ലെപ്സിഗ്, ഡോർട്ട്മുണ്ട് തോറ്റു, അവസാനനിമിഷം രക്ഷപ്പെട്ട് ബയേൺ

അക്ഷരാർത്ഥത്തിൽ അട്ടിമറികളുടെ ദിനമായിരുന്നു ഇന്നലെ ബുണ്ടസ് ലീഗയിൽ. ഡോർട്ട്മുണ്ട്, ലെപ്സിഗ് ടീമുകൾ ഞെട്ടിക്കുന്ന പരാജയമേറ്റ് വാങ്ങിയപ്പോൾ അവസാന നിമിഷം ജയിച്ച് കേറിയ ബയേൺ ഇന്നലെ തങ്ങളുടേതാക്കി. തരം താഴ്ത്തലിൻ്റെ വക്കിൽ നിൽക്കുന്ന ഇഗ്ലോസ്റ്റാഡ് അതുഗ്രൻ പോരാട്ട വീര്യം പുറത്തെടുത്തപ്പോൾ ബയേൺ മുന്നേറ്റം മത്സരത്തിൻ്റെ ഭൂരിഭാഗം സമയവും നിശബദ്ധമായി. എന്നാൽ ജയിക്കുമെന്ന വിശ്വാസം കൈവിടാതിരുന്ന ബയേൺ 89 താം മിനിറ്റിൽ വിദാലും 91 മിനിറ്റിൽ റോബനും നേടിയ ഗോളുകളിലൂടെ മത്സരം അക്ഷരാർത്ഥത്തിൽ കൊള്ളയടിക്കുകയായിരുന്നു. ജയത്തോടെ തൊട്ടടുത്ത എതിരാളിയുമായുള്ള ലീഡ് 7 പോയിൻ്റായി ഉയർത്താനും ബയേണായി. ചാമ്പ്യൻസ്‌ ലീഗിൽ ആർസനലിനെ നേരിടാനൊരുങ്ങുന്ന ബയേണു ഈ ജയം വലിയ ആത്മവിശ്വാസം പകരും.

തരം താഴ്ത്തൽ ഭീക്ഷണി നേരിടുന്ന ഹാമ്പർഗറിനെതിരെ വലിയ ജയം ലക്ഷ്യമിട്ടിറങ്ങിയ ലെപ്സിഗിനെ കാത്തിരുന്നത് 3-0 ത്തിൻ്റെ ഞെട്ടിക്കുന്ന തോൽവിയായിരുന്നു. ഇതോടെ ബയേണിനു വെല്ലുവിളിയാവാനുള്ള ലെപ്സിഗ് പ്രതീക്ഷകൾക്ക് മങ്ങലേറ്റു. ലീഗിലെ അവസാനസ്ഥാനക്കാരായ ദമർസ്റ്റാഡാണ് ഡോർട്ട്മുണ്ടിനെ 2-1 നു അട്ടിമറിച്ചത്. ഇതോടെ ഡോർട്ട്മുണ്ടിൻ്റെ കിരീടപ്രതീക്ഷ ഏതാണ്ട് അവസാനിച്ചു. ചാമ്പ്യൻസ്‌ ലീഗിൽ ബെനിഫിക്കയെ നേരിടാനിരിക്കുന്ന ഡോർട്ട്മുണ്ട് ഇപ്പോൾ ലീഗിൽ നാലാം സ്ഥാനത്താണ്. സൂപ്പർ താരം ചിറ്റാരിറ്റയുടെ ഇരട്ട ഗോൾ മികവിൽ കരുത്തരായ ലെവർകൂസൺ ലീഗിൽ മൂന്നാമതുള്ള ഫ്രാങ്ക്ഫർട്ടിനെതിരെ 3-0 ത്തിൻ്റെ മികച്ച ജയം കണ്ടത്തി.

തരം താഴ്ത്തൽ ഭീക്ഷണി നേരിടുന്ന വെർഡർ ബ്രമനെ ബൊറുസ്സിയ മെഗ്ലദ്ബാഷ് ഒറ്റ ഗോളിന് മറികടന്നപ്പോൾ കരുത്തരായ ഹെർത്ത ബെർലിനെ 2-0 ത്തിനു തോൽപ്പിച്ച് ഷാൽക്കയും കരുത്ത് കാട്ടി. ബുണ്ടസ് ലീഗയിൽ ഇന്ന് നടക്കുന്ന മത്സരങ്ങളിൽ ഹോഫൻഹേം വോൾവ്സ്ബർഗിനേയും ഫ്രയ്ബർഗ് കോളനേയും നേരിടും. ഇന്ന് ജയിക്കാനായാൽ ഹോഫൻഹേം ഡോർട്ട്മുണ്ടിനെയും, ഫ്രാങ്ക്ഫർട്ടിനേയും മറികടന്ന് ലീഗിൽ മൂന്നാം സ്ഥാനതെത്തും.