ബുണ്ടസ് ലീഗ റെക്കോർഡുകൾ തകർത്തു കായ് ഹാവർട്ട്സ് കുതിക്കുന്നു

ജർമ്മൻ ബുണ്ടസ് ലീഗയിൽ ജേസൻ സാഞ്ചോയെ പറ്റിയോ നിലവിൽ ഹാളണ്ടിനെ പറ്റിയോ ആളുകൾ ആഘോഷിക്കുന്ന ഒരു പേര് അല്ല കായ് ഹാവർട്ട്സിന്റേത്. 2016 ൽ ബയേർ ലെവർകുസന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി ലീഗിൽ 16 വയസ്സിൽ അരങ്ങേറിയത് മുതൽ ഹാവർട്ട്സിലെ പ്രതിഭയെ പലരും തിരിച്ച് അറിഞ്ഞിരുന്നു. ആ വർഷം അവരുടെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്‌കോറർ ആയ ഹാവർട്ട്സ് ഏറ്റവും കുറഞ്ഞ പ്രായത്തിൽ 50, 100 ബുണ്ടസ് ലീഗ മത്സരങ്ങൾ പൂർത്തിയാക്കുന്ന താരവും ആയി. ഇത് വരെ 8 തവണ ജർമ്മൻ ദേശീയ ടീമിൽ കളിച്ച താരത്തിന് ആയി പല വമ്പൻ ക്ലബുകളും നിലവിൽ രംഗത്ത് ഉണ്ട്.

ഫ്രെയ്‌ബർഗിന് എതിരെ വിജയഗോൾ നേടിയതോടെ പുതിയൊരു റെക്കോർഡ് കൂടി 20 കാരൻ ആയ ഹാവർട്ട്സ് സ്വന്തം പേരിൽ കുറിച്ചു. ബുണ്ടസ് ലീഗയിൽ 35 ഗോളുകൾ കണ്ടത്തുന്ന 21 വയസ്സിനു താഴെയുള്ള ചരിത്രത്തിലെ ആദ്യ താരമായി ഹാവർട്ട്സ് മാറി. നിലവിൽ ക്ലബിനായി വെറും 7 ഗോളുകൾ കൂടി നേടിയാൽ ലെവർകുസൻ ചരിത്രത്തിലെ ഏറ്റവും മികച്ച 10 മത്തെ ഗോൾ നേട്ടക്കാരൻ എന്ന റെക്കോർഡും ഹാവർട്ട്സിനെ തേടി വരും. 2020 തിൽ യൂറോപ്പിലെ മികച്ച 5 ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോൾ നേട്ടത്തിൽ പങ്കാളിയായ താരം കൂടിയാണ് ഹാവർട്ട്സ്.

2020 തിൽ 9 ഗോളുകളും 4 അസിസ്റ്റുകളും ആയി 13 ഗോളുകളിൽ ആണ് ഹാവർട്ട്സ് പങ്കാളി ആയത്. കൂടാതെ അവസാനം കളിച്ച 17 കളികളിൽ 12 ഗോളുകളും 7 അസിസ്റ്റുകളും കണ്ടത്താൻ താരത്തിന് ആയി. നിലവിൽ കൊറോണ വൈറസ് മൂലമുണ്ടായ ഇടവേളയ്ക്ക് ശേഷം പരിശീലകൻ പീറ്റർ ബോഷ് ഹാവർട്ട്സിനെ മുഖ്യ സ്‌ട്രൈക്കർ ആയാണ് കളിപ്പിച്ചത്‌. അതിന്റെ ഫലമായി നിലവിൽ കളിച്ച 4 കളികളിൽ നിന്നു 5 ഗോളുകൾ ആണ് താരം ഇത് വരെ ലീഗിൽ കണ്ടത്തിയത്. 100 ലേറെ ബുണ്ടസ് ലീഗ മത്സരങ്ങളിലും നിരവധി ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിലെ അനുഭവപരിചയമുള്ള വെറും 20 കാരൻ ആയ ഈ അസാധ്യപ്രതിഭയെ തേടി പൊന്നും വിലയും ആയി യൂറോപ്പിലെ വമ്പൻ ക്ലബുകൾ ഉടൻ എത്തും എന്നുറപ്പാണ്.

Previous articleവീണ്ടും ഹാവർട്ട്സ്, ലെവർകുസൻ ജയത്തോടെ ലീഗിൽ മൂന്നാമത്
Next articleഓസ്ട്രിയൻ കപ്പ് ജയിച്ച് ആർ.ബി സാൽസ്ബർഗ്