ലെവൻഡോസ്‌കിക്ക് ഹാട്രിക്ക്, ആറടിച്ച് ബയേൺ മ്യൂണിക്ക്

ബുണ്ടസ് ലീഗയിൽ ഗോൾ മഴ പെയ്യിച്ച് മറ്റൊരു വിജയം കൂടി ബയേൺ സ്വന്തമാക്കി. ബുണ്ടസ് ലീഗയുടെ ചരിത്രത്തിൽ ആദ്യമായി റെലെഗേഷൻ ഉറപ്പാക്കിയ ഹാംബർഗ് എസ്‌വിക്കെതിരെയാണ് എതിരില്ലാത്ത ആറു ഗോളുകൾക്ക് ബയേൺ വിജയിച്ചത്. ഒരു തകർപ്പൻ ഹാട്രിക്കോടെ റോബർട്ട് ലെവൻഡോസ്‌കി തന്റെ ബുണ്ടസ് ലീഗ കരിയറിലെ ബയേണിന് വേണ്ടിയുള്ള നൂറാം ഗോൾ എന്ന നാഴികക്കല്ല് പിന്നിട്ടു. ലെവൻഡോസ്‌കി മൂന്നു ഗോൾ നേടിയപ്പോൾ ബാക്കി മൂന്നു ഗോൾ “റോബറിയുടെ” വകയായിരുന്നു. ഇരട്ട ഗോളുകളുമായി ഫ്രാങ്ക് റിബറിയും ഒരു ഗോളുമായി അർജെൻ റോബനും ലെവൻഡോസ്‌കിക്ക് തുണയായി.

മത്സരം തുടങ്ങി എട്ടാം മിനുറ്റിൽ റിബറിയുടെ തകർപ്പൻ ഗോളിൽ ബയേൺ ലീഡ് നേടി. ബുണ്ടസ് ലീഗയുടെ 51000 മത്തെ ഗോളായിരുന്നു റിബറി നേടിയത്. ലെവൻഡോസ്‌കിയുടെ രണ്ടു ഗോളുകളാണ് ഏഴുമിനുട്ട് വ്യത്യാസത്തിൽ ഹാംബർഗിന്റെ വലയിൽ കയറിയത്. ആദ്യ പകുതിയിൽ മൂന്നു ഗോളുകൾക്കാണ് ഹാംബർഗ് പിന്നിട്ടു നിന്നത്. അന്പത്തിയഞ്ചാം മിനുട്ടിൽ റോബനിലൂടെ ബയേൺ ലീഡ് നാലായി ഉയർത്തി. എണ്പത്തിയൊന്നാം മിനുട്ടിൽ റിബറി ഇരട്ട ഗോളുകൾ തികച്ചു.

പിന്നീട് ബയേണിന് ഒരു പെനാൽറ്റി ലഭിച്ചെങ്കിലും കിക്കെടുത്ത ലെവൻഡോസ്‌കിക്ക് പിഴച്ചു. മെസിയുടെ കുപ്രസിദ്ദമായ പെനാൽറ്റി ഷോട്ടിനെ ഓർമിപ്പിക്കുന്ന തരത്തിൽ ആയിരുന്നു ആ ഷോട്ട്. എന്നാൽ മിനുട്ടുകൾ മാത്രം അവശേഷിക്കവെ കിമ്മിഷിനെ ഫൗൾ ചെയ്തതിലൂടെ മറ്റൊരു പെനാൽറ്റി കൂടി ബയേണിന് ലഭിച്ചു. ഇത്തവണ കിക്കെടുത്ത ലെവൻഡോസ്‌കിക്ക് പിഴച്ചില്ല. ഈ തകർപ്പൻ വിജയത്തോടെ കിരീടത്തോട് ഒരു ചുവട് കൂടി ബയേൺ അടുത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഗോവയിൽ സമനിലയും എവേ ഗോളും സ്വന്തമാക്കി ചെന്നൈയിൻ
Next articleപവലും റോച്ചും കെസ്രിക് വില്യംസും തിളങ്ങി, അയര്‍ലണ്ടിനെയും വീഴ്ത്തി വിന്‍ഡീസ്