ബയേണിനു ഭീഷണിയായി ലെപ്‌സിഗ്

- Advertisement -

ആർബി ലെപ്സിഗ് 3-1 നു കൊളോനേയും ഡോർട്ട്മുണ്ട് ഏകപക്ഷീയമായ 3 ഗോളുകൾക്ക് ഫ്രെയ്ബെർഗിനേയും ഹെർത്ത 2-0 തിനു ഫ്രാങ്ക്ഫർട്ടിനേയും പരാജയപ്പെടുത്തി. മറ്റൊരു മത്സരത്തിൽ മെയിൻസ് ലെവർകൂസനേയും (2-0) ഓഗ്സ് ബെർഗ് ഡാംസ്റ്റാഡിനേയും(2-1) പരാജയപ്പെടുത്തി.

പോയിന്റ് ടേബിളിൽ ബയേണിന് പിറകിൽ രണ്ടാമതായി സ്ഥാനം ഉറപ്പിക്കാൻ 3-1 വിജയം ലെപ്സിഗിനെ സഹായിച്ചു. അഞ്ചാം മിനുട്ടിൽ എമിൽ ഫ്രോസ്ബെർഗ് കൊളോനിന്റെ വലകുലുക്കി. ആദ്യപകുതിയിൽ തന്നെ രണ്ടാം ഗോളും വീണു പക്ഷേ ഇത്തവണ കൊളോനിന്റെ ഡൊമിനിക്ക് മരോവ തന്നെയാണു സ്വന്തം പോസ്റ്റിലേക്കടിച്ചത്. 53ആം മിനുട്ടിൽ യൂയാ ഒസാകോയിലൂടെ കൊളോൻ ഗോൾ കണ്ടെത്തി മത്സരത്തിലേക്ക് തിരിച്ചു വരാൻ ശ്രമിച്ചെങ്കിലും 65ആം മിനുറ്റിൽ  കൗണ്ടർ അറ്റാക്കിലൂടെ വെർണർ ലെപ്സിഗിന്റെവിജയം ഉറപ്പിച്ചു.

മികച്ച ഫോമിലുള്ള ഓബ്മെയാങിന്റെ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ ഡോർട്ട്മുണ്ട് ഫ്രെയ് ബെർഗിനെ നിലംപരിശാക്കി. 13ആം മിനുട്ടിൽ സോക്രട്ടീസ് ഡോർട്ട്മുണ്ടിന്റെ ആദ്യ ഗോൾ നേടി. 55ആം മിനുട്ടിലും 70ആം മിനുട്ടിലും ഓബ്മയാങ് ഫ്രെയ് ബെർഗിന്റെ വല കുലുക്കി. കഴിഞ്ഞ ഫെബ്രുവരിയിൽ ലെപ്സിഗിനെതിരെ വിജയ ഗോൾനേടിയതിനു ശേഷം ആദ്യമായാണു ഓബ്മയാങ് ഡോർട്ട്മുണ്ടിനു വേണ്ടി സ്കോർ ചെയ്യുന്നത്.

എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണു ഹെർത്ത ഫ്രാങ്ക്ഫർട്ടിനെ തോൽപ്പിച്ചത്. പത്തു പേരുമായി കളിക്കേണ്ടി വന്ന ഫ്രാങ്ക്ഫർട്ടിനു കാര്യമായൊന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. ഹെർത്തയ്ക്ക് വേണ്ടി ഇബിസെവിക്കും ദരീദയും ഗോളടിച്ചു.

ഹോം മാച്ചിൽ ദയനീയമായ തോൽവിയാണു റോജെർ ഷ്മിഡിന്റെ ബയേർ ലെവർകൂസൻ ഏറ്റ് വാങ്ങിയത്. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് മെയിൻസ് ലെവർകൂസനെ നിലം പറ്റിശാക്കി. മൂന്നാം മിനുട്ടിൽ ബെല്ലും പതിനൊന്നാം മിനുട്ടിൽ ഓസ്ടുന്നല്ലിയും മെയിൻസിനു വേണ്ടി ഗോളടിച്ചു.

ഓഗ്സ് ബെർഗ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഡാംസ്റ്റാഡിനെ പരാജയപ്പെടുത്തി. ആദ്യ പകുതിയിൽ മുന്നിട്ട് നിന്ന ഡാംസ്റ്റാഡിന്റെ പ്രതീക്ഷകൾ പെന്നിന്റേയും(55) ബോബഡില്ലയും(85) ഗോളുകൾ തല്ലിക്കെടുത്തി.

Advertisement