ലെയ്മറിനെ വിടാതെ ബയേൺ, ബാവേറിയൻ ജേഴ്‌സി സ്വപ്നം കണ്ട് ഓസ്ട്രിയൻ താരം

ആർബി ലെപ്സിഗിന്റെ ഓസ്ട്രിയൻ താരം കോണ്രാഡ് ലെയ്മറിന് വേണ്ടിയുള്ള പ്രതീക്ഷകൾ അവസാനിപ്പിക്കാതെ ബയേൺ മ്യൂണിച്ച്. ഈ ട്രാൻസ്ഫർ വിൻഡോയിലെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായിരുന്നെങ്കിലും ഇരുപത്തഞ്ചുകാരനെ ടീമിൽ എത്തിക്കാൻ ബയേണിനായിരുന്നില്ല. ലെയ്മർ സമ്മതം മൂളിയിരുന്നെങ്കിലും ലെപ്സിഗുമായി ധാരണയിൽ എത്താൻ സാധിക്കാതെ വന്നതോടെയാണ് കൈമാറ്റം സാധ്യമാകാതെ പോയത്. എന്നാൽ ഓസ്ട്രിയൻ താരത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ അവസാനിപ്പിക്കാൻ ഒരുക്കമല്ലെന്ന സൂചനയാണ് ഫാബ്രിസിയോ റോമാനോ നൽകുന്നത്.

ടീമുമായുള്ള തന്റെ കരാറിന്റെ അവസാന വർഷത്തിലാണ് താരമുള്ളത്. 2023ഓടെ ഫ്രീ ഏജന്റ് ആവുന്ന ലെയ്മറിനെ ടീമിൽ എത്തിക്കാൻ സാധിക്കുമെന്നാണ് ബയേൺ കണക്ക് കൂട്ടുന്നത്. താരവും തന്റെ ഭാവി തട്ടകമായി ബയേണിനെ തന്നെയാണ് കാണുന്നത്. ബയേൺ കോച്ച് നെഗെൽസ്മാനാകട്ടെ കഴിഞ്ഞ വർഷം മുതൽ ലെയ്മറിനെ സ്വന്തം സംഘത്തിന്റെ ഭാഗമാക്കാനുള്ള നീക്കത്തിലുമായിരുന്നു. ഏതായാലും അടുത്ത സീസണോടെ തന്നെ ഇത് സംഭവിച്ചേക്കും.