവതാരങ്ങൾ ആണ് ഡോർട്ട്മുണ്ടിന് വലിയ ജയം ഒരുക്കിയത്. വലിയ ഡോർട്ട്മുണ്ട് ആധിപത്യം കണ്ട മത്സരത്തിൽ രണ്ടാം മിനിറ്റിൽ തന്നെ അവർ മുന്നിലെത്തി. നികാളസ് സുലെയുടെ പാസിൽ നിന്നു ജൂഡ് ബെല്ലിങ്ഹാം ആണ് അവർക്ക് ആയി ഗോൾ നേടിയത്, ജനുവരിക്ക് ശേഷമുള്ള യുവതാരത്തിന്റെ ആദ്യ ലീഗ് ഗോൾ ആയിരുന്നു ഇത്. 13 മത്തെ മിനിറ്റിൽ റാഫേൽ ഗുയിയേരയുടെ പാസിൽ നിന്നു സുലെ ഡോർട്ട്മുണ്ടിന് രണ്ടാം ഗോൾ സമ്മാനിച്ചു.

ആദ്യ പകുതിക്ക് തൊട്ടു മുമ്പ് യൂസഫോ മൗകോകയുടെ പാസിൽ നിന്നു ജിയോവാണി റെയ്ന ഡോർട്ട്മുണ്ടിന് മൂന്നാം ഗോളും നേടി നൽകി. രണ്ടാം പകുതിയിൽ 53 മത്തെ മിനിറ്റിൽ തന്റെ രണ്ടാം ഗോൾ കണ്ടത്തിയ ബെല്ലിങ്ഹാം ഡോർട്ട്മുണ്ടിന്റെ വലിയ ജയം ഉറപ്പിച്ചു. നികോ സ്‌കളോറ്റർബെക്കിന്റെ പാസിൽ നിന്നായിരുന്നു ഇംഗ്ലീഷ് യുവതാരം തന്റെ രണ്ടാം ഗോൾ നേടിയത്. 73 മത്തെ മിനിറ്റിൽ റാഫേൽ ഗുയിയേരയുടെ പാസിൽ നിന്നു ഗോൾ നേടിയ യൂസഫോ മൗകോകയാണ് ഡോർട്ട്മുണ്ടിന്റെ വലിയ ജയം പൂർത്തിയാക്കിയത്. അവസാന നിമിഷം നികോ ഫെയിഫർ സ്റ്റുഗാർട്ടിനു ആയി ആശ്വാസഗോൾ നേടിയെങ്കിലും വാർ അത് ഓഫ് സൈഡ് ആണെന്നി കണ്ടത്തുക ആയിരുന്നു.

ബുണ്ടസ് ലീഗയിൽ ജയം തുടർന്ന് ബയേൺ മ്യൂണിക്

ജർമ്മൻ ബുണ്ടസ് ലീഗയിൽ ജയം തുടർന്ന് ബയേൺ മ്യൂണിക്. ആറാം സ്ഥാനക്കാരായ ഹോഫൻഹെയിമിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മറികടന്ന ബയേൺ ഒന്നാം സ്ഥാനക്കാരായ യൂണിയൻ ബെർലിനും ആയുള്ള അകലവും കുറച്ചു. സീസണിൽ ഉഗ്രൻ ഫോമിലുള്ള യുവതാരം ജമാൽ മുസിയാല തിളങ്ങിയ മത്സരം ആയിരുന്നു ഇത്.

ബയേണിന്റെ ആധിപത്യം കണ്ട മത്സരത്തിൽ 17 മത്തെ മിനിറ്റിൽ ബോക്‌സിൽ ലഭിച്ച അവസരം ലക്ഷ്യത്തിൽ എത്തിച്ച ജമാൽ മുസിയാലയാണ് ബയേണിനു മുൻതൂക്കം നൽകിയത്. സീസണിൽ 16 കളികളിൽ നിന്നു താരത്തിന്റെ ഒമ്പതാം ഗോൾ ആയിരുന്നു ഇത്. 38 മത്തെ മിനിറ്റിൽ സെർജ് ഗനാബ്രിയുടെ ക്രോസ് ലക്ഷ്യത്തിൽ എത്തിച്ച എറിക് ചുപോ മോട്ടിങ് ബയേണിന്റെ ജയം ഉറപ്പിക്കുക ആയിരുന്നു.

ഫ്രയ്ബർഗിനെ 5 ഗോളുകൾക്ക് തകർത്തു ബയേൺ മ്യൂണിക്

ജർമ്മൻ ബുണ്ടസ് ലീഗയിൽ രണ്ടും മൂന്നും സ്ഥാനക്കാർ തമ്മിലുള്ള പോരാട്ടത്തിൽ ബയേണിനു വമ്പൻ ജയം. എതിരില്ലാത്ത 5 ഗോളുകൾക്ക് ആണ് അവർ എസ്.സി ഫ്രയ്ബർഗിനെ തകർത്തത്. മത്സരത്തിൽ സമ്പൂർണ ആധിപത്യം ആണ് ബയേൺ പുലർത്തിയത്. മത്സരത്തിൽ പതിമൂന്നാം മിനിറ്റിൽ സെർജ് ഗനാബ്രി ബയേണിനെ മുന്നിലെത്തിച്ചു.

33 മത്തെ മിനിറ്റിൽ സാനെയുടെ പാസിൽ നിന്നു എറിക് ചുപോ മോട്ടിങ് ബയേണിന്റെ രണ്ടാം ഗോളും നേടി. തുടർന്ന് രണ്ടാം പകുതിയിൽ മോട്ടിങിന്റെ പാസിൽ സാനെയും തുടർന്ന് ഗനാബ്രിയുടെ പാസിൽ നിന്നു സാദിയോ മാനെയും ഗോൾ നേടിയതോടെ ബയേൺ വലിയ ജയം ഉറപ്പിച്ചു. 80 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ മാർസൽ സാബിറ്റ്സർ ബയേണിന്റെ വലിയ ജയം പൂർത്തിയാക്കുക ആയിരുന്നു.

ഡോർട്ട്മുണ്ടിനെയും തകർത്തു യൂണിയൻ ബെർലിൻ, ലീഗിൽ ഒന്നാമത് തുടരും

ജർമ്മൻ ബുണ്ടസ് ലീഗയിൽ ഒന്നാം സ്ഥാനത്ത് തങ്ങൾ തന്നെ തുടരും എന്നു പ്രഖ്യാപിച്ചു യൂണിയൻ ബെർലിൻ. കരുത്തരായ ബൊറൂസിയ ഡോർട്ട്മുണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് അവർ തകർത്തത്. ഏതാണ്ട് 80 ശതമാനം പന്ത് കൈവശം വച്ചു അവസരങ്ങൾ സൃഷ്ടിച്ച ഡോർട്ട്മുണ്ടിന് പക്ഷെ ബെർലിൻ പ്രതിരോധം ഭേദിക്കാൻ ആയില്ല.

എട്ടാം മിനിറ്റിൽ ഇടത് കാലൻ അടിയിലൂടെ യാനിക് ഹാബറർ ബെർലിനു മുൻതൂക്കം സമ്മാനിച്ചു. തുടർന്ന് 21 മത്തെ മിനിറ്റിൽ ജോർദന്റെ പാസിൽ നിന്നു ബോക്സിന് പുറത്ത് നിന്ന് അതുഗ്രൻ അടിയിലൂടെ ഗോൾ നേടി രണ്ടാം ഗോൾ കണ്ടത്തിയ യാനിക് ഹാബറർ ബെർലിൻ ജയം ഉറപ്പിക്കുക ആയിരുന്നു. ലീഗിൽ 10 മത്സരങ്ങൾക്ക് ശേഷം 23 പോയിന്റുകളും ആയി യൂണിയൻ ബെർലിൻ ഒന്നാമത് നിൽക്കുമ്പോൾ ഡോർട്ട്മുണ്ട് എട്ടാമത് ആണ്.

ഹെർത്ത ബെർലിന്റെ തിരിച്ചു വരവ് ശ്രമം മറികടന്നു ജയം കണ്ടു ആർ.ബി ലൈപ്സിഗ്

ജർമ്മൻ ബുണ്ടസ് ലീഗയിൽ ഹെർത്ത ബെർലിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് മറികടന്നു ആർ.ബി ലൈപ്സിഗ്. തുടക്കത്തിൽ മൂന്നു ഗോളുകൾക്ക് മുന്നിലെത്തിയ ലൈപ്സിഗ് ഹെർത്തയുടെ തിരിച്ചു വരവ് അതിജീവിച്ചു ആണ് ജയം പിടിച്ചെടുത്തത്. ജയത്തോടെ ലൈപ്സിഗ് ഒമ്പതാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ ഹെർത്ത പതിനഞ്ചാം സ്ഥാനത്തേക്ക് വീണു.

മത്സരത്തിൽ 25 മത്തെ മിനിറ്റിൽ എമിൽ ഫോർസ്ബർഗ് ഗോൾ നേടിയപ്പോൾ 30 മത്തെ മിനിറ്റിൽ ഡേവിഡ് റൗം മുൻതൂക്കം ഇരട്ടിയാക്കി. രണ്ടു ഗോളിനും ഡൊമിനിക് സ്വബോസലായി ആണ് വഴി ഒരുക്കിയത്. ആദ്യ പകുതിക്ക് മുമ്പ് വില്ലി ഓർബാൻ മൂന്നാം ഗോളും ലൈപ്സിഗിന് ആയി നേടി. രണ്ടാം പകുതിയിൽ 62 മത്തെ മിനിറ്റിൽ ലുകബാകിയോയുടെ പെനാൽട്ടിയും 64 മത്തെ സ്റ്റീവൻ ജോവറ്റിച് നേടിയ ഗോളും ഹെർത്തക്ക് പ്രതീക്ഷ നൽകി. എന്നാൽ ലൈപ്സിഗ് പിടിച്ചു നിൽക്കുക ആയിരുന്നു. 84 മത്തെ മിനിറ്റിൽ ക്രിസ്റ്റഫർ എങ്കുങ്കു ഗോൾ നേടിയെങ്കിലും വാർ പിന്നീട് ഇത് ഓഫ് സൈഡ് ആണെന്ന് കണ്ടത്തുക ആയിരുന്നു.

ബയേർ ലെവർകുസനെ തകർത്തു ഫ്രാങ്ക്ഫർട്ട്

ജർമ്മൻ ബുണ്ടസ് ലീഗയിൽ ബയേർ ലെവർകുസനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്തു ഫ്രാങ്ക്ഫർട്ട്. ജയത്തോടെ അവർ നാലാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ ലെവർകുസൻ 16 സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആദ്യ പകുതിയിൽ ഇഞ്ച്വറി സമയത്ത് ദയിച്ചി കമാഡ പെനാൽട്ടിയിലൂടെ ഫ്രാങ്ക്ഫർട്ടിനു ആദ്യ ഗോൾ സമ്മാനിച്ചു. രണ്ടാം പകുതിയിൽ ഗോൾ മഴ ആണ് പിന്നീട് കണ്ടത്.

രണ്ടാം പകുതിയിൽ പിയെരോ ഹിൻകാപിയിലൂടെ 56 മത്തെ മിനിറ്റിൽ ലെവർകുസൻ സമനില പിടിച്ചു. രണ്ടു മിനിറ്റിനുള്ളിൽ റാണ്ടാൽ കൊളോ മുവാനിയിലൂടെ ഫ്രാങ്ക്ഫർട്ട് മുൻതൂക്കം തിരിച്ചു പിടിച്ചു. ജെസ്പർ ലിന്റസ്‌ട്രോം,ലൂകാസ് അലാറിയോ എന്നിവർക്ക് ഒപ്പം ഒരിക്കൽ കൂടി കമാഡ പെനാൽട്ടിയിലൂടെ ഗോൾ നേടിയപ്പോൾ ഫ്രാങ്ക്ഫർട്ട് വലിയ ജയം കരസ്ഥമാക്കി. പിയെരോ ഹിൻകാപിക്ക് ചുവപ്പ് കാർഡ് കണ്ടത് ലെവർകുസനു വലിയ തിരിച്ചടിയായി.

അവസാന നിമിഷങ്ങളിൽ ഇരട്ടഗോളുകൾ തിരിച്ചടിച്ചു ബയേണിനെ ഞെട്ടിച്ചു ഡോർട്ട്മുണ്ട്

ജർമ്മൻ ക്ലാസിക്കോയിൽ ബയേണിനെ സമനിലയിൽ പിടിച്ചു ബൊറൂസിയ ഡോർട്ട്മുണ്ട്. രണ്ടു ഗോളുകൾക്ക് പിറകിൽ നിന്ന ഡോർട്ട്മുണ്ട് അവസാന നിമിഷങ്ങളിൽ ഇരു ഗോളും തിരിച്ചടിച്ചു ആണ് സമനില നേടിയത്. പന്ത് കൈവശം വക്കുന്നതിൽ ബയേണിന്റെ ആധിപത്യം കണ്ടെങ്കിലും അവസരങ്ങൾ കൂടുതൽ സൃഷ്ടിച്ചത് ഡോർട്ട്മുണ്ട് ആയിരുന്നു. 33 മത്തെ മിനിറ്റിൽ ജമാൽ മുസിയാലയുടെ പാസിൽ നിന്നു ലിയോൺ ഗോർടെസക ബയേണിനു ആദ്യ ഗോൾ സമ്മാനിച്ചു.

തുടർന്ന് മികച്ച ഫോമിലുള്ള ലിറോയ് സാനെ 53 മത്തെ മിനിറ്റിൽ ബയേണിനു രണ്ടാം ഗോൾ സമ്മാനിച്ചു. പകരക്കാരായി കരിം അദയെമി, ആന്റണി മോഡസ്റ്റെ എന്നിവർ വന്നതോടെ ഡോർട്ട്മുണ്ട് കൂടുതൽ അപകടകാരികൾ ആയി. 74 മത്തെ മിനിറ്റിൽ നാലു മിനിറ്റ് മുമ്പ് ഇറങ്ങിയ മോഡസ്റ്റെയുടെ പാസിൽ നിന്നു യുവതാരം യൂസുഫ മൗകോക ഡോർട്ട്മുണ്ടിന് ആയി ഒരു ഗോൾ മടക്കി. 83 മത്തെ മിനിറ്റിൽ ലഭിച്ച സുവർണ അവസരം മോഡസ്റ്റെ അവിശ്വസനീയം ആയ വിധം പാഴാക്കിയപ്പോൾ ഡോർട്ട്മുണ്ട് തലയിൽ കൈവച്ചു.

90 മത്തെ മിനിറ്റിൽ രണ്ടാം മഞ്ഞ കാർഡ് കണ്ട കിങ്സ്ലി കോമാൻ പുറത്തായതോടെ ബയേൺ 10 പേരായി ചുരുങ്ങി. ജയം ഉറപ്പിച്ച ബയേണിനെ 95 മത്തെ മിനിറ്റിൽ മോഡസ്റ്റെ നൽകിയ ഗോളിൽ ഡോർട്ട്മുണ്ട് സമനില പിടിച്ചു. നികോ സ്കോളോറ്റർബെക്കിന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ ആണ് മോഡസ്റ്റെ ഗോൾ നേടിയത്. നിലവിൽ ലീഗിൽ ബയേൺ മൂന്നാമതും ഡോർട്ട്മുണ്ട് നാലാമതും ആണ്.

സാബി അലോൺസോ ബയേർ ലെവർകൂസന്റെ പുതിയ പരിശീലകൻ

സ്പാനിഷ് ഇതിഹാസം സാബി അലോൺസോ ബയേർ ലെവർകൂസന്റെ പുതിയ പരിശീലകനാവും. ചാമ്പ്യൻസ് ലീഗിലെ പോർട്ടോക്കെതിരായ 2-0 പരാജയത്തിന് ശേഷം ബയേർ പരിശീലകൻ ജെറാർഡോ സിയോനിയെ പുറത്താക്കിയിരുന്നു. 16 ഗോളുകൾ വഴങ്ങി ബുണ്ടസ് ലീഗയിൽ 17ആം സ്ഥാനത്താണ് ബയേർ ലെവർകൂസൻ. മുൻ റയൽ മാഡ്രിഡ്, ബയേൺ മ്യൂണിക്ക് താരമായ സാബി അലോൺസോ ആദ്യമായാണ് ഒരു സീനിയർ ടീമിന്റെ പരിശീലകനാവുന്നത്.

ഇതിന് മുൻപ് റയൽ മാഡ്രിഡ് യൂത്ത് ടീമിന്റെയും റയൽ സോസിദാദ് ബി ടീമിന്റെയും പരിശീലകനായിരുന്നു. മുൻ ചെൽസി പരിശീലകൻ തോമസ് ടൂഷലിന്റെ പേരായിരുന്നു ബയേർ ലെവർകൂസന്റെ പരിശീലകനായി ഉയർന്ന് കേട്ടത്. ടൂഷൽ പരിശീലക സ്ഥാനം നിരസിച്ചതിനെ തുടർന്നാണ് സാബി അലോൺസോ ബയേർ ലെവർകൂസൻ പരിശീലകനാവുന്നത് എന്നാണ് ജർമ്മനിയിൽ നിന്നുള്ള റിപ്പോർട്ടുകൾ.

” ഈ വർഷത്തെ ബാലൻ ഡെ ഓർ ബെൻസിമ അർഹിക്കുന്നു” – മാനെ

ഈ വർഷത്തെ ബാലൻ ഡെ ഓർ ബെൻസിമ അർഹിക്കുന്നുവെന്ന് ബയേൺ മ്യൂണിക്ക് സൂപ്പർ താരം സഡിയോ മാനെ. ബാലൻ ഡെ ഓറിനെ കുറിച്ചുള്ള മറുപടിയായാണ് മാനെയുടെ പ്രതികരണം. റയലിനോടൊപ്പം ബെൻസിമക്ക് മികച്ച സീസണായിരുന്നു‌. യുവേഫ ചാമ്പ്യൻസ് ലീഗ് നേടാനും അദ്ദേഹത്തിന് സാധിച്ചു, അത് കൊണ്ട് തന്നെ ബാലൻ ഡെ ഓർ ബെൻസിമ അർഹിക്കുന്നു എന്നാണ് മാനെയുടെ പ്രതികരണം.

താൻ രാജ്യത്തിന് വേണ്ടി ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് നേടിയിട്ടുണ്ടെങ്കിലും ഇത്തവണ ബാലൻ ഡെ ഓറിന് അർഹൻ ബെൻസിമ ആണെന്നും മാനെ കൂട്ടിച്ചേർത്തു. 46മത്സരങ്ങളിൽ 44 ഗോളുകളും 15അസിസ്റ്റുമായാണ് കെരീം ബെൻസിമ കഴിഞ്ഞ സീസൺ അവസാനിപ്പിച്ചത്. തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലായിരുന്ന ബെൻസിമ യുവേഫ ചാമ്പ്യൻസ് ലീഗും ലാലീഗയും നേടിയിരുന്നു. യുവേഫയുടെ മികച്ച പുരുഷതാരമായി ബെൻസിമയെ തിരഞ്ഞെടുത്തിരുന്നു.

ലെയ്മറിനെ വിടാതെ ബയേൺ, ബാവേറിയൻ ജേഴ്‌സി സ്വപ്നം കണ്ട് ഓസ്ട്രിയൻ താരം

ആർബി ലെപ്സിഗിന്റെ ഓസ്ട്രിയൻ താരം കോണ്രാഡ് ലെയ്മറിന് വേണ്ടിയുള്ള പ്രതീക്ഷകൾ അവസാനിപ്പിക്കാതെ ബയേൺ മ്യൂണിച്ച്. ഈ ട്രാൻസ്ഫർ വിൻഡോയിലെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായിരുന്നെങ്കിലും ഇരുപത്തഞ്ചുകാരനെ ടീമിൽ എത്തിക്കാൻ ബയേണിനായിരുന്നില്ല. ലെയ്മർ സമ്മതം മൂളിയിരുന്നെങ്കിലും ലെപ്സിഗുമായി ധാരണയിൽ എത്താൻ സാധിക്കാതെ വന്നതോടെയാണ് കൈമാറ്റം സാധ്യമാകാതെ പോയത്. എന്നാൽ ഓസ്ട്രിയൻ താരത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ അവസാനിപ്പിക്കാൻ ഒരുക്കമല്ലെന്ന സൂചനയാണ് ഫാബ്രിസിയോ റോമാനോ നൽകുന്നത്.

ടീമുമായുള്ള തന്റെ കരാറിന്റെ അവസാന വർഷത്തിലാണ് താരമുള്ളത്. 2023ഓടെ ഫ്രീ ഏജന്റ് ആവുന്ന ലെയ്മറിനെ ടീമിൽ എത്തിക്കാൻ സാധിക്കുമെന്നാണ് ബയേൺ കണക്ക് കൂട്ടുന്നത്. താരവും തന്റെ ഭാവി തട്ടകമായി ബയേണിനെ തന്നെയാണ് കാണുന്നത്. ബയേൺ കോച്ച് നെഗെൽസ്മാനാകട്ടെ കഴിഞ്ഞ വർഷം മുതൽ ലെയ്മറിനെ സ്വന്തം സംഘത്തിന്റെ ഭാഗമാക്കാനുള്ള നീക്കത്തിലുമായിരുന്നു. ഏതായാലും അടുത്ത സീസണോടെ തന്നെ ഇത് സംഭവിച്ചേക്കും.

ആശ്വാസ വാർത്ത, മാർക്കോ റിയുസ് ലോകകപ്പിന് മുമ്പ് തിരികെയെത്തും

ജർമ്മൻ താരം മാർക്കോ റിയുസിന് ഏറ്റ പരിക്ക് സാരമുള്ളതല്ല എന്ന് ഡോർട്മുണ്ട് സ്പോർടിങ് ഡയറക്ടർ സെബാസ്റ്റ്യൻ കേൽ. റിയുസ് ലോകപ്പിനു മുമ്പ് തിരികെയെത്തും എന്ന് അദ്ദേഹം പറഞ്ഞു. ആങ്കിൾ ലിഗമന്റിനാണ് പരിക്ക്. ഒരു മാസം കൊണ്ട് താരം തിരികെയെത്തും എന്ന് അദ്ദേഹം ഉറപ്പു പറഞ്ഞു.

വലിയ ടൂർണമെന്റുകൾ പരിക്ക് കാരണം നഷ്ടമാകുന്ന പതിവുള്ള റിയുസിന് കഴിഞ്ഞ ദിവസം പരിക്കേറ്റപ്പോൾ ആരാധകർ ആശങ്കയിൽ ആയിരുന്നു. ഇനി ലോകകപ്പിന് വെറും രണ്ട് മാസം മത്രമെ ഉള്ളൂ. മാർക്കോ റിയുസിന് 2014ലെ ലോകകപ്പും 2016ലും 2021ലെയും യൂറോ കപ്പും പരിക്ക് കാരണം നഷ്ടമായിരുന്നു.

ഈ സീസൺ മികച്ച രീതിയിൽ തുടങ്ങാൻ റിയുസിനായിരുന്നു. ഗോളും അസിസ്റ്റുമായി 7 ഗോൾ കോണ്ട്രിബ്യൂഷൻ റിയുസ് ഇതിനകം ഡോർട്മുണ്ടിനായി നൽകിയിട്ടുണ്ടായിരുന്നു. ജർമ്മനിക്കായി 46 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് റിയുസ്.

Exit mobile version