ലിയോൺ ഗോരെട്സ്കയെ ടീമിലെത്തിച്ച് ബയേൺ മ്യൂണിക്ക്

ബുണ്ടസ് ലീഗ ആരാധകർ കാത്തിരുന്ന ട്രാൻസ്ഫർ ഒടുവിൽ സംഭവിച്ചു. റോയൽ ബ്ലൂസിൽ നിന്നും ജർമ്മൻ താരം ലിയോൺ ഗോരെട്സ്കയെ ബയേൺ മ്യൂണിക്ക് സ്വന്തമാക്കി. 22 കാരനായ ഗോരെട്സ്കയുടെ ഷാൽകേയുമായുള്ള കരാർ ഈ വർഷം അവസാനിക്കാനിരിക്കെ ഒട്ടേറെ അഭ്യൂഹങ്ങൾ പുറത്തു വന്നിരുന്നു. റഷ്യയിൽ കഴിഞ്ഞ വർഷം നടന്ന കോൺഫെഡറേഷൻ കപ്പിലെ തകർപ്പൻ പ്രകടനമാണ് യൂറോപ്പിലെ വമ്പന്മാരുടെ റഡാറിൽ ഗോരെട്സ്കയെ എത്തിച്ചത്. ഗോരെട്സ്ക ബുണ്ടസ് ലീഗയിൽ തന്നെ തുടരുന്നതിൽ സന്തോഷമുണ്ടെന്നായിരുന്നു ഷാൽകെ സ്പോർട്ടിംഗ് ഡയറക്ടർ പ്രതികരിച്ചത്.

ബയേണുമായി 2022 വരെയുള്ള നാല് വർഷത്തെ കരാറിലാണ് ഗോരെട്സ്ക ഒപ്പുവെച്ചത്. ഇന്നലെ അലയൻസ് അറീനയിൽ ജർമ്മൻ യുവതാരം മെഡിക്കൽ പൂർത്തിയാക്കിയിരുന്നു. നിർഭാഗ്യം പരിക്കിന്റെ രൂപത്തിൽ എത്തിയതിനെ തുടർന്നാണ് ലോക ചാമ്പ്യന്മാരായ ജോവാകിം ലോയുടെ ജർമ്മൻ ടീമിൽ നിന്നും ഗോരെട്സ്കക്ക് പുറത്ത് പോകേണ്ടി വന്നത്. 2013 ലാണ് രണ്ടാം ഡിവിഷൻ ക്ലബ്ബായ ബോചുമിൽ നിന്നും ഷാൽകേയിലേക്ക് ലിയോൺ ഗോരെട്സ്ക കൂടുമാറിയത്. ഷാൽകേയ്ക്ക് വേണ്ടി 130 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ ഗോരെട്സ്ക 19 ഗോളുകളും നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial