ബയേൺ, ലെപ്സിഗ്, ഡോർട്ട്മുണ്ട് ഇറങ്ങുന്നു

Credit : Getty Images

പതിവ് പോലെ ബുണ്ടസ് ലീഗ കിരീടത്തിലേക്ക് കുതിക്കുന്ന ബയേണു വെല്ലുവിളിയാവാൻ ലെപ്സിഗിനാവുമോ എന്നതാണ് ജർമ്മനി ഉറ്റ് നോക്കുന്നത്. ചാമ്പ്യൻസ് ലീഗിൽ ആർസനലിനെ നേരിടുന്നതിനു മുമ്പുള്ള ഒരുക്കമായാവും ബയേൺ ഇഗ്ലോസ്റ്റാഡിനെതിരായ മത്സരത്തെ കാണുക. ലീഗിൽ തരം താഴ്ത്തൽ ഭീക്ഷണി നേരിടുന്ന ഇഗ്ലോസ്റ്റാഡ് ബയേണു വലിയ വെല്ലുവിളിയാവാനിടയില്ല. പരിക്കുകളാണ് ബയേണെ അലട്ടുന്നത്, കഴിഞ്ഞ കളിയിൽ റിബേറിക്കും പരിക്കേറ്റത് അവർക്ക് വിനയാകും. പ്രതിരോധത്തിൽ ജെറോം ബോട്ടങ്ങിൻ്റെ അഭാവം ഏതാണ്ട് മറികടന്ന ബയേണു മറ്റ് പറയത്തക്ക പ്രശ്നങ്ങളില്ല. ലെവൻഡോസ്ക്കി, റോബൻ എന്നിവരുടെ ഫോമാണ് ബയേണിൻ്റെ പ്രധാന കരുത്ത്. എന്നാൽ കഴിഞ്ഞ ലീഗ് മത്സരത്തിൽ ഷാൽക്കയോട് സ്വന്തം മൈതാനത്ത് സമനില വഴങ്ങിയത് അവർ മറക്കാനിടയില്ല. ചാമ്പ്യൻസ്‌ ലീഗ് മത്സരത്തിനു മുമ്പ് വമ്പൻ ജയമാവും ബയേൺ ലക്ഷ്യമിടുക. ശനിയാഴ്ച്ച രാത്രി 8 മണിക്കാണ് ഈ മത്സരം നടക്കുക.

ലീഗിൽ രണ്ടാമതുള്ള ലെപ്സിഗിൻ്റെ എതിരാളികൾ തരം താഴ്ത്തൽ ഭീക്ഷണി നേരിടുന്ന ഹാമ്പർഗറാണ്. കഴിഞ്ഞ ലീഗ് മത്സരത്തിൽ ഡോർട്ട്മുണ്ടിനോട് തോറ്റ ലെപ്സിഗ് അതിൽ നിന്ന് കരകയറാനാവും ശ്രമിക്കുക. കഴിഞ്ഞ കളിയിൽ കരുത്തരായ ലെവർകൂസനെ അട്ടിമറിച്ച ഹാമ്പർഗറിനെതിരെ കരുതി തന്നെയാവും ലെപ്സിഗ് ഇറങ്ങുക. നബി കെയ്ദ, വാഗ്നർ, കെദീര തുടങ്ങിയ യുവനിര തന്നെയാണ് ലെപ്സിഗിൻ്റെ കരുത്ത്. തരം താഴ്ത്തൽ ഭീക്ഷണി നേരിടുന്ന ദർമസ്റ്റാദിനെതിരെ വലിയ ജയമാവും ഡോർട്ട്മുണ്ട് ലക്ഷ്യമിടുക. ആമബയാഗും, റൂയിസും, ഡെമ്പേലയും, ഷുർലെയും അടങ്ങിയ ഡോർട്ട്മുണ്ട് മുന്നേറ്റം ഫോമിലേക്ക് തിരിച്ചെത്തിയത് എതിരാളികൾക്ക് നല്ല സൂചനയല്ല. ലീഗിൽ ബയേണു 12 പോയിന്റ് പിറകിൽ നാലാമതുള്ള ഡോർട്ട്മുണ്ട് ലീഗിൽ മികച്ച ഫിനിഷാണ് ലക്ഷ്യമിടുന്നത്. ശനിയാഴ്ച്ച രാത്രി 8 ന് തന്നെയാണ് ഈ രണ്ട് മത്സരങ്ങളും.

ശനിയാഴ്ച്ച പുലർച്ചെ ഒന്നിന് നടക്കുന്ന മത്സരത്തിൽ തുല്യശക്തികളായ മൈൻസും ഓഗ്സ്ബർഗും നേർക്ക് നേർവരും. ശനിയാഴ്ച്ച രാത്രി 8 നു നടക്കുന്ന മറ്റ് മത്സരങ്ങളിൽ ലെവർകൂസൻ ഫ്രാങ്ക്ഫർട്ടിനേയും, വെർഡർ ബ്രമൻ മെഗ്ലദ്ബാഷിനേയും നേരിടും. സീസണിൽ മികച്ച ഫോമിലുള്ള ഫ്രാങ്ക്ഫർട്ട് ലീഗിൽ മൂന്നാമതും ബുണ്ടസ് ലീഗ വമ്പന്മാരായ ലെവർകൂസൻ ഒമ്പതാം സ്ഥാനത്തുമാണിപ്പോൾ. തരം താഴ്ത്തൽ ഒഴിവാക്കാൻ പൊരുതുന്ന ബ്രമന് നിർണ്ണായകമാണ് മെഗ്ലദ്ബാഷുമായുള്ള പോരാട്ടം. ശനിയാഴ്ച്ച രാത്രി 11 ന് നടക്കുന്ന മത്സരത്തിൽ ഷാൽക്കയും ഹെർത്ത ബെർലിനും നേർക്ക് നേർ വരും. ലീഗിൽ ഹെർത്ത ആറാമതും ഷാൽക്ക പന്ത്രണ്ടാം സ്ഥാനത്തുമാണ്. ബുണ്ടസ് ലീഗ മത്സരങ്ങൾ സ്റ്റാർ സ്പോർട്സ് എച്ച്.ഡി ചാനലുകളിലും ഹോട്ട്സ്റ്റാറിലും തൽസമയം കാണാവുന്നതാണ്

Previous articleജയിക്കാൻ മറന്നു സൂപ്പർ, ശാസ്താ മെഡിക്കൽസ് രണ്ടു ഗോളിനു തകർത്തു
Next articleമിന്നും ഫോം തുടരാൻ നാപ്പോളി