മരിയോ ഗോമസ് സ്റ്റട്ട്ഗാർട്ടിൽ തിരിച്ചെത്തി

ജർമ്മൻ സ്‌ട്രൈക്കർ മരിയോ ഗോമസ് വോൾഫ്ബർഗ് വിട്ട് സ്റ്റട്ട്ഗാർട്ടിലേക്ക് തിരിച്ചെത്തി. 2020 വരെയാണ് സ്റ്റട്ട്ഗാർട്ട്മായിട്ടുള്ള കോൺട്രാക്ട് എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. ജർമ്മനിക്ക് വേണ്ടി 71 മത്സരങ്ങളിൽ ബൂട്ടണിഞ്ഞിട്ടുള്ള ഗോമസ് 31 ഗോളുകളും നേടിയിട്ടുണ്ട്. സ്റ്റട്ട്ഗാർട്ടിൽ കളിയാരംഭിച്ച ഗോമസ് സ്റ്റട്ട്ഗാർട്ടിനെ ജർമ്മൻ ചാമ്പ്യന്മാരാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്നു. പതിനാലു ഗോളുകളുമായി ഗോമസ് ആ വർഷത്തെ ജർമ്മൻ ഫുട്ബോളറായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2009 ലാണ് സ്റ്റട്ട്ഗാർട്ട് വിട്ട് ബയേണിലേക്ക് ഗോമസ് ചുവട് മാറ്റുന്നത്. അതെ സമയം സ്റ്റട്ട്ഗാർട്ടിൽ ലോണിൽ പോയിരുന്ന ജോസിപ് ബ്രെക്ളോ വോൾഫ്‌സിലേക്ക് തിരിച്ചെത്തും.

ചാമ്പ്യൻസ് ലീഗ് നേടിയ ബയേൺ മ്യൂണിക്ക് ടീമിൽ അംഗമായിരുന്ന ഗോമസ് ബയേണിൽ നിന്നും സീരി എയിലേക്ക് ചുവട് മാറ്റി. പരിക്കിനെ തുടർന്ന് ഫ്ലോറന്റീനയിൽ ശോഭിക്കാൻ ഗോമസിനു സാധിച്ചില്ല. അടുത്ത വർഷം ബെസിക്ട്സിൽ ലോണിൽ പോയ ഗോമസ് ടോപ്പ് സ്‌കോറർ ആയി തുർക്കിയിലെ ടോപ്പ് ലീഗായ സൂപ്പർ ലീഗ് നേടാൻ അവരെ സഹായിച്ചു. പിന്നീട് വോൾഫ്സ്ബർഗിലൂടെ ബുണ്ടസ്ലീഗയിലേക്ക് തിരിച്ചെത്തി. ജോവാക്കിം ലോയുടെ ജർമ്മൻ സ്‌ക്വാഡിലേക്ക് തിരിച്ചു വിളിക്കുമെന്ന പ്രതീക്ഷയിലാണ് ഗോമസ് ഇത്തവണ സ്റ്റട്ട്ഗാർട്ടിലേക്ക് മരിയോ ഗോമസ് തിരിച്ചെത്തുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial