ജർമ്മനിയിൽ ലെപ്സിസിഗും ബയേണും, ഫ്രാൻസിൽ മൊണാക്കോ

- Advertisement -

എല്ലാ പതിവുകളേയും തെറ്റിക്കാൻ ഉറച്ച് തന്നെയാണ് RB ലെപ്സിഗ് ബുണ്ടസ് ലീഗയിൽ ഇറങ്ങിയിരിക്കുന്നത്. സോഫ്റ്റ് ഡ്രിങ്ക് വിൽക്കാൻ തുടങ്ങിയ ക്ലബ് എന്ന വിമർശനങ്ങൾക്ക് കളികളത്തിൽ മറുപടി നൽകുന്ന അവർ ജർമ്മൻ ഫുട്ബോളിൻ്റെ പാരമ്പര്യത്തെ മാത്രമല്ല സാക്ഷാൽ ബയേൺ മ്യൂണിക്കിനെ വരെ വെല്ലുവിളിക്കുകയാണ്. ഫ്രയ്ബർഗിനെ ഒന്നിനെതിരെ 4 ഗോളുകൾക്ക് മറികടന്ന ലെപ്സിഗിൻ്റെ യുവസംഘം കളിച്ച 12 കളികളിൽ ഒരു മത്സരത്തിലും ഇത് വരെ പരാജയമറിഞ്ഞിട്ടില്ലെന്ന് മാത്രമല്ല എല്ലാ കളികളിലും ഗോളുകളും കണ്ടെത്തി. ഇതോടെ ബയേണു 3 പോയിൻ്റ് മുകളിൽ 30 പോയിന്റുമായി അവർ ഒന്നാമത് തുടരുകയാണ്.

കരുത്തരുടെ പോരാട്ടത്തിൽ ലെവർകൂസനെ 2 – 1 നു മറികടന്ന ബയേണായി തിയോഗയും മാറ്റ് ഹമ്മൽസുമാണ് ഗോളുകൾ കണ്ടത്തിയത്. സമനിലയിലേക്ക് പോവുമായിരുന്ന മത്സരത്തിൽ ഹമ്മൽസിൻ്റെ ഗോളാണ് ബയേണിൻ്റെ രക്ഷക്കെത്തിയത്. മുൻ മത്സരത്തിൽ ബയേണെ തോൽപ്പിച്ച ആത്മവിശ്വാസവുമായെത്തിയ ഡോർട്ട്മുണ്ടിനെ 2-1 നു തോൽപ്പിച്ച ഫ്രാങ്ക്ഫർട്ട് അക്ഷരാർത്ഥത്തിൽ അവരെ ഞെട്ടിക്കുകയായിരുന്നു. സീസണിൽ സ്ഥിരതയില്ലായ്മയാണ് ഡോർട്ട്മുണ്ടിന് വില്ലനാവുന്നത്. സീസണിൽ മികവ് പുലർത്തുന്ന ഫ്രാങ്ക്ഫർട്ട് ഇതോടെ ബയേണു പിറകിൽ മൂന്നാമതെത്തി. പരാജയത്തോടെ ഡോർട്ട്മുണ്ട് ആറാം സ്ഥാനത്തേക്ക് വീണു. ഷാൽക്ക ഇന്നിറങ്ങുമ്പോൾ മികച്ച ഫോമിലുള്ള ഹെർത്ത ബെർലിനും മെയിൻസും ഇന്ന് നേർക്കുനേർ വരും.

ഫ്രാൻസിൽ വമ്പൻമാരുടെ പോരാട്ടത്തിൽ 4-0 ത്തിനായിരുന്നു മാഴ്സക്കെതിരെ മൊണോക്കോയുടെ വിജയം. ചാമ്പ്യൻസ് ലീഗിൽ ടോട്ടനത്തെ തകർത്ത ആത്മവിശ്വാസവുമായെത്തിയ മൊണാക്കോ മാഴ്സയെ നിലം തൊടീച്ചില്ല. ഇതോടെ അവർ ലീഗ് വണ്ണിൽ ഒന്നാമതെത്തി.

ഇന്ന് ബാസ്റ്റിയെ നേരിടുന്ന നീസിന് സമനില നേടാനായാൽ പോലും ലീഗിലെ ഒന്നാം സ്ഥാനം തിരിച്ച് പിടിക്കാം. ലീഗിലെ കരുത്തരുടെ പോരാട്ടത്തിൽ ചാമ്പ്യന്മാരായ പാരിസ് സെൻ്റ് ജർമ്മൻ ലിയോണെ നേരിടും. ഇപ്പോൾ ലീഗിൽ മൂന്നാമതുള്ള പി.എസ്.ജിക്ക് ലിയോണെതിരെ വിജയം നേടേണ്ടത് കീരിട പോരാട്ടത്തിൽ നിർണ്ണായകമാണ്. നാളെ പുലർച്ചെ 1.15 നാണ് ഈ മത്സരം നടക്കുക.

Advertisement