മാഞ്ചസ്റ്റർ സിറ്റിയുടെ വണ്ടർ കിഡ് ഡോർട്ട്മുണ്ടിൽ

മാഞ്ചസ്റ്റർ സിറ്റിയുടെ വണ്ടർ കിഡ് ജേഡൻ സാഞ്ചോ ബൊറൂസിയ ഡോർട്ട്മുണ്ടിലെത്തി. 17 കാരനായ ഇംഗ്ലീഷ് താരം 8 മില്യൺ യൂറോയ്ക്കാണ് മഞ്ഞപ്പടയിലേക്കെത്തിയതെന്നു റിപ്പോർട്ടുകൾ ഉണ്ട്. ഇംഗ്ലണ്ട് റണ്ണേഴ്‌സ് അപ്പായിരുന്ന അണ്ടർ 17 യൂറോ കപ്പിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് സാഞ്ചോ. ബൊറൂസിയ ഡോർട്ട്മുണ്ടിൽ ഏഴാം നമ്പർ ജേഴ്സിയണിഞ്ഞാവും ജേഡൻ സാഞ്ചോ കളത്തിലിറങ്ങുക. റെക്കോർഡ് തുകയ്ക്ക് ബാഴ്‌സലോണയിലേക്കു പോയ ഒസ്മാൻ ഡെംബെലെയ്ക്ക് പകരമായാണ് ഏഴാം നമ്പർ സാഞ്ചോയ്ക്ക് ലഭിക്കുന്നത്.

യൂറോപ്പിലെ വളർന്നു വരുന്ന മികച്ച ടാലന്റുകളിൽ ഒരാളായ ജേഡൻ സാഞ്ചോയ്ക്ക് വേണ്ടി പ്രീമിയർ ലീഗ് ക്ലബ്ബുകളായ ആഴ്‌സണലും സ്പർസും മാഞ്ചസ്റ്റർ യുണൈറ്റഡും ശ്രമിച്ചിരുന്നു. എന്നാൽ യുവതാരത്തെ റൈവൽ ടീമുകൾക്ക് കൊടുക്കാൻ സിറ്റി സമ്മതിക്കാതിരുന്നതിനാൽ ഡോർട്ട്മുണ്ട് അവസരം വിനിയോഗിക്കുകയായിരുന്നു. പണം വലിച്ചെറിഞ്ഞ് താരങ്ങളെ സ്വന്തമാക്കുന്നതിനിടയ്ക്ക് ഇംഗ്ലണ്ടിലെ യുവ താരങ്ങളെ അവഗണിക്കുന്ന പെപ് ഗ്വാർഡിയോളയുടെ ഈ നടപടി ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങുമെന്നുറപ്പാണ്. യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിൽ സിറ്റിയും പെപും കാണിക്കുന്ന വിമുഖത ഇപ്പോൾ തന്നെ ഇംഗ്ലണ്ടിൽ ഏറെ വിമർശനങ്ങൾ നേരിട്ട് കഴിഞ്ഞു.

വാട്ട്ഫോഡിൽ കരിയർ ആരംഭിച്ച സാഞ്ചോ 2015 ൽ ആണ് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് കാലം മാറിയത്. ബുണ്ടസ് ലീഗയിൽ ഇംഗ്ലണ്ടിൽ നിന്നുള്ള മറ്റുയുവതാരങ്ങളായ കൈലിയൻ ഹിൻഡ്‌സ്,മണ്ടേല ഇഗ്‌ബോ,റീസ് ഓക്സ്ഫോർഡ് എന്നിവർക്കൊപ്പം സാഞ്ചോയും കളിക്കും. ഒട്ടേറെ സൂപ്പർ താരങ്ങളെ ഫുട്ബോൾ ലോകത്തിനു സമ്മാനിച്ച ബൊറൂസിയ ഡോർട്ട്മുണ്ട് സിറ്റിയുടെ വണ്ടർ കിഡിന് അനുയോജ്യമായ സ്ഥലമാണെന്നതിൽ സംശയമില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവെസ്റ്റിന്‍ഡീസിനെതിരെയുള്ള അയര്‍ലണ്ട് ടീമിനെ പ്രഖ്യാപിച്ചു
Next articleതമീം ഇക്ബാലിനു പിഴ