പരാജയം സമ്മതിച്ചു ലിവർപൂൾ! ജൂഡ് ബെല്ലിങ്ഹാം ലിവർപൂളിൽ എത്തില്ല!

ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ 19 കാരനായ ഇംഗ്ലീഷ് മധ്യനിര താരം ജൂഡ് ബെല്ലിങ്ഹാമിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ലിവർപൂൾ അവസാനിപ്പിച്ചത് ആയി റിപ്പോർട്ടുകൾ. താരത്തിന്റെ കടുത്ത ആരാധകൻ ആയ ക്ലോപ്പും ക്ലബിനെ താൽപ്പര്യം ഉള്ള ജൂഡും ഒന്നിക്കും എന്ന ലിവർപൂൾ ആരാധകരുടെ പ്രതീക്ഷകൾക്ക് ആണ് ഇതോടെ അന്ത്യമായത്. കഴിഞ്ഞ കുറെ മാസങ്ങൾ ആയി ലിവർപൂൾ താരത്തിന്റെ പിന്നിലും ഉണ്ടായിരുന്നു. എന്നാൽ ഒരു ഇംഗ്ലണ്ട് താരത്തിന്റെ റെക്കോർഡ് തുകക്ക് ജൂഡിനെ സ്വന്തമാക്കാൻ ലിവർപൂളിന് നിലവിൽ ആവില്ല.

നിലവിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ സാധ്യത ഇല്ലാത്തതും ടീമിൽ അധികമുള്ള മധ്യനിര താരങ്ങളെ വിൽക്കേണ്ടതും ലിവർപൂളിന് മുന്നിലുള്ള വെല്ലുവിളി ആണ്. അതിനാൽ തന്നെ താരത്തിന് ആയി സമയം കളയാതെ മറ്റു താരങ്ങളുടെ കാര്യത്തിൽ ശ്രദ്ധിക്കാൻ ആണ് ലിവർപൂൾ ശ്രമം. ചെൽസിയുടെ മേസൻ മൗണ്ട്, കൊണോർ ഗാലഗർ, ബ്രൈറ്റണിന്റെ മോയിസസ് കായിസെഡോ, അലക്സിസ് മകാലിസ്റ്റർ വോൾവ്സിന്റെ മാതിയസ് നുനസ് എന്നിവർ ലിവർപൂളിന് താൽപ്പര്യം ഉള്ളവർ ആണ് എന്നാണ് റിപ്പോർട്ടുകൾ. അതേസമയം ജൂഡിനെ നിലവിൽ റെക്കോർഡ് തുകക്ക് സ്വന്തമാക്കാൻ കൂടുതൽ സാധ്യത റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി ടീമുകൾ ആണ്. 2025 വരെ ഡോർട്ട്മുണ്ടും ആയി കരാറുള്ള മുൻ ബിർമിങ്ഹാം സിറ്റി താരം ഒരു കൊല്ലം കൂടി ജർമ്മനിയിൽ തുടരാനും സാധ്യതയുണ്ടെന്നും റിപ്പോർട്ട് ഉണ്ട്.

യുവതാരങ്ങളുടെ മികവിൽ യൂണിയൻ ബെർലിനെ തോൽപ്പിച്ചു ബൊറൂസിയ ഡോർട്ട്മുണ്ട്

ജർമ്മൻ ബുണ്ടസ് ലീഗയിൽ കിരീട പോരാട്ടത്തിൽ സാധ്യത നിലനിർത്തി ബൊറൂസിയ ഡോർട്ട്മുണ്ട്. മൂന്നാം സ്ഥാനക്കാർ ആയ യൂണിയൻ ബെർലിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച അവർ ലീഗിൽ ബയേണും ആയുള്ള പോയിന്റ് വ്യത്യാസം രണ്ട് ആയി തന്നെ നിലനിർത്തി. ഡോർട്ട്മുണ്ട് ആധിപത്യം കണ്ട മത്സരത്തിൽ ബെർലിനിൽ നേരിട്ട പരാജയത്തിന് അവർ പ്രതികാരം ചെയ്തു. റാഫേൽ ഗുയെരയുടെ പാസിൽ നിന്നു ഡോണിയൽ മാലൻ 28 മത്തെ മിനിറ്റിൽ ഡോർട്ടുമുണ്ടിന് മുൻതൂക്കം സമ്മാനിച്ചു.

രണ്ടാം പകുതിയിൽ 61 മത്തെ മിനിറ്റിൽ ബെക്കറിന്റെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ കെവിൻ ബെഹ്റൻസ് ബെർലിനു സമനില സമ്മാനിച്ചു. എന്നാൽ പരിക്കിൽ നിന്നു മോചിതനായി 74 മത്തെ മിനിറ്റിൽ കളത്തിൽ ഇറങ്ങിയ യുവതാരം യൂസോഫ മൗകോക 5 മിനിറ്റിനുള്ളിൽ ഡോർട്ട്മുണ്ടിന് വിജയഗോൾ സമ്മാനിച്ചു. 7 മത്സരങ്ങൾ ലീഗിൽ അവശേഷിക്കുന്ന സമയത്ത് ബയേണിനെ മറികടക്കാൻ ആയെക്കുമെന്ന പ്രതീക്ഷ ഡോർട്ട്മുണ്ട് നിലനിർത്തി.

കപ്പ് പരാജയത്തിന് ലീഗിൽ പ്രതികാരം ചെയ്തു ബയേൺ

ഡി. എഫ്.ബി പോകലിൽ തങ്ങളെ പുറത്താക്കിയ എസ്.സി ഫ്രയ്ബർഗിനെ ബുണ്ടസ് ലീഗയിൽ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു ബയേൺ മ്യൂണിക്. ജയത്തോടെ ലീഗിൽ ഒന്നാം സ്ഥാനത്ത് 2 പോയിന്റ് മുന്നിൽ അവർ തുടരുകയാണ്, അതേസമയം നാലാം സ്ഥാനത്ത് ആണ് ഫ്രയ്ബർഗ്. ബയേണിന്റെ ആധിപത്യം കണ്ട മത്സരത്തിൽ ഇരു ടീമുകളുടെയും ഷോട്ട് ഓരോ തവണ ബാറിൽ തട്ടി മടങ്ങി.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതി തുടങ്ങിയ ഉടൻ ബയേണിന്റെ വിജയഗോൾ പിറന്നു. 51 മത്തെ മിനിറ്റിൽ ജമാൽ മുസിയാലയുടെ പാസിൽ നിന്നു ഡച്ച് പ്രതിരോധതാരം ഡി ലിറ്റിന്റെ ബോക്സിനു പുറത്ത് നിന്നുള്ള ഉഗ്രൻ ഷോട്ട് എതിർ പ്രതിരോധ താരത്തിന്റെ ദേഹത്ത് ഉരസി ഗോൾ ആവുക ആയിരുന്നു. എട്ട് മത്സരങ്ങളിൽ ഫ്രയ്ബർഗിന്റെ ആദ്യ തോൽവിയാണ് ഇത്. അതേസമയം കപ്പിൽ നേരിട്ട തിരിച്ചടിക്കുള്ള മറുപടിയായി തോമസ് ടൂഷലിന്റെ ടീമിന് ഇത്.

നാഗൽസ്മെനെ പുറത്താക്കിയ വാർത്ത ഞെട്ടിച്ചു : ഗോരെട്സ്ക , പ്രതികരണം അറിയിച്ച് കിമ്മിച്ചും

ബയേണിൽ നിന്നും ജൂലിയൻ നാഗെൽസ്മെനെ പുറത്താക്കിയതിൽ പ്രതികരിച്ച് ടീം അംഗങ്ങളായ ഗോരെട്സ്കയും കിമ്മിച്ചും. കഴിഞ്ഞ ദിനങ്ങൾ തന്നെ ബാധിച്ചിട്ടില്ലെന്ന് പറഞ്ഞാൽ അത് കള്ളമാകും എന്ന് സൂചിപ്പിച്ചാണ് ഗോരെട്സ്ക പ്രതികരിച്ചത്. വളരെ വിഷമമേറിയ സമയമാണിതെന്നും, വളരെ ഊഷ്മളമായ ബന്ധമാണ് തങ്ങൾക്ക് ജൂലിയനുമായി ഉണ്ടായിരുന്നത് എന്നും താരം പറഞ്ഞു. “ഒരു കുടുംബം എന്നതിൽ കവിഞ്ഞ ബന്ധമാണ് തനിക്ക് അദ്ദേഹവുമായി ഉണ്ടായിരുന്നത്, അത് കൊണ്ട് തന്നെ ഈ വാർത്ത ഞെട്ടിക്കുന്നതായിരുന്നു”, ഗോരെട്സ്ക പറഞ്ഞു. ഡ്രെസ്സിംങ് റൂമിൽ കോച്ചിന് യാതൊരു പ്രശ്നമാവും ഉണ്ടായിരുന്നില്ലെന്നും താരം ആണയിട്ടു. വ്യക്തിപരമായി തനിക്ക് കോച്ചുമായി യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ലെങ്കിലും മറ്റ് താരങ്ങളുടെ കാര്യം തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ടീമിന്റെ ചുമതല വഹിക്കുന്നവരിൽ വിശ്വാസം അർപ്പിക്കുന്നു എന്നും ഗോരെട്സ്ക കൂട്ടിച്ചേർത്തു.

ജോഷുവ കിമ്മിച്ചും നാഗെൽസ്മെന്റെ പുറത്താകലിൽ ദുഃഖം രേഖപ്പെടുത്തി. “കോച്ചിങ് സ്ഥാനത്ത് മാറ്റം ഉണ്ടാകുന്നത് എപ്പോഴും സങ്കടകരമാണ്. അതിനർഥം താനുൾപ്പടേയുള്ള താരങ്ങൾ നല്ല പ്രകടനം പുറത്തെടുക്കുന്നില്ല എന്നാണ്, സ്ഥിരതയുള്ള കളിയല്ല താങ്ങളുടേത് എന്നാണ്. മികച്ച റിസൾട്ടുകൾ നേടാൻ തങ്ങൾക്ക് കഴിഞ്ഞിരുന്നെങ്കിൽ ഈ മാറ്റം ഉണ്ടാകില്ലായിരുന്നു”. എന്നാൽ ഫുട്ബാളിൽ ഇത് സാധാരണയാണെന്നും ഇത്തരം സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയാണ് തങ്ങൾ ചെയ്യേണ്ടത് എന്നും കിമ്മിച്ച് ചൂണ്ടിക്കാണിച്ചു. ഒരിക്കലും ഡ്രസിങ് റൂം നഗെൽസ്മേന്റെ കയ്യിൽ നിന്നും നഷ്ടപ്പെടിട്ടില്ലെന്ന് കിമ്മിച്ചും സമ്മതിച്ചു. പുതിയ കോച്ച് ടൂഷലിനെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തെ ഇതുവരെ അറിയില്ലെന്നായിരുന്നു കിമ്മിച്ചിന്റെ പ്രതികരണം.

ഇതൊരു ബഹുമതി ആയി കണക്കാക്കുന്നു, ബയേണിൽ എല്ലാ കിരീടങ്ങളും നേടുക ലക്ഷ്യം : തോമസ് ടൂഷൽ

ബയേണിന്റെ ചുമതല ഏറ്റെടുക്കാൻ തന്നെ സമീപിച്ചത് ബഹുമതി ആയി കണക്കാക്കുന്നു എന്ന് തോമസ് ടൂഷൽ. ടീമിന്റെ ചുമതല ഏറ്റെടുത്ത ശേഷം ബോർഡ് അംഗങ്ങൾക്കൊപ്പം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ടീമിനോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ സന്തോഷം ഉണ്ടെന്നും സാധ്യമായ എല്ലാ കിരീടങ്ങളും നേടാൻ ശ്രമിക്കുമെന്നും ടൂഷൽ പറഞ്ഞു. കാര്യങ്ങൾ എല്ലാം പെട്ടെന്നാണ് മാറി മറിഞ്ഞെതെന്ന് അദ്ദേഹം സമ്മതിച്ചു. മറ്റ് രാജ്യങ്ങളിലാണ് തന്റെ കോച്ചിങ് കരിയർ തുടരുക എന്നാണ് കരുതിയിരുന്നത് എന്നും, എന്നാൽ ബയേണിൽ നിന്നുള്ള ഓഫർ എല്ലാം മാറ്റി മറിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

“ട്രോഫികൾ എല്ലാം വിജയിക്കാൻ ഇപ്പോഴും ടീമിന് അവസരമുണ്ട്. അതിനാൽ തന്നെ വലിയ മാറ്റങ്ങൾ ഒന്നും ടീമിൽ ഉടനെ കൊണ്ടു വരുന്നത്‌ ശരിയല്ല. താനും തന്റെ ടീമും കൂടുതൽ വിശകലനങ്ങൾ നടത്തേണ്ടതുണ്ട്. ഇപ്പോൾ ചെറിയ മാറ്റങ്ങൾ ഒക്കെ പ്രതീക്ഷിക്കാം”. ടൂഷൽ പറഞ്ഞു. തന്റെ കൂടെ പ്രവർത്തിച്ചിരുന്ന കോച്ചിങ് സ്റ്റാഫിനെ പലരെയും കൂടെ കൊണ്ടു വരാൻ പറ്റുമെന്ന് കരുതുന്നതായി അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. മുൻപരിശീലകൻ ആയ നെഗ്ല്സ്മനെ ടൂഷൽ പുകഴ്ത്തി. നെഗ്ല്സ്മെൻ കിരീടങ്ങളുടെ പാതയിൽ ടീമിനെ എത്തിച്ചെന്നും ഇനി ഈ അവസരം മുതലെടുക്കുകയാണ് തങ്ങൾ ചെയ്യേണ്ടത് എന്നും ടൂഷൽ ചൂണ്ടിക്കാണിച്ചു. മുന്നിലുള്ള മൂന്ന് കിരീടങ്ങലും നേടാൻ സാധ്യമായ എല്ലാം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തവണ ബയേണിന്റെ ചാമ്പ്യൻസ് ലീഗിലെ ഫോം അപാരമാണെന്നും ടൂഷൽ ചൂണ്ടിക്കാണിച്ചു.

എവിടെയും ബയേണിനെ കുറിച്ചു മികച്ച അഭിപ്രായമാണെന്നും, ആരും ഈ ടീമിനെതിരെ കളിക്കാൻ ഇഷ്ടപ്പെടുന്നില്ലെന്നും ടൂഷൽ വ്യക്തമാക്കി. ബയേണിന്റെ ശക്തമായ സ്ക്വാഡിന് പ്രീമിയർ ലീഗ് കിരീടത്തിന് വേണ്ടി വരെ പോരാടാൻ കഴിവുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടു വർഷത്തെ കരാറിനെ കുറിച്ചുള്ള ചോദ്യത്തിന് താൻ ഈ കാലയളവിൽ വളരെ സന്തുഷ്ടനാണെന്നും എന്നാൽ ഇത് ദീർഘിപ്പിക്കാൻ ശ്രമിക്കുമെന്നും ടൂഷൽ പറഞ്ഞു. എന്നാൽ ആദ്യ പടി ടീമിലെ വിശ്വാസം നേടിയെടുക്കുക എന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇരട്ട ഗോളുമായി പവാർഡ്; ഓഗ്സ്ബെർഗിനെ കീഴടക്കി ബയേൺ

ലീഡ് വഴങ്ങിയ ശേഷം ശക്തമായി തിരിച്ചു വന്ന് ബയേൺ മ്യൂണിച്ചിന് ബുണ്ടസ് ലീഗയിൽ തകർപ്പൻ ജയം. ഓഗ്സ്ബെർഗിനെ മൂന്നിനെതിരെ അഞ്ചു ഗോളുകൾക്ക് വീഴ്ത്തി അവർ ഒന്നാം സ്ഥാനത്ത് മൂന്ന് പോയിന്റ് ലീഡ് ഉയർത്തി. അടുത്ത മത്സരം വിജയിച്ചാൽ ഡോർട്മുണ്ടിന് പോയിന്റ് നിലവിൽ ബയേണിന്റെ ഒപ്പം എത്താം.

സാദിയോ മാനെ, കാൻസലോ, സാനെ എന്നിവയെല്ലാം ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയാണ് നെഗ്ല്സ്മെൻ ടീമിനെ അണിനിരത്തിയത്. എന്നാൽ രണ്ടാം മിനിറ്റിൽ തന്നെ വല കുലുക്കി കൊണ്ട് ഒഗ്‌സ്ബെർഗ് ബയേണിനെ ഞെട്ടിച്ചു. പന്ത് ക്ലിയർ ചെയ്യുന്നതിൽ ബയേൺ ഡിഫെൻസിന് പിഴച്ചപ്പോൾ അവസരം മുതലാക്കി ബെരിഷ അനായസം വല കുലുക്കി. എന്നാൽ പിന്നീട് ബയേണിന്റെ തേരോട്ടം ആയിരുന്നു ആദ്യ പകുതിയിൽ. പതിനഞ്ചാം മിനിറ്റിൽ ബോക്സിലേക്ക് ഓടിക്കയറി കാൻസലോ തൊടുത്ത ഷോട്ടിൽ സമനില നേടിയ അവർ വെറും നാല് മിനിറ്റിനു ശേഷം പവർഡിന്റെ ഗോളിൽ ലീഡും നേടി. ഫ്രീകിക്കിലൂടെ എത്തിയ ബോൾ ക്ലിയർ ചെയതത് ബോക്സിനുള്ളിൽ നിന്ന് തന്നെ മാനെ ബൈസൈക്കിൽ കിക്കിലൂടെ പോസ്റ്റിന് മുന്നിലേക്കായി ഉയർത്തി ഇട്ടത് താരം വലയിൽ ആക്കുകയായിരുന്നു.

35ആം മിനിറ്റിൽ പവാർഡ് വീണ്ടും ഗോൾ കണ്ടെത്തി. കോർണറിലൂടെ എത്തിയ ബോൾ ഓഗ്സ്ബെർഗ് താരങ്ങളിലൂടെ പവാർഡിന്റെ മുന്നിലേക്ക് എത്തിയപ്പോൾ താരം ഉയർന്ന് ചാടി തൊടുത്ത വോളി പോസ്റ്റിലേക്ക് കയറി. ഇടവേളക്ക് മുൻപായി മാനെയുടെ ഷോട്ട് കീപ്പർ തടുത്തത്തിൽ ഹെഡർ ഉതിർത്ത് സാനെയും സ്കോറിങ് പട്ടികയിൽ ഇടം പിടിച്ചു.

രണ്ടാം പകുതിയിൽ ഡി ലൈറ്റിന്റെ ഫൗളിൽ റഫറി വിസിൽ പെനാൽറ്റി സ്പോട്ടിലേക്ക് വിസിൽ ഊതിയപ്പോൾ ബെരിഷ തന്റെയും ടീമിന്റെയും മത്സരത്തിലെ രണ്ടാം ഗോൾ കണ്ടെത്തി. 74ആം മിനിറ്റിൽ കാൻസലോയുടെ അസിസ്റ്റിൽ അൽഫോൻസോ ഡേവിസ് വല കുലുക്കി. പിന്നീട് പരിക്ക് ഭേദമായ മാസ്രോയിയും ഒരിടവേളയ്ക്ക് ശേഷം ബയേണിനായി കളത്തിൽ എത്തി. ഇഞ്ചുറി ടൈമിൽ കാർഡോണയുടെ ഗോളിൽ ഓഗ്സ്ബെർഗ് തോൽവിയുടെ കനം കുറച്ചു.

പിറന്നാൾ ഗോളുമായി മുസിയല,യൂണിയൻ ബെർലിനെ തകർത്ത് ബയേൺ

ബുണ്ടസ് ലീഗയിൽ വമ്പൻ ജയവുമായി ബയേൺ മ്യൂണിക്ക്. മൂന്നാം സ്ഥാനക്കാരായ യൂണിയൻ ബെർലിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബയേൺ മ്യൂണിക്ക് തകർത്തത്. ചൗപോ മോട്ടിംഗും കിംഗ്സ്ലി കോമനും മുസിയാലയുമാണ് ബയേണിനായി ഗോളടിച്ചത്. തോമസ് മുള്ളർ രണ്ട് ഗോളുകൾക്ക് വഴിയൊരുക്കിയപ്പോൾ കോമൻ ഒരു ഗോളും ഒരു അസിസ്റ്റും നൽകി. ഈ ജയത്തോട് കൂടി ഗോൾ ഡിഫ്രൻസ് കാരണം ഡോർട്ട്മുണ്ടിന് മുൻപിൽ, പോയന്റ് നിലയിൽ ഒന്നാം സ്ഥാനത്താണ് ബയേൺ മ്യൂണിക്ക്.

ജയം മാത്രം ലക്ഷ്യം വെച്ചിറങ്ങിയ ബയേൺ മ്യൂണിക്ക് യൂണിയൻ ബെർലിന് എതിരെ ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകളാണ് അടിച്ചു കൂട്ടിയത്‌. ആദ്യ ഗോൾ പിറന്നത് ചൗപോ മോട്ടിംഗിലൂടെയായിരുന്നു. കോമന്റെ ക്രോസ് ഹെഡ്ഡ് ചെയ്ത് എറിക് ജീൻ മാക്സും ചൗപോ മോട്ടിംഗ് ബയേണിന് ലീഡ് നൽകി. വൈകാതെ തന്നെ ബയേണിനായി 430ആം മത്സരത്തിനായി ബൂട്ടണിഞ്ഞ മുള്ളർ കോമന്റെ ഗോളിനും വഴിയൊരുക്കി. ആദ്യ പകുതി അവസാനിക്കാനിരിക്കെ പിറന്നാൾ ആഘോഷിക്കുന്ന മുസിയലയുടെ ഗോളിനും മുള്ളർ അസിസ്റ്റ് നൽകി. 110 ദിവസങ്ങൾക്ക് ശേഷം സാഡിയോ മാനെ കളത്തിൽ തിരികെയെത്തിയതും ബയേണിന് ആശ്വാസമായി.
ഈ വർഷത്തെ യൂണിയൻ ബെർലിന്റെ ആദ്യ തോൽവി ആയിരുന്നു ഇന്നത്തേത്. ബുണ്ടസ് ലീഗയിൽ ഇതുവരെ ബയേൺ മ്യൂണിക്കിനോട് ജയിക്കാൻ യൂണിയൻ ബെർലിനായിട്ടില്ല.

ചാമ്പ്യൻസ് ലീഗിലെ ജയം ബുണ്ടസ് ലീഗയിൽ ആവർത്തിക്കാൻ ആയില്ല, ബയേണിനെ വീഴ്ത്തി ഗ്ലാഡ്ബാച്

മത്സരത്തിന്റെ ഭൂരിഭാഗവും പത്ത് പേരുമായി കളിക്കേണ്ടി വന്ന ബയേൺ മ്യൂണിച്ചിന് സീസണിലെ രണ്ടാം തോൽവി സമ്മാനിച്ച് ബൊറൂസിയ മൊൻചെൻ ഗ്ലാഡ്ബാച്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഒന്നാം സ്ഥാനക്കാരെ അവർ വീഴ്ത്തിയത്. സ്റ്റിൻഡിൽ, ഹോഫ്മാൻ, മർകസ് തുറാം എന്നിവർ ജേതാക്കൾക്കായി വല കുലുക്കി. ചുപ്പോ മോണ്ടെങും മത്തിയസ് ടെലും ബയേണിന്റെ ഗോളുകൾ നേടി. ഇതോടെ ബയേണിന്റെ ഒന്നാം സ്ഥാനത്തിന് വലിയ ഭീഷണി ആയി. ഷാൽകെയെ നേരിടുന്ന യൂണിയൻ ബെർലിന് മത്സരം ജയിക്കാൻ ആയാൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്താം. അടുത്ത മത്സരത്തിൽ ജയിച്ചാൽ ഡോർട്മുണ്ടും പോയിന്റ് നിലയിൽ ബയേണിന് ഒപ്പം എത്തും.

മത്സരത്തിന്റെ എട്ടാം മിനിറ്റിൽ തന്നെ ഉപമേങ്കാനോ ചുവപ്പ് കാർഡ് കണ്ട് കളം വിട്ടതാണ് മത്സരത്തിൽ നിർണായകമായത്. കൗണ്ടർ അറ്റാക്കിൽ ഒറ്റക്ക് ഓടിയെത്തിയ പ്ലീയെ വീഴ്ത്തിയതിന് ആയിരുന്നു താരത്തിന് പുറത്തു പോകേണ്ടി വന്നത്. 13ആം മിനിറ്റിൽ മോഞ്ചൻഗ്ലാഡ്ബാച് ആദ്യ ഗോൾ നേടി. വലത് ഭാഗത്ത് നിന്നും ലഭിച്ച ഫ്രീകിക്ക് ബോക്സിന് പുറത്തു നിന്ന സ്റ്റിണ്ടിലേക്ക് എത്തിയപ്പോൾ താരത്തിന്റെ ഷോട്ട് തടുക്കാൻ മുൻ സഹതാരം യാൻ സോമറിന് ആയില്ല. ആളെണ്ണം കുറഞ്ഞത് വക വെക്കാതെ അക്രമണാത്മക ഫുട്‌ബോൾ തന്നെ കെട്ടഴിച്ച ബയേൺ അധികം വൈകാതെ സമനില ഗോൾ നേടി. ഇടത് വിങ്ങിൽ കുതിച്ച ഡേവിസ് പോസ്റ്റിന് മുന്നിലേക്കായി നൽകിയ പാസിൽ ചുപ്പോ മോണ്ടെങ് ലക്ഷ്യം കണ്ടു.

രണ്ടാം പകുതിയിൽ സാനെയേയും മുസ്‌യാലയേയും ഇറക്കി ബയേൺ ഗോൾ കണ്ടെത്താനുള്ള നീക്കങ്ങൾ ആരംഭിച്ചു. 55 ആം മിനിറ്റിൽ സ്വന്തം പകുതിയിൽ നിന്നും ബയേൺ നഷ്ടപ്പെടുത്തിയ ബോളിൽ ഹൊഫ്‌മാൻ ലക്ഷ്യം കണ്ടപ്പോൾ മോഞ്ചൻഗ്ലാബാച് ലീഡ് തിരിച്ചു പിടിച്ചു. 84ആം മിനിറ്റിൽ പകരക്കാരനായി എത്തിയ മർക്കസ് തുറാമിലൂടെ അവർ പട്ടിക പൂർത്തിയാക്കി. ഇഞ്ചുറി ടൈമിൽ മത്തിയസ് ടെലിലൂടെ ബയേൺ ഒരു ഗോൾ മടക്കിയെങ്കിലും സമയം അതിക്രമിച്ചിരിക്കുന്നു. ഉപമെങ്കാനോ നേരത്തെ പുറത്തായിട്ടും ഡി ലൈറ്റിനെ രണ്ടാം പകുതിയിൽ വളരെ വൈകിയാണ് നെഗ്ല്സ്മാൻ കളത്തിൽ ഇറക്കിയത്. ആളെണ്ണം കുറവായിട്ടും അക്രമണത്തിന് തന്നെ മുൻതൂക്കം നൽകിയത് തോൽവിയുടെ ആധിക്യം വർധിപ്പിച്ചു.

വിജയവുമായി ബയേൺ ഒന്നാമത് തുടരുന്നു

ബുണ്ടസ് ലീഗയിൽ വിജയവുമായി ബയേൺ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇന്ന് നടന്ന മത്സരത്തിൽ മുള്ളർ, കോമാൻ, ഗ്നാബറി എന്നിവരാണ് ബയേണിനായി ഗോൾ കണ്ടെത്തിയത്. സീസൺ പുനരംഭിച്ച ശേഷം തുടക്കം സമനിലകളോടെ ആയിരുന്നെങ്കിലും അവസാന മത്സരങ്ങളിൽ പതിവ് ഗോളടി മികവ് വീണ്ടെടുക്കാൻ ബയേണിനായി. അടുത്ത മത്സരം ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിക്കെതിരാണ്. നിലവിൽ മൂന്ന് പോയിന്റുള്ള ലീഡ്, യൂണിയൻ ബെർലിൻ വിജയം നേടിയാൽ വീണ്ടും ഒരു പോയിന്റിലേക്ക് ചുരുങ്ങും.

ദുർബലരായ എതിരാളികൾക്കെതിരെ ബയേൺ തുടക്കം മുതൽ തന്നെ പതിവ് ഫോമിൽ ആയിരുന്നു. മുസ്‌യാലയുടെ ഷോട്ട് കീപ്പരുടെ കൈകളിൽ അവസാനിച്ചപ്പോൾ കാൻസലോയുടെ പാസിൽ ചുപ്പോ മോട്ടിങ്ങിന്റെ ഹെഡർ ലക്ഷ്യം കാണാതെ പോയി. തുടർന്ന് ഗ്നാബറിക്ക് ലഭിച്ച അവസരങ്ങളും ഫലം കണ്ടില്ല. ഒടുവിൽ നാൽപതാം മിനിറ്റിൽ മുള്ളർ ആണ് സമനില പൂട്ട് പൊട്ടിച്ചത്. ബോച്ചും കോർണർ വഴി എത്തിയ ബോൾ പിറകിലോട്ടു നൽകാനുള്ള ശ്രമം പിഴച്ചപ്പോൾ സമ്മർദ്ദം ഉയർത്തിയ മുള്ളറെ തടയാൻ ബോക്‌സ് വിട്ടിറങ്ങിയ കീപ്പർക്കും ആയില്ല. ബോക്സിന് പുറത്തു നിന്നുള്ള താരത്തിന്റെ ഇടം കാലൻ ഷോട്ട് വലയിൽ പതിക്കുകയായിരുന്നു. രണ്ടാം പകുതിയിൽ ബയേൺ ലീഡ് വർധിപ്പിച്ചു. അറുപതിനാലാം മിനിറ്റിൽ കോമാൻ ആണ് ലക്ഷ്യം കണ്ടത്. മുസ്‌യാലയുടെ പാസിൽ നിന്നായിരുന്നു ഗോൾ പിറന്നത്. പിന്നീട് ഗ്നാബറിയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി താരം തന്നെ വലയിൽ എത്തിച്ചു പട്ടിക തികച്ചു.

ബയേൺ മ്യൂണിക്കിനെ സമനിലയിൽ കുരുക്കി ഫ്രാങ്ക്ഫർട്ട്

ബുണ്ടസ് ലീഗയിൽ വീണ്ടും സമനിലക്കുരുക്കിൽ ബയേൺ മ്യൂണിക്ക്. ഇന്ന് ജർമ്മനിയിൽ ഓരോ ഗോൾ വീതമടിച്ചാണ് ബയേണും ഫ്രാങ്ക്ഫർട്ടും പോയന്റ് പങ്കിട്ട് പിരിഞ്ഞത്. ബയേണിന് വേണ്ടി ലെറോയ് സാനെയും ഫ്രാങ്ക്ഫർട്ടിനായി കോളോ മുവാനിയും ഗോളടിച്ചു. ബയേണിന്റെ തുടർച്ചയായ മൂന്നാം സമനിലയാണിത്. ഇതിന് മുൻപ് കൊളോനിനെതിരെയും ലെപ്സിഗിനെതിരെയും ബയേൺ സമനില വഴങ്ങിയിരുന്നു.

കളിയുടെ തുടക്കം മുതൽ തന്നെ ബയേണിന് വേണ്ടി സാനെ ഫ്രാങ്ക്ഫർട്ടിന്റെ കെവിൻ ട്രാപ്പിനെ പരീക്ഷിച്ച് തുടങ്ങിയിരുന്നു. സാനെയും മുള്ളറും കിമ്മിഷും തുടർച്ചയായി ഫ്രാങ്ക്ഫർട്ട് ഗോൾമുഖത്തേക്ക് പാഞ്ഞടുത്തുകൊണ്ടിരുന്നു. 34ആം മിനുട്ടിൽ സാനെയിലൂടെ ബയേൺ ആദ്യ ഗോൾ നേടി. മുള്ളറുടെ ബുദ്ധിപരമായ നീക്കത്തിനൊടുവിൽ സാനെ ഫ്രാങ്ക്ഫർട്ട് ഗോൾ വല കുലുക്കി. രണ്ടാം പകുതിയിൽ ഗോട്സെയുടെ വരവിലൂടെ ഫ്രാങ്ക്ഫർട്ട് കളിയിൽ തിരികെയെത്താൻ ശ്രമിച്ചു. കമാഡെയും ബോരെയും ഇറക്കി ഫ്രാങ്ക്ഫർട്ട് കളിയിലേക്ക് തീരികെ വരാൻ ശ്രമിക്കുകയും ഫലം കാണുകയും ചെയ്തു. കാമാഡയുടെ പന്ത് സോമറിനെ കാഴ്ച്ചക്കാരനാക്കി കോളോ മുവാനി ബയേണിന്റെ വലയിലേക്ക് അടിച്ച് കയറ്റി. 2023ൽ ഒരു ജയത്തിനായി ബയേണിന്റെ കാത്തിരിപ്പ് തുടരുകയാണ്.

ലോകകപ്പിന് മുമ്പുള്ള അവസാന മത്സരത്തിൽ ഷാൽക്കയെ മറികടന്നു ബയേൺ മ്യൂണിക്

ലോകകപ്പ് തുടങ്ങുന്നതിനു മുമ്പുള്ള അവസാന മത്സരത്തിൽ ലീഗിലെ അവസാന സ്ഥാനക്കാർ ആയ ഷാൽക്കയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മറികടന്നു ബയേൺ മ്യൂണിക്. ജയത്തോടെ ലോകകപ്പിന് പിരിയുമ്പോൾ ലീഗിൽ ഒന്നാമത് തങ്ങൾ ആണെന്നും ബയേൺ ഉറപ്പിച്ചു. അതേസമയം 15 കളികളിൽ 9 പോയിന്റുകളും ആയി അവസാമതുള്ള ഷാൽക്ക തരം താഴ്ത്തൽ ഭീഷണിയിൽ ആണ്. ആദ്യ പകുതിയിൽ നന്നായി പ്രതിരോധിച്ചു നിന്ന ഷാൽക്കക്ക് അവസാനം പിഴച്ചു.

38 മത്തെ മിനിറ്റിൽ ജമാൽ മുസിയാലയുടെ ബാക് ഹീൽ പാസിൽ നിന്നു ഗോൾ കണ്ടത്തിയ സെർജ് ഗനാബ്രി ബയേണിന് മത്സരത്തിൽ മുൻതൂക്കം നൽകി. ഷാൽക്കയുടെ ചെറുത്ത് നിൽപ്പ് ഇതോടെ അവസാനിച്ചു. 52 മത്തെ മിനിറ്റിൽ ഷാൽക്ക ഫ്രീകിക്കിൽ നിന്നു തുടങ്ങിയ വേഗമേറിയ കൗണ്ടർ അറ്റാക്കിന്‌ ഒടുവിൽ മുസിയാലയുടെ പാസിൽ നിന്നു ഗോൾ നേടിയ എറിക് ചൗപ മോട്ടിങ് ബയേണിന്റെ ജയം പൂർത്തിയാക്കി. നിലവിൽ രണ്ടാം സ്ഥാനക്കാർ ആയ യൂണിയൻ ബെർലിനെക്കാൾ 6 പോയിന്റുകൾ മുന്നിൽ ആണ് ബയേൺ.

ഗോൾ അടിച്ചു അടിപ്പിച്ചും ആന്ദ്ര സിൽവ,ജയത്തോടെ ആർ.ബി ലൈപ്സിഗ് ലീഗിൽ രണ്ടാമത്

ജർമ്മൻ ബുണ്ടസ് ലീഗയിൽ വെർഡർ ബ്രമനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു ആർ.ബി ലൈപ്സിഗ് ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. പരാജയത്തോടെ ബ്രമൻ ഒമ്പതാം സ്ഥാനത്തേക്ക് വീണു. പന്ത് കൈവശം വക്കുന്നതിൽ ഇരു ടീമുകളും തുല്യത പാലിച്ച മത്സരത്തിൽ ഏറ്റവും കൂടുതൽ അവസരങ്ങൾ തുറന്നത് ആർ.ബി ലൈപ്സിഗ് ആയിരുന്നു. മത്സരത്തിൽ 13 മത്തെ മിനിറ്റിൽ കൗണ്ടർ അറ്റാക്കിൽ എമിൽ ഫോർസ്ബർഗിന്റെ പാസിൽ നിന്നു ആന്ദ്ര സിൽവ ലൈപ്സിഗിന് മുൻതൂക്കം സമ്മാനിച്ചു.

രണ്ടാം പകുതിയിൽ 56 മത്തെ മിനിറ്റിൽ റൊമാന സ്കിമിഡിന്റെ പാസിൽ നിന്നു ക്രിസ്റ്റിയൻ ഗ്രോസ് ബ്രമനു സമനില സമ്മാനിച്ചു. എന്നാൽ 71 മത്തെ മിനിറ്റിൽ ആന്ദ്ര സിൽവയുടെ പാസിൽ നിന്നു സാവർ സ്ഗലാഗർ ലൈപ്സിഗിന് ജയം സമ്മാനിച്ചു. അതേസമയം ഹോഫൻഹെയിമിനു എതിരെ വോൾവ്ബർഗ് 2-1 നു വിജയം കണ്ടു. എഫ്.സി കോളിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഹെർത്ത ബെർലിൻ മറികടന്നപ്പോൾ ബയേർ ലെവർകുസൻ സമാനമായ സ്കോറിന് സ്റ്റുഗാർട്ടിനെയും മറികടന്നു.

Exit mobile version