ക്രമാറിക്കിന്റെ ഇരട്ട ഗോളിൽ ഹോഫെൻഹെയിമിന് തകർപ്പൻ ജയം

ബുണ്ടസ് ലീഗയിൽ നിലവിലെ നാലാം സ്ഥാനക്കാരും അഞ്ചാം സ്ഥാനക്കാരും ഏറ്റുമുട്ടിയപ്പോൾ ഹെർത്ത ബെർലിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഹോഫെൻഹെയിം പരാജയപ്പെടുത്തി. ലീഗ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ നാലാം സ്ഥാനത്തിനായുള്ള പോരാട്ടം കനത്തതായിരുന്നു. വിലപ്പെട്ട മൂന്ന് പോയൻറ്റുകൾ ഹോഫെൻഹെയിം സ്വന്തമാക്കി. ജർമ്മൻ ക്യാപിറ്റലിലെ ഒളിമ്പ്യാസ്റ്റേഡിയോനിൽ നടന്ന മൽസരത്തിൽ ആന്ദ്രെ ക്രമാറിക്കിന്റെ ഇരട്ട ഗോളുകൾ ഹെർത്തയുടെ പ്രതീക്ഷകളുടെ ചിറകരിഞ്ഞു.

മൽസരത്തിന്റെ ആദ്യ അരമണിക്കൂർ ഹെർത്ത ബെർലിന്റേതായിരുന്നു. സ്റ്റേഡിയം നിറഞ്ഞ് കവിഞ്ഞ ആരാധകരുടെ മുന്നിൽ വർദ്ധിച്ച വീര്യത്തോടെ ഹെർത്ത കളിച്ചു. 32ആം മിനുട്ടിൽ റൈറ്റ് ബാക്ക് പീറ്റർ പെകാരിക്കിലൂടെ ഹെർത്ത ബെർലിൻ ലക്ഷ്യം കണ്ടെത്തി. ബുണ്ടസ് ലീഗയിൽ 8 വർഷമായി തുടരുന്ന പെകാരിക്കിന്റെ ആദ്യ ഗോളായിരുന്നത്. വീണ്ടും അക്രമിച്ച് കളിച്ച ഹെർത്ത ഹോഫെൻഹെയിമിന്റെ പ്രതിരോധനിരയെ പരീക്ഷിച്ചു കൊണ്ടിരുന്നു. എന്നാൽ മാക്സ്മിലിയൻ മിറ്റിൽസ്റ്റാഡിന്റെ ഹാന്റ് ബോൾ ഹോഫെൻഹെയിമിന് അവസരം തുറന്നുകൊടുത്തു. പെനാൽറ്റിയെടുത്ത ആന്ദ്രെ ക്രമാറിക്കിന് പിഴച്ചില്ല. ഹെർത്തയുടെ ഗോളി ജാർസ്റ്റെയിനെ കബളിപ്പിച്ച് കൊണ്ട് ഗോൾ പോസ്റ്റിന്റെ കോർണറിലേക്ക് ക്രമാറിക്ക് ഗോൾ അടിച്ചു കയറ്റി. പിന്നീടങ്ങോട്ട് ആദ്യപകുതിയിൽ തീ പാറുന്ന മൽസരമായിരുന്നു. വാഗ്നെറും ഇബിസെവിക്കും തമ്മിൽ ഉരസലുകൾ ഉണ്ടായി. ചൂണ്ട് വിരലിന് പരിക്കേറ്റ വാഗ്നെർ ടീം ഡോക്ടറുടെ പരിചരണത്തിന് ശേഷം തിരിച്ചെത്തി. ആദ്യ പകുതി സമനിലയിൽ പിരിഞ്ഞു.

മിറ്റിൽസ്റ്റാഡിന്റെ ദൗർഭാഗ്യം അവസാനിച്ചിരുന്നില്ല, രണ്ടാം പകുതി തുടങ്ങി പത്ത് മിനുട്ടിനുള്ളിൽ തന്നെ ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോകേണ്ടി വന്നു. ഹെർത്തയുടെ ഈ ദൗർബല്ല്യം മുതലാക്കിയ ജൂലിയൻ നൈഗെൽസ്മാന്റെ ഹോഫെൻഹെയിം അക്രമണം ശക്തമാക്കി. ക്രമാറിക്ക് വീണ്ടും സ്കോർ ചെയ്യുമെന്ന് തോന്നിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല‌. ക്രോസ് ബാറിലും പോസ്റ്റിലും തട്ടി ഗോളകന്നു നിന്നു. ഡെമിർബേയും ഗോളിനായ് ശ്രമിച്ചെങ്കിലും ബാർ വില്ലനായി. എന്നാൽ 76ആം മിനുട്ടിൽ ഇടിത്തീ പോലൊരു ഷോട്ടിലൂടെ നിക്കൊളാസ് സുലെ ഹോഫെൻഹെയിമിന്റെ ലീഡുയർത്തി. കളിയുടെ ഗതിയെ മാറ്റിമറിച്ചൊരു ഷോട്ടായിരുന്നു അത്. 86ആൻ മിനുട്ടിൽ വാഗ്നെറുടെ ലോ ക്രോസ് ക്രമാറിക്ക് ഗോളാക്കി മാറ്റി. ക്രമാറിക്കിന്റെ രണ്ടാം ഗോളോടുകൂടി മൽസരം ഹോഫെൻഹെയിമിന്റേതായിമാറി.

ഈ പരാജയത്തോടുകൂടി ഹെർത്ത ബെർലിന്റെ അഞ്ചാം സ്ഥാനം പോകുനെന്നേതാണ്ടുറപ്പാണ്. ഇന്ന് നടക്കുന്ന മൽസരത്തിൽ ഹാംബെർഗിനെ കൊളോനിനു പരാജയപ്പെടുത്താനായാൽ ഹെർത്തയുടെ അഞ്ചാം സ്ഥാനം തെറിക്കും. കൊളോൻ അഞ്ചാമതെത്തും. ഈ വിജയത്തോടുകൂടി താൽകാലികമായി മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഹോഫെൻഹെയിം. ഇന്ന് നടക്കുന്ന റിവിയർ ഡെർബിയിൽ ഡോർട്ട്മുണ്ട് ഷാൽകേയെ നേരിടും. ചാമ്പ്യൻസ് ലീഗ് എൻട്രി ഉറപ്പാക്കാനും ലീഗയിൽ മൂന്നാം സ്ഥാനം തിരിച്ചു പിടിക്കാനും ഡോർട്ട്മുണ്ടിന് ഇന്ന് വിജയം അനിവാര്യമാണ്.

Previous articleചാമ്പ്യന്‍പട്ടം നിലനിര്‍ത്താനായി സൺറൈസേഴ്‌സ്
Next articleസാഞ്ചസിനെ റാഞ്ചാൻ ചെൽസി