
ബുണ്ടസ് ലീഗയിൽ ഹോഫൻഹെയിമിന് പരാജയം. രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ഹോഫ്എൻഹെയിമിനെ ഫ്രയ്ബർഗ് പരാജയപ്പെടുത്തി. യൂറോപ്പ്യൻ ചാമ്പ്യൻഷിപ്പുകളിൽ ഏറ്റ പരാജയം ഹോഫൻഹെയിമിനെ ബാധിച്ച് തുടങ്ങി എന്ന് വേണം കരുതാൻ. ആദ്യ പകുതി മുതലേ കളിയിൽ മേൽക്കൈ നേടിയ ആതിഥേയരായ ഫ്രയ്ബർഗ് അർഹിച്ച വിജയമാണ് സ്വന്തമാക്കിയത്. ഫ്രയബർഗിന് വേണ്ടി റുപ്പ്,ടർക്കിഷ് താരം സോയൂൺസു,പാസ്ക്കൽ സ്റ്റെൻസ്ൽ എന്നിവർ ഗോൾ നേടി. ഹാക്സ് ആണ് ഹൊഫെൻഹെയിമിന് ആശ്വാസ ഗോൾ നേടിക്കൊടുത്തത്. അവസാന നിമിഷത്തില്‍ ഷാസ്റ്ററിന്റെ ഓൺ ഗോളാണ് മറ്റൊന്ന്.
കളി തുടങ്ങി പതിനാലാം മിനുട്ടിൽ ഫ്രയ്ബർഗ് ആരാധകരെ നിശബ്ദമാക്കിക്കൊണ്ട് ഹാക്ക്സ് സ്കോർ ചെയ്തു. എന്നാൽ അധികം വൈകാതെ അടുത്ത മിനുട്ടിൽ തന്നെ റൂപ്പ് തിരിച്ചടിച്ചു. ടർക്കിഷ് താരം സോയൂൺസുവിലൂടെ ആദ്യ പകുതിയിൽ ഫ്രയ്ബർഗ് മുന്നിട്ടു നിന്നു. ഹോഫൻഹെയിം ആക്രമണം ശക്തമാക്കിയപ്പോൾ ആദ്യമൊന്നു പകച്ച് നിന്നെങ്കിലും ഫ്രയബർഗും ശക്തമായി തിരിച്ചടിച്ചു. എണ്‍പത്തിയേഴാം മിനുട്ടിൽ സ്റ്റെൻസലിലൂടെ ഫ്രയ്ബർഗ് ലീഡുയർത്തി. ഷാസ്റ്ററിന്റെ ഓൺ ഗോൾ അധികം വൈകാതെ പിറന്നു. എന്നാൽ സമനിലപിടിക്കാനുള്ള ഹോഫൻഹെയിമിന്റെ ശ്രമം വിഫലമായി. കഴിഞ്ഞ അഞ്ചു വർഷത്തിൽ ആദ്യമായാണ് ഫ്രെയ്ബർഗ് ഹോഫൻഹെയിമിനെ പരാജയപ്പെടുത്തുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial