മികച്ച വിജയത്തോടെ ലെപ്സിഗ് ജർമ്മനിയിൽ തുടങ്ങി

കഴിഞ്ഞ സീസൺ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിസ്റ്റുകളായ ലെപ്സിഗിന് ബുണ്ടസ് ലീഗയിൽ മികച്ച തുടക്കം. ഇന്ന് നടന്ന ലീഗിലെ ആദ്യ മത്സരത്തിൽ മൈൻസിനെ നേരിട്ട ലെപ്സിഗ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. ടിമോ വെർണർ ക്ലബ് വിട്ട അഭാവം ഒന്നും ഇന്ന് നെഗൽസ്മാന്റെ ടീമിൽ കണ്ടില്ല. ലെപ്സിഗിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ആദ്യ 21 മിനുട്ടിൽ തന്നെ ലെപ്സിഗ് രണ്ട് ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു.

17ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ഫെർസ്ബെർഗാണ് ലെപ്സിഗിന് ലീഡ് നൽകിയത്. പിന്നാലെ 21ആം മിനുട്ടിൽ പൗൾസൺ ലെപ്സിഗിന്റെ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയുടെ തുടക്കത്തിൽ മറ്റേറ്റയിലൂടെ ഒരു ഗോൾ മടക്കാൻ മൈൻസിനായി എങ്കിലും ആ പ്രതീക്ഷ കുറേ സമയം നീണ്ടു നിന്നില്ല. 51ആം മിനുട്ടിൽ ഹൈദാരയിലൂടെ മൂന്നാം ഗോൾ നേടിയ ലെപ്സിഗ് മൂന്ന് പോയിന്റും ഉറപ്പിച്ചു.

Exit mobile version