primus mobile
primus mobile

ക്രാമറിക്കിന്റെ തകർപ്പൻ ഗോളിൽ ഹോഫെൻഹെയിം ബയേണിനെ അട്ടിമറിച്ചു

അസാധ്യമായി ഒന്നുമില്ലെന്ന് ഹോഫെൻഹെയിം ഇന്നലെ തെളിയിച്ചു. ബുണ്ടസ് ലീഗയിലെ ബയേൺ മ്യൂണിക്കിന്റെ അപരാജിതമായ ജൈത്രയാത്ര ഇന്നലെ ഹോഫെൻഹെയിം അവസാനിപ്പിച്ചു. റെയ്ൻ നെക്കർ അറീനയിൽ നടന്ന മൽസരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ഹോഫെൻഹെയിം ബയേൺ മ്യൂണിക്കിനെ പരാജയപ്പെടുത്തി. ആന്ദ്രെ ക്രാമറിക്കിന്റെ തകർപ്പൻ ഗോള് പരാജയമറിയാതെയുള്ള ആൻസലോട്ടിയുടേയും ബവേറിയന്മാരുടേയും 15 മാച്ചിന്റെ വിന്നിങ്ങ് സ്റ്റ്രീക്ക് തകർത്തു. ഹോഫെൻഹെയിം ക്ലബ്ബിന്റെ ചരിത്രത്തിൽ ആദ്യമായാണ് ബയേൺ മ്യൂണിക്കിനെതിരെ വിജയിക്കുന്നത്.

21 ആം മിനുട്ടിൽ ആന്ദ്രെ ക്രാമറിക്ക് ബയേൺ മ്യൂണിക്കിന്റെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്തു. ക്രാമറിക്കിന്റെ ഇടിത്തീ പോലുള്ള ഷോട്ട് സ്വെൻ അൾറിക്കിന് തടയാനായില്ല. ആൾറിക്ക് ബോൾ തടഞ്ഞെങ്കിലും ഡിഫ്ലെക്ട് ചെയ്ത് വലയിൽ കയറി. പരിക്കേറ്റ മാനുവൽ നുയെറിന് പകരമാണ് ആൾറിക്ക് ഇറങ്ങിയത്. തുടക്കത്തിൽ തന്നെ അക്രമിച്ചാണ് ഹോഫെൻഹെയിം കളിതുടങ്ങിയത്. രണ്ടാം മിനുട്ടിൽ തന്നെ പന്തുമായി കുതിച്ച ക്രമാറിക്ക് ബയേണിന്റെ പ്രതിരോധം ഭേദിക്കാൻ ശ്രമിച്ചു. നിക്കോളാസ് സുലേ ഒരു ഹെഡ്ഡറിലൂടെ ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. ടാർഗെറ്റിലേക്ക് ഒരു ശ്രമം നടത്താൻ ബവേറിയന്മാർക്ക് 13 മിനുട്ട് കാത്തിരിക്കേണ്ടി വന്നു. സാബി അലോൺസോയും വിടാലും ഹോഫെൻഹെയിം ഗോൾ കീപ്പർ ബോമാനെ പരീക്ഷിച്ചെങ്കിലും ഗോൾ വലയിൽ നിന്നുമകന്നുനിന്നു. ഹോഫെൻഹെയിം ലീഡ് നേടിയതിനു ശേഷം സെബാസ്റ്റ്യൻ റൂഡിയുടെ ഒരു തകർപ്പൻ ഷോട്ട് അൾറിക്ക് ഗംഭീരമായ സേവിലൂടെ തട്ടിയകറ്റി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ റോബർട്ട് ലെവൻടോസ്കിയിലൂടെ ബയേൺ സമനില പിടിക്കുമെന്ന് കരുതിയെങ്കിലും ബോൾ ബാറിൽ തട്ടിയകന്നു.  ഒരു ഗോളിന് വേണ്ടി ബവേറിയന്മാരുടെ അക്രമണനിര കിണഞ്ഞു ശ്രമിച്ചു കൊണ്ടിരുന്നു. ഹോഫെൻഹെയിമിന്റെ ബോമാനും ജെറെമി ടോൾജനും സ്റ്റീവെൻ സൂബെറും ബവേറിയന്മാരെ തടഞ്ഞു. അർജൻ റോബന്റെയും കിങ്സ്ലി കോമന്റേയും ശ്രമങ്ങളെ അവർ പരാജയപ്പെടുത്തി. കളിയവസാനിക്കുന്നതുവരെ സമനിലയ്ക്ക് ശ്രമിച്ച ബയേണിന് പക്ഷേ അതിന് കഴിഞ്ഞില്ല. ലെവയുടേയും അലോൺസോയുടെയും ഷോട്ടുകൾ എല്ലാം ഹോഫെൻഹെയിമിന്റെ പ്രതിരോധം തടഞ്ഞു.

29 കാരനായ ഹോഫെൻഹെയിം കോച്ച് ജുലിയൻ നാഗെൽസ്മാന്റെ കരിയറിലെ അവിസ്മരണീയമായ മൽസരമായിരിക്കുമിത്. ഈ വിജയത്തോടു കൂടി ആർ ബി ലെപ്സിഗിനു പിറകിലായി ഒരു പോയന്റ് വ്യത്യാസത്തിൽ ഹോഫെൻഹെയിം എത്തി. കഴിഞ്ഞ നവംമ്പറിനു ശേഷം ആദ്യമായാണ് ആൻസലോട്ടിയുടെ ടീം പരാജയമറിയുന്നത്. തുടക്കത്തിലെ മെല്ലപ്പോക്കാണ് ബയേണിനു വിനയായത്. ഈ ശനിയാഴ്ച്ച ഹാബർഗ് എസ്.വിയെ ഹോഫെൻഹെയിം നേരിടും. ശനിയാഴ്ച്ചത്തെ ജർമ്മൻ ക്ലാസിക്കോയിൽ ബയേൺ ഡോർട്ട്മുണ്ടിനെ നേരിടും

Leave a Comment