
ബയേൺ മ്യൂണിക്കിന്റെ പുതിയ കോച്ചായി ബൊറൂസിയ മോഷൻഗ്ലാഡ്ബാക്ക് ഇതിഹാസവും മുൻ ബയേൺ കോച്ചുമായിരുന്ന യപ്പ് ഹൈങ്കിസ് സ്ഥാനമേറ്റെടുത്തേക്കും. 72 കാരനായ യപ്പ് ഹൈങ്കിസ് നാലാം തവണയായിരിക്കും ബയേണിന്റെ കോച്ചായി സ്ഥാനമേൽക്കുന്നത്. മൂന്നാം തവണ ബയേണിന് ചാമ്പ്യൻസ് ലീഗും ജർമ്മൻ കപ്പും ബുണ്ടസ് ലീഗയും നേടിക്കൊടുത്തതിന് ശേഷമാണ് യപ്പ് ഹൈങ്കിസ് തന്റെ ക്ലബ്ബ് മാനേജിങ്ങ് കരിയറിനോട് വിടപറഞ്ഞത്. ജർമ്മൻ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഈ സീസൺ അവസാനിക്കുന്നത് വരെ ഹൈങ്കിസ് തുടരും.
PSGയോട് പാരിസിലേറ്റ പരാജയത്തിന് പിന്നാലെയാണ് ഇറ്റാലിയൻ കോച്ച് കാർലോ ആൻസലോട്ടി ബയേണിൽ നിന്നും പുറത്താകുന്നത്. പകരക്കാരനായി തോമസ് ടൂഹലിന്റെയും ജൂലിയൻ നൈഗൽസ്മാന്റെയും വാൻ ഗാലിന്റെയും പേര് ഉയർന്ന് കേട്ടിരുന്നെങ്കിലും ഒടുവിൽ ഹൈങ്കിസിനെ തിരിച്ചു വിളിക്കാൻ തീരുമാനമാകുകയായിരുന്നു. സീസൺ തുടങ്ങിയ ശേഷം ക്ലബ്ബ് വിടാൻ സാധിക്കാത്ത നൈഗൽസ്മാന് വേണ്ടിയാണ് ഹൈങ്കിസ് ചുമതലയേൽക്കുന്നതെന്ന് കരുതുന്നവരുണ്ട്. അത് യാഥാർത്ഥ്യമായൽ നൈഗൽസ്മാൻ അടുത്ത സീസണിൽ അലയൻസ് അറീനയിൽ എത്തും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial