മൂന്നു ഗോൾ പിറകിൽ നിന്ന ശേഷം തിരിച്ചു വന്നു സമനില പിടിച്ചു ആർ.ബി ലൈപ്സിഗ്

Screenshot 20221022 215729 01

ജർമ്മൻ ബുണ്ടസ് ലീഗയിൽ വമ്പൻ തിരിച്ചു വരവിലൂടെ സമനില പിടിച്ചു ആർ.ബി ലൈപ്സിഗ്. ഓഗ്സ്ബർഗിന് എതിരെ 3 ഗോളുകൾ പിറകിൽ നിന്ന ശേഷമാണ് 70 മിനിറ്റുകൾക്ക് ശേഷം ലൈപ്സിഗ് മത്സരത്തിൽ തിരിച്ചു വന്നത്. സമനിലയോടെ ലൈപ്സിഗ് നിലവിൽ ഒമ്പതാം സ്ഥാനത്തും ഓഗ്സ്ബർഗ് പന്ത്രണ്ടാം സ്ഥാനത്തും ആണ്. റൂബൻ വർഗാസിനെ വീഴ്ത്തിയതിനു ലഭിച്ച പെനാൽട്ടി 33 മത്തെ മിനിറ്റിൽ ലക്ഷ്യം കണ്ട മെർഗിം ബെരിഷ ഓഗ്സ്ബർഗിന് മത്സരത്തിൽ മുൻതൂക്കം സമ്മാനിച്ചു. രണ്ടാം പകുതി തുടങ്ങിയ ഉടൻ തന്നെ ബെരിഷയുടെ ക്രോസിൽ നിന്നു ഹെഡറിലൂടെ എർമെദിൻ ഡെമിറോവിച് ഓഗ്സ്ബർഗിന്റെ മുൻതൂക്കം ഇരട്ടിയാക്കി.

64 മത്തെ മിനിറ്റിൽ ബെരിഷയുടെ പാസിൽ നിന്നു റൂബൻ വർഗാസ് കൂടി ഗോൾ നേടിയതോടെ ലൈപ്സിഗ് പരാജയം മണത്തു. എന്നാൽ തൊട്ടടുത്ത നിമിഷം മോശം ഫൗളിന് മഞ്ഞ കാർഡ് കണ്ട ലാഗോ പ്രതിഷേധിച്ചതിനെ തുടർന്ന് രണ്ടാം മഞ്ഞ കാർഡ് കണ്ടതോടെ ഓഗ്സ്ബർഗ് പത്ത് പേരായി ചുരുങ്ങി. 72 മത്തെ മിനിറ്റിൽ ഡൊമിനിക് സൊബോസ്ലയിയൂടെ പാസിൽ നിന്നു ഗോൾ നേടിയ ആന്ദ്ര സിൽവ ലൈപ്സിഗ് തിരിച്ചു വരവിനു തുടക്കം കുറിച്ചു. 89 മത്തെ മിനിറ്റിൽ ഫ്രീകിക്കിലൂടെ ഗോൾ കണ്ടത്തിയ ക്രിസ്റ്റഫർ എങ്കുങ്കു ലൈപ്സിഗിന് രണ്ടാം ഗോളും സമ്മാനിച്ചു. തുടർന്ന് തൊട്ടടുത്ത നിമിഷം പകരക്കാരനായി ഇറങ്ങിയ 19 കാരനായ ഹ്യൂഗോ നോവോ റാമോസിലൂടെ ലൈപ്‌സിഗ് തിരിച്ചു വരവ് പൂർത്തിയാക്കുക ആയിരുന്നു. ദീർഘകാല പരിക്കിൽ നിന്നു അവസാന പത്ത് മിനിറ്റ് ഡാനി ഓൽമ കളിക്കാൻ ഇറങ്ങിയതും ലൈപ്സിഗിന് വലിയ ഊർജം പകർന്നു.