
ബുണ്ടസ് ലീഗയിൽ ആർബി ലെപ്സിഗിന് വിജയം. യൂറോപ്യൻ മത്സരങ്ങളിലെ തിരിച്ചടിക്ക് ശേഷം വിജയത്തോടെ ലെപ്സിഗ് തിരിച്ചെത്തിയിരിക്കുകയാണ്. അതേ സമയം ബുണ്ടസ് ലീഗ ടേബിളിൽ ഏറ്റവും താഴെയുള്ള കൊളോൻ ആയിരുന്നു ലെപ്സിഗിന്റെ എതിരാളി. യൂറോപ്പിൽ ആഴ്സണലിനോടും റെഡ് സ്റ്റാറിനോടും പരാജയമറിഞ്ഞ കൊളോണിന് ബുണ്ടസ് ലീഗയിലും തിരിച്ചടി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കൊളോനിനെ ലെപ്സിഗ് പരാജയപ്പെടുത്തിയത്.
മാച്ച് ഡേ 2ന് ശേഷം ആദ്യമായി കൊളോൻ ഗോളടിച്ച മത്സരമായിരുന്നു ഇന്നത്തേത്. ഈ സീസണിലെ കൊളോനിന്റെ മികച്ച മത്സരമായി ഇതിനെ വിശേഷിപ്പിക്കാം. എന്നാൽ ലെപ്സിഗിനെ പിടിച്ച് കെട്ടാൻ ഈ പെർഫോമൻസ് മതിയാകുമായിരുന്നില്ല. 30ആം മിനുട്ടിൽ ലൂകാസ് കോൾസ്റ്റെർമാൻ ആയിരുന്നു ലെപ്സിഗിന് വേണ്ടി ആദ്യം ഗോൾ നേടിയത്. ആദ്യ പകുതിയിൽ പിന്നീട് ഗോളുകൾ ഒന്നും പിറന്നില്ല. രണ്ടാം പകുതിയിലും അരമണിക്കുർ കഴിഞ്ഞതിന് ശേഷമാണ് ഗോൾ വീണത്. യൂസുഫ് പോൾസണിന്റെ തകർപ്പൻ ഗോളിലൂടെ ലെപ്സിഗ് ലീഡുയർത്തി. എന്നാൽ ഒരു മിനുട്ടിനു ശേഷം കൊളോൻ തിരിച്ചടിച്ചു. യുയ ഒസാകോ ഈ സീസണിലെ ആദ്യ ഗോൾ കൊളോണിന് വേണ്ടി നേടി. ബുണ്ടസ് ലീഗയിൽ ഒരു വിജയം പോലും നേടാത്ത ടീമുകളായി മാറി വേർഡർ ബ്രെമനും കൊളോനും
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial