ലീഗ് കിരീടം ഉറപ്പിക്കാൻ ഉള്ള അവസരം തുലച്ച് ബയേൺ, ഇനിയും കാത്തിരിക്കണം

20210424 210911

ഇന്ന് വിജയിച്ചാൽ ബുണ്ടസ് ലീഗ സ്വന്തമാക്കാൻ സാധിക്കുമായിരുന്ന ബയേണ് പക്ഷെ നിരാശ. ഇന്ന് മൈൻസിനെ നേരിട്ട ബയേൺ പരാജയവുമായി മടങ്ങി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു മൈൻസ് ഇന്ന് വിജയിച്ചത്. ആദ്യ പകുതിയിൽ നേടിയ രണ്ടു ഗോളുകളാണ് മൈൻസിന് വിജയം നൽകിയത്. മൂന്നാം മിനുട്ടിൽ ബുർകാടും 37ആം മിനുട്ടിൽ കൈസണും മൈൻസിനായി ഗോളുകൾ നേടി.

90ആം മിനുട്ടിൽ ലെവൻഡോസ്കി ആണ് ബയേണിന്റെ ആശ്വാസ ഗോൾ നേടിയത്‌. 30 മത്സരങ്ങളിൽ 71 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാണ് ബയേൺ ഇപ്പോഴും. രണ്ടാമതുള്ള ലൈപ്സിഗിനേക്കാൾ 10 പോയിന്റിന്റെ ലീഡ് ഇപ്പോൾ ബയേണ് ഉണ്ട്. ഇനി ലീഗിൽ അവശേഷിക്കുന്നത് ആകട്ടെ വെറും മൂന്ന് മത്സരങ്ങളാണ്. ലൈപ്സിഗ് നാളെ സ്റ്റുറ്റ്ഗർടിനോട് പരാജയപ്പെട്ടില്ല എങ്കിൽ ബയേണിന്റെ കിരീട നേട്ടത്തിനായി അടുത്ത വാരാന്ത്യം വരെ കാത്തു നിക്കേണ്ടി വരും.