ഹസൻ സാലിഹാമിചിച് ബയേൺ മ്യൂണിക്കിന്റെ പുതിയ സ്പോർട്ടിങ് ഡയറക്ടർ

- Advertisement -

ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിന്റെ സ്പോർട്ടിങ് ഡയറക്ടറായി ഹസൻ സാലിഹാമിചിചിനെ നിയമിച്ചു. ഒരു വർഷത്തോളമായി ഒഴിഞ്ഞു കിടക്കുന്ന സ്ഥാനത്തേക്കാണ് മുൻ ബയേൺ മ്യൂണിക്ക് താരമായ സാലിഹാമിചിച് വരുന്നത്. മൂന്നു വർഷത്തെ കരാറിലാണ് 40 കാരനായ ഹസൻ സാലിഹാമിചിച് ബവേറിയന്മാരുടെ കൂടെ വീണ്ടും എത്തുന്നത്.

കഴിഞ്ഞ ജൂലൈയിൽ മതിയാസ്‌ സമ്മർ ആരോഗ്യകരണങ്ങളാൽ സ്ഥാനമൊഴിഞ്ഞതിനു ശേഷം ഇപ്പോളാണ് സ്പോർട്ടിങ് ഡയറക്ടർ സ്ഥാനത്തേക്ക് ഒരാൾ വരുന്നത്. ബോസ്‌നിയൻ നാഷണൽ ടീം അംഗമായിരുന്ന ഹസൻ സാലിഹാമിചിച് 9 സീസണുകളിലായി 350 ലേറെ മത്സരങ്ങൾ ബയേണിന് വേണ്ടി കളിച്ചിട്ടുണ്ട്. ആറ്‌ ബുണ്ടസ് ലീഗ കിരീടങ്ങളും നാല് ജർമ്മൻ കപ്പും 2001 ലെ ചാമ്പ്യൻസ് ലീഗും ബയേൺ മ്യൂണിക്കിന്റെ കൂടെ സാലിഹാമിചിചിന്റെ നേടി. ഹാംബർഗ് എസ്‌വിയിലൂടെ കളിയാരംഭിച്ച ഹസൻ സാലിഹാമിചിച് ബയേണിൽ നിന്നും യുവന്റസിലേക്കും പിന്നീട് വോൾഫ്സ്ബർഗിലേക്കും ചേക്കേറി.

ലോക ചാമ്പ്യനും മുൻ ബയേൺ മ്യൂണിക്ക് ക്യാപ്റ്റനുമായ ഫിലിപ്പ് ലാമിന്റെ പേരായിരുന്നു ആദ്യം സ്പോർട്ടിങ് ഡയറക്ടറായി ഉയർന്നു കേട്ടിരുന്നത്. എന്നാൽ ലാം സ്ഥാനമേറ്റെടുക്കാൻ വിസമ്മതിച്ചതോടെ ഗ്ലാഡ്ബാക്കിന്റെ സ്പോർട്ടിങ് ഡയറക്ടർ മാക്സ് ഏബെരിൽ ബയേണിലേക്കെത്തുമെന്നും കേട്ടിരുന്നു. പിന്നീടാണ് ബയേൺ മ്യൂണിക്ക് ക്ലബ്ബ് അംബാസിഡർ ആയ ഹസൻ സാലിഹാമിചിച് ആ സ്ഥാനത്തേക്ക് വരുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement