
ബുണ്ടസ് ലീഗയിൽ ഇന്ന് അട്ടിമറിയുടെ ദിവസം. ഒന്നാം സ്ഥാനക്കാരായിരുന്ന ബൊറൂസിയ ഡോർട്ട്മുണ്ടിനെ ആറാം സ്ഥാനക്കാരായ ഹന്നോവർ 96 അട്ടിമറിച്ചു. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് മഞ്ഞപ്പടയെ ഹന്നോവർ പരാജയപ്പെടുത്തിയത്. ഡാൻ എക്സൽ സഗഡു ചുവപ്പ് കാർഡ് കണ്ടു പുറത്തയതാണ് ഡോർട്മുണ്ടിന് തിരിച്ചടിയായത്. പത്തുപേരുമായി കളിച്ച ഡോർട്മുണ്ടിന് ഹാൻനോവറിനെ തടയാൻ സാധിച്ചില്ല. ഡോർട്മുണ്ടിന്റെ പ്രതിരോധത്തിലെ പാളിച്ചകൾ ഉയർത്തിക്കാട്ടിയാണ് ബെബോ ഇരട്ട ഗോളുകൾ നേടിയത്. ഡോർട്ട്മുണ്ടിന്റെ പ്രതിരോധത്തെക്കുറിച്ച് പീറ്റർ ബോഷ് പുനർചിന്തനം നടത്തേണ്ട സമയമായി. രണ്ടാം ഡിവിഷനിൽ നിന്നും ഇത്തവണ ബുണ്ടസ് ലീഗയിൽ എത്തിയ ഹന്നോവർ ഡോർട്ട്മുണ്ടിന്റെ ഒന്നാം സ്ഥാനത്തിന്റെ കടയ്ക്കലാണ് കത്തിവെച്ചത്.
ബുണ്ടസ് ലീഗയിൽ രണ്ടു പരാജയങ്ങൾക്കും ഒരു ജയത്തിനും ശേഷമാണ് ഹന്നോവർ പീറ്റർ ബോഷിന്റെ ഡോർട്ട്മുണ്ടിനെതിരെ ഇറങ്ങിയത്. ഓഗ്സ്ബർഗിനോട് നേടിയ വിജയത്തിന് ശേഷം ജയം കണ്ടെത്താൻ വിഷമിച്ച ഡോർട്ട്മുണ്ടിന് ഇത് തിരിച്ചടിയായി. 20 ആം മിനുട്ടിൽ ജോനാതസിലൂടെ ഹന്നോവർ ആണ് ലീഡ് നേടിയത്. അധികം വൈകാതെ സഗഡുവിലൂടെ ഡോർട്ട്മുണ്ട് സമനില നേടി. ആദ്യ പകുതി അവസാനിക്കുമ്പോൾ ബെബോവിലൂടെ ഹന്നോവർ ലീഡുയർത്തി. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ യെർമാലങ്കോ ഡോർട്മുണ്ടിന് വേണ്ടി സമനില ഗോൾ നേടി. സഗഡു ചുവപ്പ് കണ്ട് പുറത്ത് പോയതിനു ശേഷം കാളി ഹാൻനോവറിന്റെ വരുതിയിലായി. ബെബോവും വെസ്റ്റ്റ്ഗാർഡും ഹാൻനോവറിനു വേണ്ടി ഗോളടിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial